കൃത്യമായി ടച്ച് പ്രവർത്തിക്കുന്നില്ലെന്ന് ഐഫോൺ എക്സ് ഉപഭോക്താക്കളുടെ പക്കൽനിന്നും നിരവധി പരാതികൾ ഉയർന്നിരുന്നു. കൂടാതെ മാക്ബുക്ക് പ്രോവിനും ചില തകരാറുകൾ സ്ഥിരീകരിച്ചു. ഐഫോൺ എക്സിന്റെയും മാക്ബുക്കിന്റെയും തകരാറുകൾ ചില ടെക് പോർട്ടലുകൾ ആദ്യമേ തന്നെ റിപ്പോർട്ട് ചെയ്തതാണ്. പിന്നീട് തകരാറുകൾ സ്ഥിരീകരിച്ച് കൊണ്ട് ആപ്പിൾ രംഗത്തുവരികയും സൗജന്യമായി തകരാറുകൾ പരിഹരിക്കുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. ആപ്പിളിന്റെ സപ്പോർട്ട് പേജിൽ ഐഫോൺ എക്സിന്റെയും മാക്ബുക്ക് പ്രോവിന്റെയും തകരാർ പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഡിസ്‌പ്ലെ മൊഡ്യൂളിലെ കംപോണന്റിന്റെ തകരാർ മൂലമാണ് ഐഫോൺ എക്സിന്റെ ടച്ച് സ്ക്രീൻ കൃത്യമായി പ്രവർത്തിക്കാത്തതെന്നാണ് ആപ്പിൾ കമ്പനി അധികൃതർ പറയുന്നത്. നിലവിൽ എത്ര ഫോണുകൾക്ക് ഈ പ്രശ്നം ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആപ്പിൾ അധികൃതർ പറയുന്നത്. സപ്പോർട്ട് പേജിലെ നിർദ്ദേശം അനുസരിച്ച് ടച്ച് സ്ക്രീനിൽ വിരൽ അമർത്തുമ്പോൾ ടച്ച് സ്ക്രീൻ പ്രതികരിക്കാതെയിരുന്നാലോ, ടച്ച് സ്ക്രീൻ തനിയെ പ്രവർത്തിക്കുന്നുണ്ടെങ്കിലോ ആപ്പിളിന്റെ അംഗീകൃത സർവ്വീസ് സെന്ററുമായി ബന്ധപ്പെട്ടാൽ സൗജന്യമായി ഡിസ്‌പ്ലെ മാറ്റി നൽകും.

ഐഫോൺ എക്സിന്റെ ഡിസ്‌പ്ലെ സൗജന്യമായി മാറ്റി നൽകാൻ തക്ക പ്രശ്നങ്ങൾ ഫോണിനുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരിക്കും ഡിസ്‌പ്ലെ മാറ്റി നൽകുക. സർവ്വീസിന് നൽകുന്നതിന് മുൻപ് ഡാറ്റാ ബാക്ക്അപ്പ് ചെയ്യേണ്ടതാണ്, കൂടാതെ മറ്റു തകരാറുകൾ പരിഹരിക്കുന്നതിന് ഫീസ് ഈടാക്കുന്നതാണ്. മൂന്ന് വർഷം പഴക്കമുള്ള ഫോണുകളെ സേവന പരിധിയിൽ ഉൾപ്പെടൂ.

മാക്ബുക്ക് പ്രോ 13 ഇഞ്ച് ടച്ച് ബാർ ഇല്ലാത്ത മോഡലിനാണ് ഹാർഡ്‌വെയർ തകരാർ സ്ഥിരീകരിച്ചിരുക്കുന്നത്. 128 ജിബി, 256 ജിബി മോഡലിന്റെ സോളിഡ് സ്റ്റേറ്റ് ഡ്രൈവിനാണ് തകരാറുള്ളത്. 2017 ജൂൺ മുതൽ 2018 ജൂൺ വരെയുള്ള കാലയളവിലെ മോഡലുകൾക്കാണ് തകരാർ.

തകരാറുള്ള മാക്ബുക്കുകൾ കണ്ടെത്തി ഉപഭോക്താവിന് ആപ്പിൾ അധികൃതർ ഇ-മെയിൽ അയക്കും. തുടർന്ന് തകരാർ സ്ഥിരീകരിച്ചാൽ സൗജന്യമായി എസ്എസ്‌ഡി മാറ്റി നൽകും. ആപ്പിളിന്റെ പരിശോധനയക്ക് ശേഷമേ സൗജന്യ സേവനം ലഭിക്കുകുള്ളൂ. ഡാറ്റ ബാക്ക്അപ്പ് ചെയ്തതിനു ശേഷമേ സർവ്വീസിന് മാക്ബുക്ക് നൽകാവൂവെന്ന് ആപ്പിൾ അധികൃതർ അറിയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ