ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ നിർണായക മാറ്റങ്ങളാണ് ട്വിറ്ററിൽ സംഭവിക്കുന്നത്. ഇതിനിടയിലാണ് ബ്ലൂ ടിക് സബ്സ്‌സ്ക്രിപ്ഷൻ എത്തിയത്. “വരാനിരിക്കുന്ന മാസങ്ങളിൽ ട്വിറ്റർ ധാരാളം മണ്ടത്തരങ്ങൾ ചെയ്യും. ട്വിറ്റർ മുന്നോട്ട് പോകാൻ സഹായിക്കുന്ന കാര്യങ്ങൾ വീണ്ടും ചെയ്യും. അല്ലാത്തവ വേണ്ടെന്ന് വെയ്ക്കും,” ട്വിറ്ററിന്റെ ബ്ലൂ ടിക് സബ്സ്‌സ്ക്രിപ്ഷൻ ആരംഭിച്ചപ്പോൾ ട്വിറ്റർ ഉടമ എലോൺ മസ്ക് ട്വീറ്റ് ചെയ്തതാണിവ. യുഎസിൽ 8 ഡോളറിനാണ് സേവനം ലഭിക്കുന്നത്. എന്നാൽ ട്വിറ്ററിന്റെ ഈ ബ്ലൂ ടിക് സേവനം അത്രയ്ക്കങ്ങ് വർക്കായില്ലെന്നാണ് റിപ്പോർട്ട്.
ഫേക്ക് അക്കൗണ്ടുകൾക്കും ടിക് കിട്ടി
ട്വിറ്ററിലെ ബ്ലൂ ടിക് ആധികാരികതയുടെ അടയാളമാണ്. പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം പേ-ടു-ഗേറ്റ്-വെരിഫൈഡ് സ്കീം നിരവധി വ്യാജ അക്കൗണ്ടുകൾക്ക് ബ്ലൂ ടിക് ലഭിക്കുന്നതിന് കാരണമായി. യഥാർത്ഥ അക്കൗണ്ടുകളുടെ പേരിലുള്ള വ്യാജന്മാരും പണം കൊടുത്ത് ടിക് സ്വന്തമാക്കി. ആദ്യം വെരിഫൈഡ് ആയി മാറിയെങ്കിലും പിന്നീട് ഇവ സസ്പെൻഡ് ചെയ്തു.
പ്രമുഖരായ ആളുകളുടെ അക്കൗണ്ടുകളും പണം നൽകി വെരിഫൈ ആകാൻ ശ്രമിച്ചവയും ട്വിറ്റർ പരിശോധിച്ചു. അതിന് ശേഷം പ്രശസ്തരായവരുടെ പേരിന് താഴെയായി രണ്ടാമത് ഒരു ഒഫീഷ്യൽ ടിക് കൂടെ നൽകി. പ്രശസ്ത യൂടൂബർ മാർക്സ് ബ്രൗണ്‍ലി ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ ‘ഞാൻ അത് അവസാനിപ്പിച്ചു’ എന്ന് മസ്കും ട്വീറ്റ് ചെയ്തു.
പല രാഷ്ട്രതലവന്മാരുടെയും പ്രമുഖരുടെയും അക്കൗണ്ടുകളുടെ ഒപ്പവും ഈ ഒഫീഷ്യൽ ടിക് വന്നു. അധികം വൈകാതെ, അക്കൗണ്ടുകളിൽ ഇനി ഔദ്യോഗിക ടിക് നൽകുന്നില്ലെന്ന് ട്വിറ്റർ വ്യക്തമാക്കി.
ഏട്ട് ഡോളറിന് കിട്ടുന്നത്
പേരിനൊപ്പം നീല ടിക് ലഭിക്കുന്നതിന് യുഎസിൽ ഏട്ട് ഡോളറാണ് ട്വിറ്റർ ഉപയോക്താവിൽ നിന്നും ഈടാക്കിയതെന്നാണ് റിപ്പോർട്ട്. നീല ടിക്കിനൊപ്പം 140 ക്യാരക്ടർ ട്വീറ്റുകൾ, നീണ്ട കുറിപ്പുകളും വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള അനുവാദം, പോഡ്‌കാസ്റ്റ് എന്നിവയും ഉപയോക്താവിന് ലഭിക്കും.
ഇന്ത്യയിൽ എന്ന് വരും?
ട്വിറ്റർ ബ്ലൂ ഇപ്പോൾ ഐഒഎസിൽ മാത്രമാണ് ലഭ്യം. സ്ഥാപനങ്ങളുടെ അഫലിയേഷൻ, ഐഡി വേരിഫിക്കേഷൻ പോലുള്ളവ പരിശോധിച്ചുറപ്പിച്ച് ബാഡ്ജുകൾ നൽകാൻ പദ്ധതിയിടുന്നതായി മസ്ക് ട്വീറ്റ് ചെയ്തു. ഇപ്പോൾ കുറച്ചു രാജ്യങ്ങളിൽ മാത്രമാണ് എത്തുന്നതെന്നും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചതിന് ശേഷം മറ്റു പ്ലാറ്റ്‌ഫോമുകളിലേയ്ക്ക് ബ്ലൂ ടിക് വ്യാപിപ്പിക്കുമെന്നും ട്വീറ്റിൽ പറയുന്നു. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്കും നീല ടിക് വിലയ്ക്ക് വാങ്ങാം.
ഐഒഎസിൽ മാത്രമായി നൽകുന്നത് ആൻഡ്രോയിഡ് ഡെവലപ്പർ ടീമിനെ മസ്ക് പിരിച്ചുവിട്ടത് കൊണ്ടാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ എന്ന് വരുമെന്ന ചോദ്യത്തിന് ‘അടുത്തയാഴ്ച തന്നെ പ്രതീക്ഷിക്കാം’ എന്ന് മസ്ക് മറുപടി നൽകുന്നു.