ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായി ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു. നോക്കിയ 2, നോക്കിയ 3 എന്നീ 4ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
എയർടെൽ പ്രീപെയ്‌ഡ് സിം അടക്കം ലഭിക്കുന്ന 4ജി ഫോണിൽ 169 രൂപയ്ക്ക് ആദ്യം റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. 1 ജിബി വീതം 4ജി ഡാറ്റ ദിവസവും ലഭിക്കുന്ന ഈ പാക്കേജിൽ അന്തർസംസ്ഥാന കോളുകൾ അടക്കം സൗജന്യമാണ്. ക്യാഷ് ബാക്ക് ലഭിക്കുക രണ്ട് ഘട്ടമായാണ്.
ആദ്യത്തെ 18 മാസത്തിനുളളിൽ 3500 രൂപയ്ക്ക് റീചാർജ് ചെയ്താൽ ആദ്യ ഗഡുവായി 500 രൂപ ലഭിക്കും. പിന്നീടുളള പതിനെട്ട് മാസവും ഇതേ പോലെ 3500 രൂപയ്ക്ക് റീചാർജ് ചെയ്യണം. ഇങ്ങിനെ വന്നാൽ 1500 രൂപ തിരികെ ലഭിക്കും.
ക്യാഷ് ബാക്ക് ലഭിച്ചാൽ നിലവിൽ 6999 രൂപയ്ക്ക് വാങ്ങിക്കുന്ന നോക്കിയ 2 മോഡലിന് 4999 രൂപയും 9499 രൂപ വിലയുളള നോക്കിയ 3 യ്ക്ക് 7499 രൂപയുമാകും വില.
വിദേശ ഫോൺ നിർമ്മാതാക്കളുമായി ഇത് രണ്ടാം തവണയാണ് ഭാരതി എയർടെൽ ഇത്തരമൊരു ഓഫർ അവതരിപ്പിക്കുന്നത്. മുൻപ് സാംസങ്ങുമായി ചേർന്നും കമ്പനി ഇതിന് സമാനമായ ഓഫർ പ്രഖ്യാപിച്ചിരുന്നു.