കര്‍ശനമായ സേവന വ്യവസ്ഥകളോടുകൂടി പ്രവര്‍ത്തിക്കുന്ന പോണ് സൈറ്റുകള്‍ നിരോധിക്കുന്നത് ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണെന്ന്, കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഡല്‍ട്ട് എന്റര്‍ടെയിന്‍മെന്റ് നെറ്റ്വര്ക്കായ പോണ്‍ഹബ്ബിന്റെ വൈസ് പ്രസിഡന്റ് കൊറി പ്രൈസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. നിയമവിരുദ്ധമായ ഉള്ളടക്കം അടങ്ങിയ അപകടകരമായ പോണ് സൈറ്റുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 827 പോണ് സൈറ്റുകള്‍ നിരോധിക്കാനുള്ള ടെലികോം ഡിപ്പാർട്മെന്റിന്റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിന്റെ അനന്തരഫലം എന്താണെന്ന് നിര്‍ണയിക്കാന്‍ ഇപ്പോള്‍ കഴിയില്ല, പക്ഷെ ട്രാഫിക് നന്നായി കുറഞ്ഞിട്ടുണ്ടെന്നും കൊറി പ്രൈസ് പറയുന്നു. പോണ് ഹബ്ബ് ഉപയോക്താക്കളില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അലക്സ റാങ്കിങ് പ്രകാരം ലോകത്തെ ഏറ്റവും ജനപ്രിയ വെബ്സൈറ്റുകളില്‍ 29-ാം സ്ഥാനമാണ് പോണ്‍ഹബ്ബിന്. കൂടാതെ ഇതിലെ ഏക അഡല്‍റ്റ് എന്റര്‍ടെയിന്‍മെന്റ് വെബ്സൈറ്റുമാണിത്.
ഇന്ത്യയില്‍ പോര്ണോഗ്രാഫിക്കെതിരായോ, അഡല്‍ട്ട് ഉള്ളടക്കമുള്ള ചിത്രങ്ങള്‍ കാണുന്നതിനോ യാതൊരു നിയമവും നിലനില്‍ക്കുന്നില്ലെന്നും പ്രൈസ് പറയുന്നു.
‘രാജ്യത്തെ വളരെ ഗൗരവമേറിയതും വ്യവസ്ഥിതവുമായ ഒരു പ്രശ്നത്തിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ പക്കല്‍ യാതൊരു പരിഹാരവുമില്ല എന്നത് വളരെ വ്യക്തമാണ്. അതിനാല്‍ അവര്‍ ഞങ്ങളുടേതു പോലുള്ള വെബ്സൈറ്റുകള്‍ക്കു മേല്‍ കുറ്റം ചുമത്തുകയാണ്,’ പ്രൈസ് പറയുന്നു. സര്‍ക്കാരിന്റെ ഈ സെന്‍സര്‍ഷിപ്പ് നയത്തോടും പോണ് സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തോടും അങ്ങേയറ്റം വിയോജിക്കുമ്പോഴും, തങ്ങള്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പോണ്ബഹബ്ബ് വൈസ് പ്രസിഡന്റ് പറയുന്നു.
‘സര്‍ക്കാരിന്റെ ഏതുവിധത്തിലുള്ള ആശങ്കകളേയും അഭിസംബോധന ചെയ്യാനും അതിന് പരിഹാരം കണ്ടെത്താനും അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.’ അഡല്‍ട്ട് ഉള്ളടക്കങ്ങള്‍ തേടുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ നിയമവിരുദ്ധമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന അപകടകരമായ പോണ് സൈറ്റുകളിലേക്ക് പോയേക്കാം എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
‘പാരെന്റല്‍ നിയന്ത്രണങ്ങളും കര്‍ശനമായ സേവന വ്യവസ്ഥകളുമുള്ള ഇത്തരം സൈറ്റുകള്‍ നിരോധിക്കുന്നത് ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നിര്‍ണയിക്കാന്‍ യാതൊരു മാര്‍ഗങ്ങളും ഇല്ലെങ്കിലും, വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്(വിപിഎന്‍) ട്രാഫിക് വര്‍ധനവിനുള്ള സാധ്യതയുണ്ടെന്നും, ഐപി അഡ്രസ് മറച്ചുവച്ചുകൊണ്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വിപിഎന്‍ ഉപയോക്താക്കളെ സഹായിക്കുന്നുവെന്നും പ്രൈസ് പറയുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, 827 പോണ് സൈറ്റുകള്‍ നിരോധിക്കാന്‍ വിവരസാങ്കേതിക മന്ത്രാലയും ടെലികോം ഡിപ്പാർട്മെന്റിന് നിർദേശം നല്‍കിയത്.