മോസ്കോ: ലോകത്തെമ്പാടുമുള്ള രക്ഷിതാക്കളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്ലൂ വെയ്ല്‍ എന്ന ഗെയിമിന്റെ സൃഷ്ടാവ് റഷ്യയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. 26കാരനായ ഇല്ല്യ സിദറോവ് എന്നയാളാണ് അറസ്റ്റിലായതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പത് ഘട്ടങ്ങളുളള ഗെയിമിന്റെ അവസാനഘട്ടത്തിലാണ് കൗമാരക്കാരോട് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കുറിച്ച് പൊലീസ് സംസാരിച്ചപ്പോള്‍ സിദറോവ് പൊട്ടിക്കരഞ്ഞു.

കളിക്കുന്നയാളെ പതിയെ പതിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിം താനാണ് വികസിപ്പിച്ചതെന്ന് ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ട്. ബ്ലൂ വെയില്‍ എന്ന ഈ ഗെയിം കാരണം റഷ്യയില്‍ മാത്രം ഏകദേശം ഇരുന്നൂറോളം കൗമാരക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

‘ബ്ലൂ വെയ്ല്‍ എന്ന ഗെയിം നിങ്ങളുടെ കുട്ടികള്‍ കളിക്കുന്നത് കണ്ടാല്‍ തടയണമെന്നും അതിന്റെ അമ്പതാം ഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യയിലേക്കാണ് ക്ഷണിക്കുന്നതെന്നും’ നേരത്തേ അധികൃതര്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കൗമാരക്കാരായ ചിലരുടെ മരണത്തിന് പിന്നാലെ ബ്രിട്ടനിലെ ചില സ്കൂളുകളില്‍ കുട്ടികള്‍ക്കും ഗെയിമിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാതിരാത്രിയില്‍ ഹൊറര്‍ സിനിമകള്‍ കാണാനാണ് ആദ്യഘട്ടങ്ങളില്‍ ഗെയിം ചലഞ്ചായി ആവശ്യപ്പെടുക. പിന്നീട് കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ തൊലിയിലും കുത്തി മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. തെളിവായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇനി ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ ഉപയോക്താവിന് ഭീഷണി സന്ദേശമാവും ലഭിക്കുക. ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്.

നിങ്ങള്‍ ഈ ഗെയിം ഒരുവട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നതും നിങ്ങളുടെ വിവരങ്ങള്‍ മുഴുവനും ഹാക്ക് ചെയ്യപ്പെടുന്നതും മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. ഇത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ ‘ചാര്‍ലി ചാര്‍ലി’ എന്ന ഗെയിമും ജീവന്‍വെച്ചാണ് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്.

രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്‌ചീനമായി തുലനം ചെയ്‌തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ്‌ എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന്‌ “ചാര്‍ലി”യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ്‌ വിശ്വാസം. ഇത്തരം കളി ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ കൊളംബിയയില്‍ അടക്കെ ഗെയിം നിരോധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook