സാൻഫ്രാൻസിസ്കോ: 1,000,000,000,000 ഒന്നെണ്ണിനോക്കാമോ? ഇതാണ് ഇപ്പോൾ ആപ്പിൾ കമ്പനിയുടെ ആസ്തി.  ലോകത്ത് ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം എന്ന, ഒരു കമ്പനിയും ഇന്നോളം നേടിയിട്ടില്ലാത്ത നേട്ടം കൈവരിച്ചിരിക്കുകയാണ് ആപ്പിൾ.

ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ‘ആപ്പിൾ’ ഓഹരിവിലയിൽ മൂന്ന് ദിവസത്തിനിടെ ഒൻപതുശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.  ഓഹരി വില 207.05 ഡോളറിലേക്ക് എത്തിയതോടെ വിപണിമൂല്യം ഒരു ലക്ഷം കോടിയായി. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 68.64 ലക്ഷം കോടിയാണ് ആപ്പിൾ കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി. 90000 കോടി ഡോളർ വിപണി മൂല്യം നേടിയ ഓൺലൈൻ വാണിജ്യ ഇടമായ ആമസോണാണ് രണ്ടാം സ്ഥാനത്തുളളത്.

സാങ്കേതിക രംഗത്ത് സ്റ്റീവ് ജോബ്‌സാണ് ആപ്പിളിന്റെ വിപ്ലവത്തിന് തുടക്കം കുറിച്ചത്.  ‘ആപ്പിൾ ടു’ എന്ന ആദ്യത്തെ പഴ്‌സനൽ കംപ്യൂട്ടറിലൂടെ എഴുപതുകളിൽ സാങ്കേതിക രംഗത്ത് ആപ്പിൾ സ്വന്തം ഇടം കണ്ടെത്തി. 1976 ലായിരുന്നു  സ്‌റ്റീവ് വൊസ്‌നിയാക്കിനൊപ്പം ആപ്പിൾ കംപ്യൂട്ടറിന് തുടക്കമിട്ടത്.

എന്നാൽ ഒൻപത് വർഷത്തിന് ശേഷം 1985 ൽ നടന്ന കമ്പനിയിലെ ഉൾപ്പോരിനെ തുടർന്ന് പുറത്തുപോയ സ്റ്റീവ് ജോബ്സ് പിന്നീട് 1997 ലാണ് കമ്പനിയുടെ സാരഥ്യത്തിലേക്ക് വീണ്ടും വരുന്നത്. ഇതിന് ശേഷം ആപ്പിളിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

1984 ൽ മക്ഇന്റോഷ് വിപണിയിലിറക്കിയ ശേഷമായിരുന്നു സ്റ്റീവ് ആപ്പിളിന്റെ സാരഥ്യത്തിൽ നിന്ന് പിന്മാറിയത്. 1997 ന് ശേഷമായിരുന്നു  ‘ഐ’പോഡ്‌ ഫോൺപാഡുകളിലേക്ക് കൂടി ആപ്പിൾ ശ്രദ്ധ തിരിച്ചത്.  2001ൽ ഐപോഡ്, 2007ൽ ഐഫോൺ, 2010ൽ ഐപാഡ് അങ്ങിനെ, തൊട്ടതെല്ലാം പൊന്നാക്കിയ സ്‌റ്റീവ് ഈ മേഖലയിലെ ഏറ്റവും ജനപ്രിയ ബ്രാന്റായി ആപ്പിളിനെ മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook