/indian-express-malayalam/media/media_files/uploads/2022/10/apple-iphone.jpg)
ഫോൾഡബിൾ ഐഫോണുകൾ വിപണിയിലെത്താൻ വൈകിയേക്കും. ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചിട്ട് വർഷങ്ങളായെങ്കിലും ആപ്പിൾ ഈ സാങ്കേതികവിദ്യ ഇനിയും ഐഫോണുകളിൽ പരീക്ഷിച്ചിട്ടില്ല. എന്നാൽ രണ്ട് വർഷകാലയളവിൽ ഇത് യാഥാർഥ്യമായേക്കും. സിഎൻബിസി റിപ്പോർട്ട് പ്രകാരം ഫോൾഡബിൾ ഐപാഡാകും ആപ്പിൾ ആദ്യം വിപണിയിലെത്തിക്കുക. തുടർന്ന് 2025 ൽ ഫോൾഡബിൾ ഐഫോണും.
സാംസങ്, ഹുവായ് തുടങ്ങിയ ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ സ്വീകരിച്ച സമീപനത്തിൽ നിന്നും വ്യത്യസ്തമാണ് ആപ്പിളിന്റെ ഈ തീരുമാനം. വിവിധ സീരീസുകളും വിലയും ഒന്നിലധികം ലോഞ്ചുകളുമുള്ള ആൻഡ്രോയിഡ് ഫോണുകളുടെ സ്ഥാനത്ത് പരമാവധി നാല് ഐഫോണുകൾ മാത്രം, അതും ഒരേ 'സീരീസിന്റെ' ഭാഗമായി പ്രതിവർഷം ഇറക്കുന്ന ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആകസ്മികവുമല്ല.
“ഇപ്പോൾ ആപ്പിൾ ഫോൾഡബിൾ ഐഫോൺ നിർമ്മിക്കുന്നതിൽ അർത്ഥമില്ല. പകരം ഐപാഡിൽ ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതുതന്നെയാണ് അവർക്ക് നല്ലത്. കൂടാതെ ഒരു ഫോൾഡബിൾ ഐഫോൺ എന്നത് ആപ്പിളിനെ സംബന്ധിച്ചിടത്തോളം വലിയൊരു റിസ്ക് കൂടിയാണ്. മറ്റു ഐഫോണുകളുടെ വില്പനയെ ബാധിക്കാതിരിക്കണമെങ്കിൽ അത്രത്തോളം വിലയുള്ളവയായിരിക്കുകയും വേണം ഈ ഫോൾഡബിൾ ഐഫോണുകൾ,” സിസിഎസ് ഇൻസൈറ്റിലെ ഗവേഷണ മേധാവി ബെൻ വുഡ് സിഎൻബിസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
ഇതുകൊണ്ടുതന്നെ ആദ്യത്തെ ഫോൾഡബിൾ ഐഫോണിന് ഏകദേശം 2,500 ഡോളർവരെ വിലയുണ്ടാകുമെന്നും ഇത് ഗാലക്‌സി ഇസഡ് ഫോൾഡ് സീരീസിന്റെ ഏകദേശം ഇരട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ആപ്പിൾ ഈ പരീക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും വുഡ് നിർദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.