ഐഫോണുകൾ യുഎസ്ബി പോർട്ടിലേക്ക് മാറണമെന്ന യൂറോപ്യൻ യൂണിയന്റെ നിയമത്തോട് ആപ്പിൾ യോജിക്കേണ്ടതുണ്ടെന്ന് മാർക്കറ്റിങ് ചീഫ് ഗ്രെഗ് ജോസ്‌വിയാക് പറഞ്ഞു. മറ്റു നിയമങ്ങൾ പോലെ ഈ നിയമവും കമ്പനി നടപ്പാക്കുമെന്നും ജോസ്‌വിയാക് അറിയിച്ചു. എന്നാൽ എപ്പോഴാകും ലൈറ്റ്നിങ് മാറ്റി പുതിയ ചാർജർ വരികയെന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു. കാലിഫോർണിയയിലെ ലഗുണ ബീച്ചിൽ നടന്ന വാള്‍ സ്ട്രീറ്റ് ജേർണലിന്റെ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചാർജറിനെ ചൊല്ലി ആപ്പിളും യൂറോപ്യൻ യൂണിയനും മുൻപും തർക്കത്തിലായിരുന്നു. വർഷങ്ങൾക്ക് മുൻപ് ആപ്പിൾ മൈക്രോ-യുഎസ്ബിയിലേക്ക് മാറണമെന്ന് യൂറോപ്യൻ അധികാരികൾ പറഞ്ഞിരുന്നു. എന്നാൽ ആ മാറ്റം ഉണ്ടായിരുന്നുവെങ്കിൽ ഐഫോണിന്റെ നിലവിലെ ചാർജിങ് പോർട്ടായ ലൈറ്റ്നിങ് യുഎസ്‌ബി-സി പോർട്ടോ കണ്ടുപിടിക്കില്ലായിരുന്നു.
വയർലെസ് ചാർജിങ്ങിലേക്ക് മാറുന്നതിനു മുൻപുള്ള ഒരു താത്കാലിക ഉപായം മാത്രമായിരിക്കും ആപ്പിളിന്റെ യുഎസ്ബി-സി പോർട്ടിലേക്കുള്ള മാറ്റം. അടുത്ത വർഷം തന്നെ യുഎസ്ബി-സി പോർട്ടിലേക്ക് ഐഫോണുകൾ മാറ്റാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ടെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ 2024ലാണ് നിയമം പ്രാബല്യത്തിൽ വരുക. ആപ്പിളിന്റെ തന്നെ മാക്ക്, ഐപാഡ്, അക്‌സെസ്സറിസ് എന്നിവ നേരത്തെ തന്നെ ലൈറ്റ്നിങ്ങിൽ നിന്ന് യുഎസ്ബി-സി പോർട്ടിലേക്ക് മാറ്റിയിരുന്നു.
അതുപോലെ എന്നെങ്കിലും മാക്കിൽ ടച്ച് സ്ക്രീൻ സേവനം ലഭ്യമാകുമോ എന്ന് ആപ്പിൾ സോഫ്റ്റ്‌വെയർ എൻജിനീറിങ്ങിന്റെ സീനിയർ വൈസ് പ്രസിഡന്റായ ക്രെയ്ഗ് ഫെഡെറിക്കിയോട് ചോദിച്ചപ്പോൾ, “ആർക്കറിയാം?”എന്നാണ് അദ്ദേഹം മറുപടി നൽകിയത്.