നിങ്ങൾ മാനസിക സമ്മർദ്ദവും ഉത്കണ്ഠ പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടോ? എന്നാൽ ഇന്ത്യയിലെയും സംസ്ഥാനത്തെയും അതിതീവ്ര കോവിഡ് വ്യാപനം മൂലം ഇവ രണ്ടും അനുഭവിക്കുന്ന ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. ഇത്തരം മാനസിക ബുദ്ധിമുട്ടുകളിലൂടെ ഇപ്പോൾ കടന്ന് പോകുന്നവർക്ക് ഒരു പരിധി വരെ ആശ്വാസം നൽകുന്ന ചില ആപ്പുകളുണ്ട്. പ്രത്യേകിച്ച് ഉത്കണ്ഠ പ്രശ്നങ്ങളുള്ളവർക്ക് ഉപയോഗിക്കാവുന്നത്. മനസിനെയും ചിന്തകളെയും നിയന്ത്രിക്കാനും ഉത്കണ്ഠ പ്രശ്നങ്ങൾ കുറക്കാനും സഹായിക്കുന്ന ചില മികച്ച ആപ്പുകളെയാണ് താഴെ പരിചയപ്പെടുത്താൻ പോകുന്നത്. ഇവയുടെ പൂർണമായ ഫീച്ചറുകൾ ലഭിക്കണമെങ്കിൽ സബ്‌സ്‌ക്രിപ്ഷൻ എടുക്കേണ്ടതുണ്ടെന്നും ഓർമിപ്പിക്കട്ടെ.
ഹെഡ്സ്പേസ് (Headspace)
മെഡിറ്റേഷനും മനസിനെ നിയന്ത്രിക്കുന്നതിനുമായി നിർമ്മിച്ചിരിക്കുന്ന, ഇന്ന് ലഭ്യമായ ആപ്പുകളിൽ ഏറ്റവും നല്ല ആപ്പാണ് ഹെഡ്സ്പേസ്. വളരെ മികച്ച അനിമേഷനുകളും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസിലാകുന്ന തരത്തിലുള്ള ഡിസൈനുമാണ് ഈ ആപ്പിന്റെത്. ഇതിൽ നിങ്ങൾ സൈൻ അപ്പ് ചെയ്യുകയാണെങ്കിൽ കുറച്ചധികം ഫീച്ചറുകൾ നിങ്ങൾക്ക് സൗജന്യമായി ലഭിക്കും. നിങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഏതുമാകട്ടെ അതിനുള്ള പരിഹാരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. സന്തോഷം കണ്ടെത്തുന്നതിനും, നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നതിനും സമാധാനത്തോടെ ഇരിക്കുന്നതിനുമുൾപ്പടെ ഗർഭ സമയത്ത് ഉണ്ടാകുന്ന മാനസിക അസ്വസ്ഥതകളെ വരെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ക്ലാസുകൾ ഹെഡ്സ്പേസിൽ ലഭിക്കും.
നിങ്ങളുടെ തീവ്രമായ വികാരങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള വിദഗ്ധരുടെ നിർദ്ദേശങ്ങളും ആപ്പിൽ ലഭ്യമാണ്. ഇതിനോടൊപ്പം വേഗം പൂർത്തീകരിക്കാവുന്ന ചില വർക്ക്ഔട്ടുകളും, മാനസിക ആരോഗ്യം നിലനിർത്തുന്ന വ്യായാമ മുറകൾ അടങ്ങിയ വിഡിയോകളും ലഭിക്കും. അതുകൂടാതെ ‘സ്ലീപ് സെക്ഷൻ’ എന്നൊരു വിഭാഗവും ആപ്പിൽ നല്കിയിട്ടുണ്ട്. ഇതിൽ നല്ല കഥകളും, ഉറങ്ങാൻ സഹായിക്കുന്ന പാട്ടുകളും, ചില വ്യായാമങ്ങളും, ശ്വസനരീതികളും ഉൾപ്പെടുന്നു.
മാസം 120 രൂപയാണ് ഈ ആപ്പിന്റെ സബ്സ്ക്രിപ്ഷൻ തുക. ഏഴ് ദിവസത്തെ ഫ്രീ ട്രയലും ഈ ഒരു മാസത്തെ സബ്സ്ക്രിപ്ഷനിൽ നൽകുന്നുണ്ട്. ഇതിന്റെ വാർഷിക വരിക്കാരാവാൻ 890 രൂപയാണ് നൽകേണ്ടത്. ഇതിനു 14 ദിവസത്തെ ഫ്രീ ട്രയലാണ് നൽകുന്നത്.
Read More: കോവിഡ് വാക്സിനേഷനു ശേഷമുള്ള പ്രതികൂല ഫലങ്ങളും മരണങ്ങളും: ഇതുവരെയുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്
വൈസ (Wysa)
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ചാറ്‌ബോട്ടാണ് വൈസ എന്ന ആപ്പിലെ പ്രധാന ഘടകം. നിങ്ങൾക്ക് ആ ബോട്ടിനോട് സംവദിക്കാനും നിങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനും സാധിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ കേട്ട് നിങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനും, നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാനും ഇതിലെ ചാറ്റ്ബോട്ട് സഹായിക്കും. ഈ ആപ്പ് തുറക്കുമ്പോൾ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ലഭിക്കും. സെല്ഫ് കെയർ എന്ന ഒന്നും, തെറാപ്പിസ്റ്റ് എന്ന ഒന്നും.
സെല്ഫ് കെയർ എന്ന ഓപ്ഷനാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ ചാറ്റ്ബോട്ട് നിങ്ങൾക്ക് ആത്മീയമായ ചില ധ്യാന മുറകൾ പറഞ്ഞു തരുകയും, മനസിനെ പാകപ്പെടുത്താൻ കഴിയുന്ന ചില ശബ്‌ദശകലങ്ങൾ നൽകുകയും, നിങ്ങൾക്ക് നിങ്ങളുടെ മാനസിക പ്രശ്നത്തെ മറികടക്കുന്നതിനുള്ള ചില മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകളെ മറികടക്കാനുള്ള മാർഗങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു മാനസിക ആരോഗ്യ വിദഗ്ധനുമായി സംസാരിക്കാനുള്ള ഓപ്ഷനും ഈ ആപ്പ് നൽകുന്നുണ്ട്. ഇതിനു ഓരോ സെക്ഷനും നിശ്ചിത ഫീസ് ഉണ്ടായിരിക്കുന്നതാണ്. ഒരാഴ്ചത്തെ ലൈവ് സെഷന് 749 രൂപയാണ് നൽകേണ്ടത്. ഇതിൽ ഹിന്ദി ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന വിദഗ്ധരായ തെറാപ്പിസ്റ്റുകളെയാണ് നിങ്ങൾക്ക് മാത്രമായി ലഭിക്കുക. അവർക്ക് പരിധിയില്ലാതെ മെസ്സേജുകൾ അയക്കാനും നിങ്ങൾക്ക് സാധിക്കും.
കാം (Calm)
ആൻഡ്രോയിഡിലും ഐഓസിലും ലഭിക്കുന്ന ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പാണ് കാം. മാനസിക സമ്മർദ്ദങ്ങൾ, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് വിദഗ്ധരുടെ നിർദ്ദേശങ്ങൾ നിങ്ങൾക്ക് ഈ ആപ്പിലൂടെ ലഭിക്കും. ഇതിൽ ‘ക്വിക്ക് ആൻഡ് ഈസി’ എന്നൊരു സെക്ഷനും, മെന്റൽ ഫിറ്റ്നസ് സെക്ഷനും നൽകിയിട്ടുണ്ട്. ക്വിക്ക് ആൻഡ് ഈസി സെക്ഷനിൽ, ദേഷ്യം ഉത്കണ്ഠ എന്നിവ കുറക്കുന്നതിനും, ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുന്നതിനും ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. മെന്റൽ ഫിറ്റ്നസ് സെക്ഷനിൽ ശബ്‌ദശകാലങ്ങളാണ് നൽകിയിരിക്കുന്നത്.
മുതിർന്നവർക്കായി രാത്രി കേൾക്കാവുന്ന കഥകൾ സ്ലീപ് സെക്ഷനിൽ നൽകിയിട്ടുണ്ട്. വൈസയിലെ പോലെ സംവദിക്കാനുള്ള മാർഗങ്ങൾ ഇതിൽ നല്കിയിട്ടില്ലെങ്കിലും. നിങ്ങളുടെ മനസികാരോഗ്യത്തിന് സഹായിക്കുന്ന വലിയ ഓഡിയോ ലൈബ്രറി നൽകിയിട്ടുണ്ട്. ഒപ്പം രാവിലെയും വൈകുന്നേരവും ചെയ്യാവുന്ന വ്യായാമ മുറകളടങ്ങിയ ‘കാം ബോഡി’ സെക്ഷനും നൽകിയിരിക്കുന്നു.
ഇതിനെല്ലാം പുറമെ വിദഗ്ധരുടെ ഓഡിയോ പ്രോഗ്രാമുകളും ഈ ആപ്പിൽ ലഭിക്കും. ഏഴ് ദിവസത്തെ ഫ്രീ ട്രയൽ ഈ ആപ്പ് നൽകുന്നുണ്ട്. ഏതെങ്കിലും ബാങ്ക് കാർഡ് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്താൽ മാത്രമാണ് നിങ്ങൾക്ക് ഫ്രീ ട്രയൽ ലഭിക്കുക. ഏഴ് ദിവസത്തിനു ശേഷം നിങ്ങൾക്ക് വേണമെങ്കിൽ സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കാവുന്നതുമാണ്. കാം ആപ്പ് ഒരു വർഷത്തേക്ക് സബ്സ്ക്രൈബ് ചെയ്യുന്നതിന് 2,949 രൂപയാണ് നൽകേണ്ടത്. കൂടുതൽ ഫീച്ചറുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ 7,500 രൂപ വരെ ഒരു വർഷത്തേക്ക് വന്നേക്കാം.