ബാഴ്സിലോന: ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ തലയുയര്‍ത്തി സാംസങിന്റെ ഗാലക്സി എസ്9ഉം എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ ഫോണുകളും. സാംസങിന്റെ ഫ്ലാഗ്ഷിപ് ഫോണുകളായ ഗാലക്സി എസ് 9, ഗാലക്സി എസ് 9 പ്ലസ് എന്നിവ മാര്‍ച്ച് 16 മുതല്‍ വിപണിയില്‍ എത്തും. ഏറെ മികവ് പുലര്‍ത്തുന്ന ക്യാമറയോടെ വരുന്ന രണ്ട് മോഡലുകള്‍ ആപ്പിളിന്റെ ഐഫോണ്‍ എക്സ്, ഐഫോണ്‍ 8 സീരീസുകളോട് കിടപിടിക്കുന്നതാണെന്നാണ് അവകാശവാദം.
ഐറിസ് സ്കാനർ, ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് ഡിറ്റക്‌ഷൻ തുടങ്ങിയവയുടെ സുരക്ഷാമികവ് ആണ് പുതിയ വേർഷനുള്ളത്. എസ് 9 ക്യാമറയിൽ നിരവധി പുതുമകളാണ് സാംസങ് പരീക്ഷിച്ചിരിക്കുന്നത്.
ഡ്യുവൽ ക്യാമറയുള്ള ആദ്യത്തെ എസ് സീരീസ് ഫോൺ ആണിത്. നോട്ട് 8ലെപ്പോലെ രണ്ട് 12 മെഗാപിക്സൽ ക്യാമറകളാണ് എസ് 9 പ്ലസിലുള്ളത്. ആപ്പിൾ ഐഫോണിൽ അവതരിപ്പിച്ച അനിമോജിക്കു പകരം സാംസങ് എസ്9ൽ അവതരിപ്പിച്ചിരിക്കുന്നത് എആർ ഇമോജികളാണ്.
ഗാലക്സി എസ് 9 മോഡലിൽ 5.8 ഇഞ്ച് സ്ക്രീൻ വലുപ്പവും 18:9 സ്ക്രീൻ അനുപാതത്തിലുള്ള സ്ക്രീനുമാണ് ഉള്ളത്. 4 ജിബി റാം ഉള്ള എസ്9ൽ 64 ജിബി ഇന്റേണൽ മെമ്മറിയുണ്ട്. ഫ്രണ്ട് ക്യാമറ 8 മെഗാപിക്സൽ. ഗാലക്സി എസ് 9 പ്ലസിൽ സ്ക്രീൻ വലുപ്പം 6.2 ഇഞ്ചാണ്. 6 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി. 3500 മില്ലി ആംപിയർ ബാറ്ററി.
അതേസമയം നിലവില്‍ നോക്കിയ ബ്രാന്റിന് കീഴില്‍ എച്ച്എംഡി അഞ്ച് ഫോണുകളാണ് ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പുറത്തിറക്കിയത്. ഫ്ലാഗ്ഷിപ് ഫോണായ നോക്കിയ 8 സിറോക്കോ ആമ് ഇതില്‍ കേമന്‍. ഡ്യൂവല്‍ കര്‍വ്ഡ് ഡിസ്പ്ലേ ആമ് ഫോണിനുളളത്. നോക്കിയ 7, നോക്കിയ 6, നോക്കിയ 1 എന്നിവയും പുറത്തിറക്കി.
മാര്‍ച്ച് 1 വരെയാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ് നടക്കുക. . ജനുവരിയിലെ ലാസ്വേഗസിലെ കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ടെക് മാമാങ്കമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. സിഇഎസില്‍ കണ്‍സപ്റ്റ് മോഡലുകളും, ഹോം അപ്ലേയ്സന്‍സും ഒക്കെയാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നതെങ്കില്‍ ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസ് വേദി പൂര്‍ണ്ണമായും മൊബൈലിലും അതിന്‍റെ ടെക്നോളജിക്കും വേണ്ടിയാണ്.
സാംസങ്ങ്, വാവ്വെ, നോക്കിയ, സോണി, അസ്യൂസ് ഇങ്ങനെ ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെ അതികായന്മാര്‍ എല്ലാം ഇവിടെ തങ്ങളുടെ പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കുന്നു. അതായത് ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അടുത്ത ഒരു കൊല്ലത്തെ പൂരത്തിന് കൊടികയറുന്നത് ബാഴ്സിലോനയിലാണെന്ന് ചുരുക്കം.
പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫോണുകളുടെ ഒരു നിര തന്നെ ഇറക്കിയ ആപ്പിളിന് തിരിച്ചടി കൊടുക്കാന്‍ സാംസങ്ങ് തിരഞ്ഞെടുത്തിരിക്കുന്നത് ബാഴ്സിലോനയിലെ ഡബ്യൂഎംസിയാണ്. അതേ സാംസങ്ങിന്‍റെ ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നീ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ മൊബൈല്‍ കോണ്‍ഗ്രസിന്‍റെ ആദ്യദിവസമാണ് പുറത്തിറക്കിയത്. മോട്ടറോളയുടെ ജി സീരിസിലെ പുതിയ ഫോണ്‍, എല്‍ജി വി പരമ്ബരയിലെ പുതിയ ഫോണ്‍, അസ്യൂസ് സെന്‍ഫോണ്‍ 5 ലൈറ്റ് എന്നിവയും പുറത്തിറക്കി.