ആപ്പിൾ ഐഫോൺ എക്സ്, 13-ഇഞ്ച് മാക്ബുക്ക് പ്രോവിന്റെയും സാങ്കേതിക തകരാറുകൾ ആപ്പിൾ കമ്പനി സ്ഥിതീകരിച്ചു. കാലിഫോർണിയയിലെ ടെക്നോളജി കമ്പനിയായ കൂപർടീനോ ഐഫോൺ എക്സിന്റെ ചില യൂണിറ്റുകളിലെ ടച്ച് സ്ക്രീൻ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ചില ഫോണുകൾ ടച്ച് ചെയ്യാതെയും പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മാസങ്ങൾക്ക് മുമ്പ് തന്നെ ഓൺലൈൻ ടെക് പോർട്ടലുകളിൽ ഐഫോൺ എക്സിന്റെ ടച്ച് സ്ക്രീൻ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ കൊല്ലം നവംബർ മാസത്തിലാണ് ഐഫോൺ എക്സ് വിപണിയിലെത്തിയത്. എന്നാൽ ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്ആർ എന്നീ മോഡലുകൾ സെപ്റ്റംബറിൽ പുറത്തിറങ്ങിയതിനാൽ ഐഫോൺ എക്സ് വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു.
ഐഫോൺ എക്സിനെ കൂടാതെ 13-ഇഞ്ച് മാക്ബുക്ക് പ്രോവിനും സാങ്കേതിക പ്രശ്നങ്ങൾ ആപ്പിൾ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മാക്ബുക്കിന്റെ ചില യൂണിറ്റുകളിൽ ഡാറ്റാ നഷ്ടമാകുകയും ഡ്രൈവുകൾക്ക് തകരാറും നേരിടുന്നുണ്ടെന്ന് ആപ്പിൾ കമ്പനി അധികൃതർ പറഞ്ഞു. ജൂൺ 2017-2018 കാലയളവിലാണ് 128 ജിബി/ 256ജിബി സ്റ്റോറേജ് സൗകര്യമുള്ള ലാപ്പ്ടോപ്പ് കമ്പനി വിറ്റഴിച്ചത്. സാങ്കേതിക പ്രശ്നനങ്ങൾ നേരിടുന്ന ലാപ്പ്ടോപ്പുകൾ എത്രയും പെട്ടന്ന് സർവ്വീസ് ചെയ്യാൻ കമ്പനി നിർദേശിച്ചു.
സാങ്കേതിക തകരാർ നേരിടുന്ന ഐഫോൺ എക്സിന്റെ സ്ക്രീൻ സൗജന്യമായി മാറ്റി നൽകുമെന്നും, മാക്ബുക്ക് പ്രോവിന്റെ തകരാർ സൗജന്യമായി പരിഹരിക്കുമെന്നും ആപ്പിൾ കമ്പനി അധികൃതർ പറഞ്ഞു. ആപ്പിൾ അധികൃതർ ഐഫോൺ എക്സിന്റെ സ്ക്രീനിന്റെ തകരാർ പരിഹരിക്കുന്നത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. മുൻപ് ഐഫോൺ 6നും സ്ക്രീനിന് തകരാർ നേരിട്ടിരുന്നു. അന്നും സ്ക്രീൻ മാറ്റി നൽകിയിരുന്നു.