ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ നാളെ മുംബൈയില്‍ തുറക്കും. ജിയോ വേള്‍ഡ് മാളില്‍ 22,000 സ്ക്വയര്‍ ഫീറ്റിലാണ് സ്റ്റോര്‍. രണ്ടാമത്തെ സ്റ്റോര്‍ ഒരുങ്ങിയിരിക്കുന്നത് ഡല്‍ഹിയിലാണ്. വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ സ്റ്റോര്‍ ഉപയോക്താക്കള്‍ക്കായി തുറന്ന് നല്‍കുന്നത്.
“ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് അവരുടെ താത്പര്യം അനുസരിച്ച് ലഭ്യമാക്കുന്നതിനാണ് സ്റ്റോര്‍ നിർമ്മിച്ചിരിക്കുന്നത്,” ബാന്ദ്ര കുർള കോംപ്ലക്‌സിൽ സ്റ്റോർ തുറക്കുന്നതിന് മുന്നോടിയായി ആപ്പിൾ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡന്റ് ഡെയ്‌ഡ്രെ ഒബ്രിയൻ പറഞ്ഞു.
20 ഭാഷകള്‍ സംസാരിക്കുന്ന 100 സ്റ്റാഫുകളാണ് മുംബൈയിലെ സ്റ്റോറിലുള്ളത്. ദുബായി, ലണ്ടണ്‍ തുടങ്ഹിയ പ്രധാന നഗരങ്ങളിലുള്ളതിന് സമാനമാണ് സ്റ്റോറിന്റെ നിര്‍മ്മിതി. ഫോട്ടോഗ്രാഫി, സംഗീതം, ഗെയിമിംഗ്, ആപ്പ് ഡെവലപ്‌മെന്റ് എന്നിവയ്‌ക്കായുള്ള സെഷനുകൾ ഉൾപ്പെടെയുള്ള വർക്ക്‌ഷോപ്പുകളും ഇവന്റുകളും ആപ്പിൾ നല്‍കും.

ഇന്ത്യയിൽ കാലുറപ്പിക്കുന്നതിലൂടെ ആപ്പിൾ പോലുള്ള ബ്രാൻഡുകൾക്ക് ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും കഴിയും. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 65 ശതമാനത്തിലധികം 35 വയസിന് താഴെയുള്ളവരാണെന്നതും ആപ്പിളിന്റെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ സാധ്യതകള്‍ ഉയര്‍ത്തുന്നു.

ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റില്‍ ആകെ ഇടിവ് സംഭവിക്കുമ്പോഴും ആപ്പിളിന്റെ വളര്‍ച്ച ഇരട്ടിയായിരുന്നു. ആപ്പിളിന്റെ പഴയ മോഡലുകള്‍ക്ക് പോലും ആവശ്യക്കാര്‍ ഏറെയാണെന്നതാണ് ഇതിന് പിന്നിലെ പ്രധാന കാര്യങ്ങളിലൊന്ന്.