ഇന്ത്യയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഇടമായ ബുക്ക് മൈ ഷോ വാട്ട്സ്ആപ്പുമായി ബന്ധിപ്പിച്ച് ഇടപാട് വിപുലീകരിക്കുന്നു. ടിക്കറ്റിന്റേയും ടിക്കറ്റ് ബുക്കിംഗിന്റേയും വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് വഴി അയക്കാനാണ് ബുക്ക് മൈ ഷോ പദ്ധതിയിടുന്നത്.

ബിസിനസ് സംബന്ധമായി വാട്ട്സ്ആപ്പുമായി ഇടപാട് നടത്തുന്ന ആദ്യത്തെ കമ്പനിയാണ് തങ്ങളെന്ന് ബുക്ക് മൈ ഷോ അവകാശപ്പെടുന്നു.”രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ ആശയവിനിമയത്തിനായി മുന്‍ഗണന നല്‍കന്നത് വാട്ട്സ്ആപ്പ് ആയി മാറിയിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് ടിക്കറ്റ് സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിച്ചത്”, ബുക്ക് മൈ ഷോ മേധാവി രവ്‍ദീപ് ചൗള പ്രസ്താവനയില്‍ അറിയിച്ചു.

അടുത്ത കുറച്ച് ആഴ്ച്ചകള്‍ക്കുളളില്‍ തന്നെ പദ്ധതിക്ക് തുടക്കമിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ മൊബൈല്‍ നമ്പറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായുളള സന്ദേശം/ ഇമെയിലിനൊപ്പം ക്യൂആര്‍ കോഡ് അടങ്ങിയ മൊബൈല്‍ ടിക്കറ്റ് ആണ് ലഭ്യമാകുക. നിലവില്‍ ഫോണ്‍ സന്ദേശമായും ഇമെയില്‍ സന്ദേശമായുമാണ് വിവരങ്ങള്‍ ലഭ്യമാകുന്നത്.

വാട്ട്സ്ആപ്പ് സന്ദേശം നിലവില്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഫലപ്രദമായ രീതിയില്‍ ടിക്കറ്റ് വിവരങ്ങള്‍ ലഭ്യമാക്കാമെന്നാണ് കമ്പനിയുട പ്രതീക്ഷ. ഈയടുത്താണ് ബുക്ക് മൈ ഷോവില്‍ “പ്ലാന്‍ ഇറ്റ്” എന്ന സന്ദേശ സംവിധാനം കമ്പനി ഏര്‍പ്പെടുത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സുഹൃത്തുക്കളോ കുടുംബാംഗങ്ങള്‍ക്കോ സന്ദേശം അയക്കാനുളള സൗകര്യമായിരുന്നു ആപ്പില്‍ ഒരുക്കിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ