ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ കമ്പനിയെതെന്ന ചോദ്യത്തിന് പെട്ടന്നുള്ള ഉത്തരം ഷവോമി എന്നായിരിക്കും. ജനപ്രിയ ബ്രാൻഡായ റെഡ്മിയുടെ മാതൃകമ്പനിയായ ഷവോമിയല്ല രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ കമ്പനിയെന്നാണ് കണക്കുകൾ പറയുന്നത്. അത് ബിബികെയാണ്.

സാധാരണക്കാർ അധികം കേൾക്കാൻ സാധ്യതയില്ലാത്ത ബിബികെ എന്നാൽ പ്രമുഖ ബ്രാൻഡുകളായ ഒപ്പോ, വിവോ, റിയൽമി, വൺപ്ലസ്, ഐക്യു എന്നിവയുടെ മാതൃകമ്പനിയാണ്. റെഡ്മിയോടൊപ്പം തന്നെ ജനപ്രീതി നേടിയ ഒപ്പോയും വിവോയും റിയൽമിയുമൊക്കെയാണ് ബിബികെയെ രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ കമ്പനിയാക്കുന്നത്.

ഇന്ത്യൻ മാർക്കറ്റിന്റെ 43 ശതമാനവും ഒപ്പോ, വിവോ, റിയൽമി എന്നീ ബ്രാൻഡുകളാണ് കയ്യടക്കി വച്ചിരിക്കുന്നത്. റെഡ്മിക്ക് 28 ശതമാനം മാത്രമാണ് പങ്കാളിത്തമുള്ളത്. ഹോങ് കോങ് ആസ്ഥനമായി പ്രവർത്തിക്കുന്ന മാർക്കറ്റ് റിസേർച്ച് കമ്പനിയായ കൗണ്ടർപോയിന്റ് തയ്യാറാക്കിയ 2019 അവസാന പാദത്തിലെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

കൗണ്ടർപോയിന്റിന്റെ റിപ്പോർട്ട് പ്രകാരം ചൈനീസ് കമ്പനിയായ ബിബികെ ഇലക്ട്രോണിക്സാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ഫോൺ കമ്പനി. എന്നാൽ ഫിൻലൻഡ് ആസ്ഥാനമായ നോക്കിയ 2007ൽ സ്വന്തമാക്കിയ 58 ശതമാനം മാർക്കറ്റ് വിഹിതത്തിലേക്ക് ഇനിയും ബിബികെയ്ക്ക് വളരെ ദൂരമുണ്ട്.

എങ്ങനെയാണ് ഷവോമിയെയും നോക്കിയെയും പിന്തള്ളി ബിബികെ ഇലക്ട്രോണിക്സ് രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ കമ്പനിയായതെന്നത് ചോദ്യമാണ്. അതിനുള്ള ഉത്തരം ഒരേ ഫീച്ചറുകളോട് കൂടിയ വ്യത്യസ്ത മോഡലുകൾ പല ബ്രാൻഡുകളിലായി ഇറക്കാൻ ബിബികെയ്ക്ക് സാധിക്കുന്നുവെന്നത് കൊണ്ടാണ്. പ്രീമിയം ബ്രാൻഡായി വൺ പ്ലസും മാർക്കറ്റിൽ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ ബ്രാൻഡുകളിൽ മുൻനിരയിൽ തന്നെയാണ് ഒപ്പോയുടെയും വിവോയുടെയും സ്ഥാനം. രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലായാണ് കമ്പനികളുടെ പ്രവർത്തനം. എന്നാൽ രണ്ട് കമ്പനികളും ലക്ഷ്യമിടുന്നത് ഒരേ ഉപഭോക്താക്കളെയാണ്. ഒരേ ഫീച്ചറുകളും വിലയുമാണ് രണ്ട് ബ്രാൻഡുകളുടെയും പല മോഡലുകൾക്കുമെന്നതും എടുത്ത് പറയണം.

രണ്ട് ബ്രാൻഡുകളും പരസ്യത്തിനും ഏറെ പ്രാധാന്യം നൽകുന്നു. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമാണ് പലപ്പോഴും പരസ്യ മോഡലുകളായി എത്തുന്നത്. ഓൺലൈൻ മാർക്കറ്റിനൊടൊപ്പം തന്നെ ഓഫ്‌ലൈൻ വിപണിയിലും സാനിധ്യം ശക്തമാക്കാൻ ഈ കമ്പനികൾക്കായി. ഇതുവഴി സാധാരണക്കാരിലേക്ക് അതിവേഗം എത്തിച്ചേരാനും സാധിച്ചു.

ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 33 ശതമാനം വിപണി വിഹിതവുമായാണ് വൺപ്ലസ് കരുത്ത് കാട്ടിയത്. ഇന്ത്യയില്‍ ഒരു വര്‍ഷം 2 ദശലക്ഷം കയറ്റുമതി മറികടക്കുന്ന ആദ്യത്തെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡാകാനും വണ്‍പ്ലസിനായി. ‘2019 ഞങ്ങള്‍ക്ക് ശ്രദ്ധേയമായ വര്‍ഷമായിരുന്നു. ഞങ്ങള്‍ കൈവരിച്ച ഓരോ നാഴികക്കല്ലും സാങ്കേതിക വിദ്യയിലെ മികവിനായുള്ള ഞങ്ങളുടെ പരിശ്രമത്തെ ശക്തിപ്പെടുത്തുന്നതാണ്. ആയാസ രഹിതവും മികച്ചതുമായ ഉപയോക്തൃ അനുഭവം സൃഷ്ടിക്കുന്നതില്‍ ഞങ്ങള്‍ മികച്ച സേവനം തുടരും.’ വണ്‍പ്ലസ് സ്ഥാപകനും സി.ഇ.ഒയുമായ പീറ്റ്‌ലോ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook