ന്യൂഡൽഹി: മേയ്ക്ക് ഇൻ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ മൊബൈൽ നിർമ്മാണ രംഗത്ത് ആപ്പിളും കടന്നുവരുന്നു. ബെംഗളൂരുവിലെ പ്ലാന്റുമായി ബന്ധപ്പെട്ട പദ്ധതി രൂപരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. എന്നാൽ കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കുന്നതിന് കന്പനി ആവശ്യപ്പെട്ടിരിക്കുന്ന നികുതിയിളവുകളിൽ എന്ത് നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
മേയ്ക്ക് ഇൻ ഇന്ത്യ പ്രചാരണത്തിലൂടെ ഇന്ത്യയിൽ മൊബൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്ന ആപ്പിൾ ഇതിനുള്ള രൂപരേഖ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എന്നാൽ നികുതിയിളവുകൾ ആവശ്യപ്പെട്ടുള്ള ആപ്പിൾ മാനേജ്മെന്റിന്റെ അപേക്ഷ ഏത് വിധത്തിലാവും കേന്ദ്രം സ്വീകരിക്കുയെന്നതാണ് ഇപ്പോഴുയരുന്ന സംശയം. ബെംഗളൂരുവിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന ആപ്പിൾ, നിർമ്മാണത്തിനും അസംസ്കൃത വസ്തുക്കൾക്കും മുഴുവനായും നികുതി ഇളവ് വേണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള സാംസഗ്, ഇന്ത്യൻ കന്പനികളായ മൈക്രോമാക്സ്, ലാവ, ഇൻടെക്സ്, എന്നിവരും ചൈനയിൽ നിന്നുള്ള ക്സിയോമി, ജിയോണി, ലെനോവോ എന്നീ കന്പനികളും നേരത്തേ തന്നെ മേയ്ക്ക് ഇൻ ഇന്ത്യ കന്പനിയുടെ ഭാഗമായിരുന്നു.
ഉത്തർപ്രദേശിലെ നോയ്ഡയിൽ 1997 മൊബൈൽ നിിർമ്മാണ യൂണി്റ് ആരംഭിച്ച സാംസഗ് 90 ശതമാനം ഉൽപ്പാദനവും ഇന്ത്യയിലാണ് നടത്തുന്നത്. 2007 ൽ തമിഴ്നാടിലെ ശ്രീപെരുംബത്തൂരിൽ എൽ.ഇ.ഡി ടെലിവിഷൻ, എയർ കണ്ടീഷണർ എന്നിവയ്ക്കായി മറ്റൊരു യൂണിറ്റും ഇവർ തുറന്നു.
ഫോക്സ്കോണുമായി ചേർന്ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് 2015 ആഗ്സതിൽ മൊബൈൽ നിർമ്മാണ യൂണിറ്റ് ആരംഭിച്ചതാണ് ക്സിയോമി. തങ്ങളുടെ റെഡ്മി 3എസ്, റെഡ്മി 3എസ് പ്രൈം എന്നിവ ഇന്ത്യയിലാണ് നിർമ്മിച്ചത്. 2016 മാർച്ചിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ക്സിയോമി വിറ്റഴിച്ച 75 ശതമാനം സ്മാർട്ട്ഫോണുകളും നിർമ്മിച്ചത് ഇന്ത്യയിലാണ്.
ഫോക്സ്കോണിന്റെ തന്നെ പങ്കാളിത്തത്തോടെ ജിയോണിയും വിശാഖപട്ടണത്ത് മൊബൈൽ നിർമ്മിക്കുന്നുണ്ട്. ഹുവാവേ 2017 അവസാനത്തോടെ മുപ്പത് ലക്ഷം യൂണിറ്റ് നിർമ്മാണ ശേഷി ചെന്നൈയിലെ പ്ലാന്റിൽ കൈവരിക്കുമെന്ന് വ്യക്തമാക്കി.
നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെന്നൈയിലെ പ്ലാന്റിൽ ലെനോവോ യും മോട്ടോറോളയും മൊബൈലുകൾ നിർമ്മിക്കുന്നുണ്ട്. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന ഡിസ്പ്ലേ, ബാറ്ററി, ചിപ്പ് എന്നിവ യോജിപ്പിക്കുന്ന ജോലി മാത്രമാണ് ഇന്ത്യയിലെ കേന്ദ്രങ്ങളിൽ നടക്കുന്നത്. വരും വർഷങ്ങളിൽ ഇതിൽ സമൂലമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.