/indian-express-malayalam/media/media_files/uploads/2017/06/tim-cookappleceo_timcook_big1.jpg)
ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ തിളങ്ങും താരം ആപ്പിള്‍ പുതിയൊരു മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു. അടുത്ത ലക്ഷ്യം കാര്‍ വിപണിയാണെന്ന സൂചനകള്‍ കമ്പനി നേരത്തേ നല്‍കിയിരുന്നു. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് ആപ്പിള്‍ മേധാവി ടിം കുക്ക് തന്നെ രംഗത്തെത്തിയത്. ഡ്രൈവറില്ലാ കാര്‍ നിര്‍മ്മിക്കാനുളള പദ്ധതി തങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ലൂംബെര്‍ഗ് ടെലിവിഷന് അനുവദിച്ച അഭിമുഖ്തതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊജക്ടുകളുടെ മാതാവാകാന്‍ പോന്ന പദ്ധതിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഇത് വളരെ പ്രാധാന്യത്തോടെയാണ് കമ്പനി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹന നിര്‍മ്മാണ വ്യവസായത്തില്‍ തങ്ങളുടെ സാമര്‍ത്ഥ്യവും ശേഷിയും മാറ്റുരച്ചുനോക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ആപ്പിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് ഓട്ടോണമസ് കാര്‍ സംബന്ധിച്ച കിംവദന്തികള്‍ ധാരാളമാണ്. കാലിഫോര്‍ണിയയില്‍ സെല്‍ഫ്-ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം നടത്തുന്നതിന് കമ്പനിക്ക് ഈയിടെ അനുമതി ലഭിച്ചിരുന്നു.
ടൈറ്റന്‍ എന്നാണ് ആപ്പിളിന്റെ പ്രോജക്റ്റിന്റെ പേര്. ഡ്രൈവറില്ലാ കാറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിന് ബ്ലാക്ക്‌ബെറിയില്‍നിന്നുള്ള എന്‍ജിനീയര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
2020ഓടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് ആപ്പിളിന്റെ ശ്രമമെന്നാണ് വിവരം. പാസഞ്ചര്‍ വാഹനങ്ങളായി വാങ്ങുന്നതിന് ലഭ്യമായിരിക്കുമെങ്കിലും റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്കും സെല്‍ഫ്-ഡ്രൈവിംഗ് ടാക്‌സികള്‍ക്കുമായിരിക്കും ഐ കാര്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് കാറുകളുമായി ടെസ്‌ല പൂര്‍ണ്ണമായും കളം വാഴുന്നിടത്തേക്കാണ് ഐ കാര്‍ വരുന്നത്. ഇലോണ്‍ മസ്‌കിന്റെ ഡ്രൈവറില്ലാ വാഹന സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിന് ഐ കാറിന് കഴിയും.
ഐ കാര്‍ പ്രോജക്റ്റിന് ഉപകരിക്കുമെന്നതിനാല്‍ മക്‌ലാറനെ വാങ്ങാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ വര്‍ഷം വാര്‍ത്തകള്‍ വന്നിരുന്നു. മക്‌ലാറന്റെ അപ്ലൈഡ് ടെക്‌നോളജീസ് ഗ്രൂപ്പിന്റെ വൈദഗ്ധ്യമാണ് ആപ്പിള്‍ പരിഗണിച്ചത്. മാത്രമല്ല, ഫോര്‍മുല വണ്ണിനും നാസ്‌കാറിനും ഇലക്ട്രോണിക്‌സ് വിതരണം ചെയ്യുന്നത് മക്‌ലാറനാണ്.
സിലിണ്ടര്‍ ആകൃതിയിലുള്ള ലിഥിയം-അയണ്‍ ബാറ്ററികള്‍ക്കായി ദക്ഷിണ കൊറിയന്‍ ബാറ്ററി നിര്‍മ്മാണ കമ്പനിയുമായി കഴിഞ്ഞ ഓഗസ്റ്റില്‍ ആപ്പിള്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. പുതിയ ഡ്രൈവറില്ലാ കാറില്‍ ഈ ബാറ്ററി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.