ആപ്പിൾ ഐഫോണുകളിൽ 5ജി സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ഡിസംബറിൽ ലഭ്യമാകുമെന്ന് കമ്പനി. രാജ്യത്ത് 5ജി സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആപ്പിൾ, സാംസങ്, മറ്റു സ്മാർട്ട്ഫോൺ കമ്പനികളുമായി കൂടിക്കാഴ്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കെയാണ് ആപ്പിളിന്റെ പ്രസ്താവന.
“ഉപയോക്താക്കൾക്ക് മികച്ചൊരു 5ജി അനുഭവം ലഭ്യമാക്കുന്നതിനായുള്ള ശ്രമത്തിലാണ്. ഇന്ത്യയിലെ ടെലികോം പങ്കാളികളുമായി ചേർന്നുള്ള നെറ്റ്വർക്ക് ഗുണനിലവാര പരിശോധനകൾ പൂർത്തിയായാലുടൻ ഇത് യാഥാർഥ്യമാകും. ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴിയാകും 5ജി സേവനങ്ങൾ ഉപയോക്താക്കളിലേക്കെത്തുക. ഈ അപ്ഡേറ്റ് ഡിസംബറിൽ ഉണ്ടാകും,” ആപ്പിൾ തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
ഉപയോക്താക്കളുടെ ആസ്വാദനുഭവത്തെ സംബന്ധിച്ചിടത്തോളം ആപ്പിൾ പൊതുവെ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാറില്ല, അതിനാലായിരിക്കണം ഈ പരിശോധനകൾക്ക് സമയമെടുക്കുന്നത്.
നിലവിൽ, ആപ്പിളിന്റെ ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12 സീരീസ് ഫോണുകളും ഐഫോൺ എസ് ഇ (തേർഡ് ജനറേഷൻ) മോഡലുകളും 5 ജി സപ്പോർട്ട് ചെയ്യുന്നവയാണ്. ഡിസംബറിൽ ഈ മോഡലുകളിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ലഭ്യമാകും.
ഒക്ടോബർ ഒന്നുമുതലാണ് രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. പല ടെലികോം കമ്പനികളും തിരഞ്ഞെടുത്ത നഗരങ്ങളിൽ ഈ സേവനങ്ങൾ പരീക്ഷിച്ചുവരികയാണ്.
“ആപ്പിൾ നിലവിൽ ഇന്ത്യയിൽ 5ജി പരീക്ഷിച്ചു വരികയാണ്. അവർക്കായി ഞങ്ങൾ പ്രത്യേക നെറ്റ്വർക്കുകൾ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ” എയർടെൽ ചീഫ് ടെക്നോളജി ഓഫീസർ രൺദീപ് സെഖോൺ പറഞ്ഞു. മറ്റ് മിക്ക സ്മാർട്ട്ഫോൺ നിർമ്മാതാക്കളും എയർടെൽ പുറത്തിറക്കിയ 5ജി സേവനങ്ങളെ ഇതിനകം പിന്തുണയ്ക്കുന്നുണ്ടെന്നും സെഖോൺ അഭിപ്രായപ്പെട്ടു.