സ്മാര്‍ട്ട്ഫോണുകളുടെ പ്രകടനം മെച്ചപ്പെടുന്നതിനൊപ്പം തന്നെ വിലയും ഉയരുന്നുണ്ട്. പക്ഷെ മറുവശത്ത് ബഡ്ജറ്റ് സൗഹൃദ ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ മടിക്കുന്നില്ല. വലിയ സവിശേഷതകള്‍ ആവശ്യമില്ലാത്ത സാധരണക്കാരെ ലക്ഷ്യമാക്കിയാണ് ഇത്തരം സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തുന്നത്.
4 ജി വരെ ലഭിക്കുകയും അത്യാവശ്യം സവിശേഷതകളുമുള്ള 8,000 രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട്ഫോണുകള്‍ പരിശോധിക്കാം.
മോട്ടൊ ഇ 13
നാല് ജിബി റാമും 64 ജിബി സ്റ്റോറേജും വരുന്ന മോട്ടൊ ഇ 13-ന് ഫ്ലിപ്കാര്‍ട്ടില്‍ 7,999 രൂപയാണ് വില. യുണിസോക് ടി 606 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച് ഡി സ്ക്രീനാണ് ഫോണില്‍ വരുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി. 10 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. ഡോള്‍ബി അറ്റ്മോസ് ഓഡിയൊ ലഭിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബഡ്ജറ്റ് സൗഹൃദ സ്മാര്‍ട്ട്ഫോണാണ് മോട്ടൊ ഇ 13.

സാംസങ് ഗ്യാലക്സി എ 03
സാംസങ് ഗ്യാലക്സി എ 03 7,950 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്. മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് വരുന്നത്. യൂണിസോക് ടൈഗര്‍ ടി606 എസ്ഒസിയിലാണ് പ്രവര്‍ത്തനം. 6.5 ഇഞ്ച് സ്ക്രീനും 5,000 എംഎഎച്ച് ബാറ്ററിയും കമ്പനി നല്‍കന്നു. 48 മെഗ പിക്സലാണ് (എംപി) പ്രധാന ക്യാമറ.

റെഡ്മി 10 എ
ക്രോമയില്‍ കേവലം 7,999 രൂപയ്ക്ക് റെഡ്മി 10 എ ലഭ്യമാണ്. മീഡിയടെക് ഹീലിയൊ ജി 25 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്നു. 4 ജി നെറ്റ്വര്‍ക്ക് പിന്തുണയുമുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഒന്നിലധികം ക്യാമറകള്‍, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍. 6.53 ഇഞ്ച് എച്ച് ഡി ഡിസ്പ്ലെയാണ് റെഡ്മി 10 എയില്‍ വരുന്നത്.

റിയല്‍മി നാര്‍സൊ 50 ഐ പ്രൈം
8,000 രൂപയില്‍ താഴെ വരുന്ന സ്മാര്‍ട്ട്ഫോണുകളുടെ പട്ടികയില്‍ ഒട്ടും പിന്നിലല്ല റിയല്‍മി നാര്‍സൊ 50 ഐ പ്രൈം. മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്ന ഫോണിന് 7,999 രൂപയാണ് വില, യൂണിസോക് ടി612 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. എട്ട് എംപിയാണ് പ്രധാന ക്യാമറ, ഒപ്പം അഞ്ച് എംപി സെല്‍ഫി ക്യാമറയും വരുന്നു. 6.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലെയാണ് 50 ഐ പ്രൈമിന് കമ്പനി നല്‍കിയിരിക്കുന്നത്.

നോക്കിയ സി 20 പ്ലസ്
ആന്‍ഡ്രോയിഡ് യുഐ വരുന്ന 8,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണാണ് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നോക്കിയ സി 20 പ്ലസ് നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും. രണ്ട് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് വരുന്നത്. യുണീസോക് എസ് സി 9863 എ പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. എട്ട് എംപിയാണ് പ്രധാന ക്യാമറ. രണ്ട് എംപി സെല്‍ഫി ക്യാമറയും വരുന്നു. 4,950 എംഎഎച്ചാണ് ബാറ്ററി.
