ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നിരോധനം നിലവിൽ വന്നതോടെ ടിക്ടോക്കും എക്സെൻഡറും ഉൾപ്പടെ 59 ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു കളഞ്ഞു. ദൈനംദിന ജീവിതത്തിൽ ഒരു സാധാരണക്കാരൻ പല തരത്തിൽ ഉപയോഗിച്ചുക്കൊണ്ടിരുന്ന ആപ്ലിക്കേഷനുകളാണ് പെട്ടന്ന് അപ്രതീക്ഷിതമായത്. എന്നാൽ ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനം ഇന്ത്യൻ ആപ്ലിക്കേഷനുകളുടെ ജനപ്രീതി വർധിപ്പിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചിങ്കാരിയും മിട്രോണുമടക്കമുള്ള ആപ്ലിക്കേഷനുകളുടെ ഡൗൺലോഡിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മിട്രോൺ ആപ്ലിക്കേഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. തുടക്കത്തിൽ വലിയ വിമർശനങ്ങൾ നേരിട്ടെങ്കിലും വേഗം തന്നെ ട്രാക്കിലെത്താൻ മിട്രോണിനായി. പ്രത്യേകിച്ച് ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തിന് പിന്നാലെ. നിലവിൽ ഇന്ത്യയിൽ മാത്രം 17 മില്ല്യൺ ആളുകളാണ് മിട്രോൺ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

Also Read: ഹാക്ക് ചെയ്ത വാട്സാപ്പ് അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം

ഉപയോക്താക്കൾ 10 വ്യത്യസ്ത ഭാഷകളിലായി ദശലക്ഷക്കണക്കിന് വീഡിയോകൾ അപ്‌ലോഡ് ചെയ്തുവെന്നും പ്ലാറ്റ്‌ഫോമിൽ കണ്ട വീഡിയോകളുടെ എണ്ണം കുത്തനെ വർദ്ധിച്ച് മണിക്കൂറിൽ 24 ദശലക്ഷം വീഡിയോ വ്യൂസ് മറികടന്നുവെന്നും മിട്രോൺ കമ്പനി അധികൃതർ വ്യക്തമാക്കി.

ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തിന്റെ ആദ്യ 24 മണിക്കൂറുകളിൽ മാത്രം 2.5 ലക്ഷം പേരാണ് ബോലോ ഇന്ത്യ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തത്. ഒരുകൂട്ടം ആളുകൾ മാറിയത് റൊപോസോ എന്ന് ആപ്ലിക്കേഷനിലേക്കാണ്. 65 മില്ല്യൺ ഇന്ത്യൻ ഉപയോക്താക്കളാണ് നിലവിൽ കമ്പനിക്കുള്ളത്.

Also Read: Best phones under Rs 20,000: 2,0000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ

ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമുകളിൽ വലിയ പ്രചാരം നേടിയ മറ്റൊരു ആപ്ലിക്കേഷനാണ് ചിങ്കാരി. ടിക്ടോക് നിരോധനത്തോടെ ഈ ആപ്ലിക്കേഷനും ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കാൻ സാധിച്ചു. പത്ത് മില്ല്യൺ ആളുകളാണ് ചിങ്കാരി ഡൗൺലോഡ് ചെയ്തതെങ്കിൽ ഷെയർചാറ്റ് ഉപയോക്താക്കളുടെ എണ്ണം 100 മില്ല്യണായി വർധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook