ന്യൂഡൽഹി: 2020 ൽ പുതിയ രണ്ട് ഐഫോൺ SE 2 മോഡലുകൾ പുറത്തിറക്കാൻ ആപ്പിൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. രണ്ടാംതലമുറ ഐഫോൺ SE 2 മോഡൽ ഈ വർഷം അവസാനമോ 2021 ന്റെ തുടക്കത്തിലോ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ഐഫോൺ SE 2 മോഡലുകൾക്ക് യഥാക്രമം 5.5 ഇഞ്ച്, 6.1 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയായിരിക്കും. അതോടൊപ്പം ആപ്പിൾ ഐഫോൺ SE 2 പ്ലസിന്റെ ഡിസ്‌പ്ലേയിൽ ഒരു ചെറിയ നോച്ചും ടച്ച് ഐഡിയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

ഐഫോൺ SE 2 പ്ലസിന്റെ ഉയർന്ന പതിപ്പ് 2021 ൽ എത്തുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ അറിയിച്ചു. അതേസമയം, ചെറിയ പതിപ്പായ ഐഫോൺ SE 2 ഈ വർഷം ആദ്യ പാദത്തിൽ വിപണിയിൽ എത്തുമെന്നും ഐഫോൺ 8 ന്റെ അതേ രൂപകൽപ്പനയായിരിക്കും ഫോണിനുണ്ടാവുകയെന്നും കുവോ സൂചിപ്പിച്ചു.

Read Also: ഈ വർഷം സ്‌മാർട്ട്‌ഫോൺ വിപണിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ

ജനപ്രിയ മോഡലായ 4 ഇഞ്ച് ഐഫോൺ SE യുടെ പിൻ‌ഗാമി മോഡലിന് ഐഫോൺ 8ന് സമാനമായ 4.7 ഇഞ്ച് സ്‌ക്രീനുമായാകും വിപണിയിൽ എത്തുക. കൂടാതെ പുതിയ സ്മാർട്ട്‌ഫോണിന് ആപ്പിളിന്റെ A13 പ്രോസസറാണ് കരുത്ത് പകരുന്നത്. ഇത് ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയിലും ഇടംപിടിച്ചിട്ടുണ്ട്. 3 ജിബി റാമായിരിക്കും ഇതിൽ വാഗ്‌ദാനം ചെയ്യുക.

ഐഫോൺ SE 2 മോഡലിന്റെ 64 ജിബി സ്റ്റോറേജ് പതിപ്പിന് ഏകദേശം 28,000 രൂപയോളമായിരിക്കും വിപണി വില. സ്‌പേസ് ഗ്രേ, സിൽവർ, റെഡ് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്നും കുവോ നേരത്തെ വ്യക്തമാക്കിയിരുന്നു.

2020 ൽ ആപ്പിൾ ആറ് ഐഫോൺ മോഡലുകൾ പുറത്തിറക്കുമെന്നാണ് സൂചന. അതിൽ രണ്ടെണ്ണം എൽസിഡി മോഡലുകൾ (ഐഫോൺ SE 2, ഐഫോൺ SE 2 പ്ലസ്) ആയിരിക്കും. ബാക്കി നാലെണ്ണത്തിലും ഒ‌എൽ‌ഇഡി സ്ക്രീൻ ലഭിക്കും. അതേസമയം, നാല് ഐഫോൺ മോഡലുകൾക്ക് മാത്രമേ 5G പിന്തുണ ലഭിക്കുകയുള്ളൂ.

Read Also: ഇന്ത്യയിലും ഒന്നാമൻ; 2019 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ഇതാണ്

5.8 ഇഞ്ച് ഐഫോൺ 11 പ്രോയ്ക്ക് പകരമായി എത്തുന്ന ഒ‌എൽ‌ഇഡി ഐഫോൺ 2020 മോഡലിന് 5.4 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കും. മറ്റൊരു ഒ‌എൽ‌ഇഡി മോഡലിന് 6.1 ഇഞ്ച് സ്‌ക്രീനും ലഭിക്കും. രണ്ട് വകഭേദങ്ങൾക്കും ഡ്യുവൽ റിയർ ക്യാമറകളുണ്ടാകും. മൂന്നാമത്തെ ഒ‌എൽ‌ഇഡി ഐഫോൺ 2020 മോഡലിന് 6.1 ഇഞ്ച് സ്‌ക്രീനും നാലാമത്തെ മോഡലിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയുമുണ്ട്. 6.1 ഇഞ്ച്, 6.7 ഇഞ്ച് ഐഫോൺ 2020 മോഡലുകളിൽ ട്രിപ്പിൾ ക്യാമറകളാകും വാഗ്‌ദാനം ചെയ്യുക. ഇവയ്ക്ക് പിന്നിൽ പുതിയ 3D ടൈം ഓഫ് ഫ്ലൈറ്റ് സെൻസറും ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook