മെൽബൺ: ഹെഡ്​ഫോൺ പൊട്ടിത്തെറിച്ച്​ വിമാന യാത്രക്കാരിക്ക്​ പരുക്കേറ്റു​. ബീജിങിൽ നിന്ന്​ മെൽബണിലേക്കുള്ള വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരിക്കാണ്​ ബാറ്ററി ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന മൊബൈൽ ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച് പരുക്കേറ്റത്.

രണ്ട്​ മണിക്കൂറിലേറയായി പാട്ട്​ കേട്ടുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്ന് യുവതി പറഞ്ഞു. എഴുന്നേറ്റപ്പോള്‍ മുഖം പൊള്ളിയതായി തനിക്ക് അനുഭവപ്പെട്ടെന്നും ഇവര്‍ പറയുന്നു. കഴുത്തിന് ചുറ്റിലായി ഉണ്ടായിരുന്ന ഹെഡ്ഫോണ്‍ അപ്പോഴും തീപിടിച്ച് കത്തുകയായിരുന്നു. ഉടനെ തന്നെ താന്‍ അത് നിലത്തേക്ക് വലിച്ചെറിഞ്ഞെന്നും യുവതി പറയുന്നു.

എയര്‍ഹോസ്റ്റസുമാര്‍ ബക്കറ്റ് നിറയെ വെള്ളം എടുത്ത് വന്നാണ് തീയണച്ചത്. കവിളും, വായയും മൂക്കും പൊള്ളിയ യുവതിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ കൈക്ക് പൊള്ളലേല്‍ക്കുകയും പുരികവും മുടിയും കരിയുകയും ചെയ്തിട്ടുണ്ട്.​

പൊട്ടിത്തെറിച്ച ഹെഡ്ഫോണില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനത്തിലെ മറ്റ്​ യാത്രക്കാർക്കും അസ്വസ്​ഥതകളുണ്ടായതായി റിപ്പോർട്ടുകളുണ്ട്​. സാംസങ്ങി​ന്റെ നോട്ട്​ 7 മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ ഈ മോഡലിന്​ വിമാനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹെഡ്​ഫോൺ പൊട്ടിതെറിച്ച വാർത്തകളും പുറത്ത്​ വരുന്നത്.

മൊബൈല്‍ഫോണും ടാബ്‍ലെറ്റുകളും പൊട്ടിത്തെറിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് വിമാന അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ