തിരുവനന്തപുരം: ഗൂഗിള്‍ ഇന്‍ഡക്‌സ് ചെയ്തതിന് പിന്നാലെ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ട്രെന്‍ഡിങ്ങിലെത്തി. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ പട്ടികയിലാണ് ബെവ് ക്യു ഇടം പിടിച്ചത്. ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ബെവ് ക്യൂ.
Read Also: പനിയുണ്ടെങ്കിൽ മദ്യമില്ല; ബെവ് ക്യൂവിൽ ബുക്കിങ് നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മൂന്ന് ദിവസം മുമ്പ് ഗൂഗിള്‍ പ്ലേയില്‍ ലോഞ്ച് ചെയ്ത ആപ്പ് ഇന്നാണ് ഗൂഗിള്‍ ഇന്‍ഡെക്‌സ് ചെയ്തത്. ഇതേതുടര്‍ന്ന് ബെവ് ക്യൂ എന്ന് തിരയുമ്പോള്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. നേരത്തേ, ആപ്പിന്റെ ഗ്ലൂഗിള്‍ പ്ലേ ലിങ്കോ എപികെയോ ഉണ്ടെങ്കിലേ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ.
തുടക്കത്തില്‍ ഏറെ വിമര്‍ശനം നേരിട്ടുവെങ്കിലും മലയാളികള്‍ ബെവ് ക്യൂവിനെ ഏറ്റെടുത്തുവെന്നതിന്റെ സൂചനയാണ് പ്ലേ സ്റ്റോറിലെ ട്രെന്‍ഡിങ്. കേരളത്തില്‍ മദ്യവിതരണത്തിനുള്ള ടോക്കണ്‍ നല്‍കുന്നതിനുള്ള ഏക ആപ്പാണ് ബെവ് ക്യൂ.
ഗൂഗിള്‍ പ്ലേയില്‍ നിന്നും ഇതുവരെ ആപ്പ് 14 ലക്ഷത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്ന് നേരത്തെ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍ പറഞ്ഞിരുന്നു. ആപ്പ് വഴിയും എസ് എം എസ് സൗകര്യത്തിലൂടെയും 27 ലക്ഷം പേരാണ് ടോക്കണ്‍ എടുക്കുന്നതിനായി ബെവ് ക്യൂ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ്-19 നിര്‍വ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വഴിയും ബാറുകളില്‍ നിന്നും മദ്യ വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ ആപ്പാണ് ബെവ് ക്യൂ.
ഒരു ദിവസം 4.64 ലക്ഷം പേര്‍ക്കാണ് മദ്യം വാങ്ങുന്നതിനായി ടോക്കണ്‍ ലഭിക്കുക. അതിനായി ഒരു ദിവസം മുന്‍കൂറായി ആപ്പിലൂടെ ടോക്കണ്‍ എടുക്കണം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പിന്‍കോഡ് നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി എന്റര്‍ ചെയ്യുമ്പോള്‍ ഉപഭോക്താവിന് മദ്യം വാങ്ങേണ്ട സമയവും ഔട്ട്‌ലെറ്റും ക്യു നമ്പരും അടങ്ങുന്ന ടോക്കണ്‍ ലഭിക്കും.
ആദ്യ ദിനം ഒടിപി ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നൂറു കണക്കിന് പേര്‍ക്ക് ആപ്പില്‍ നിന്നും ടോക്കണ്‍ ജനറേറ്റ് ചെയ്യാന്‍ ആയില്ല. ഇതേതുടര്‍ന്ന് ആപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നത്.
ധാരാളം പേര്‍ ഒരേ സമയം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ടോക്കണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒടിപി അടങ്ങിയ എസ് എം എസ് അയക്കുന്നതില്‍ വന്ന പാളിച്ചയാണ് ഉപഭോക്താവിന് ടോക്കണ്‍ ജനറേറ്റ് ചെയ്യാന്‍ കഴിയാതെ പോയത്. ബള്‍ക്ക് എസ് എം എസ് സേവന ദാതാവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇതിന് കാരണമായതെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് വിശദീകരിച്ചിരുന്നു. എന്നാല്‍ വന്‍തോതില്‍ ആളുകള്‍ ആപ്പിലേക്ക് എത്തുമെന്ന് തിരിച്ചറിഞ്ഞിട്ടും അത് കൈകാര്യം ചെയ്യാന്‍ കഴിയുംവിധമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചില്ലെന്ന ആരോപണമാണ് കമ്പനിക്കെതിരെ ഉയര്‍ന്നത്.