ആപ്പിൾ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ നിർമ്മാണ യൂണിറ്റ് ബെംഗലൂരുവിൽ സ്ഥാപിക്കുന്നതിന് കർണാടക സർക്കാർ സ്വാഗതം അറിയിച്ച് കഴിഞ്ഞു. ആപ്പിളിന്റെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയില്‍ തന്നെ നിര്‍മ്മാണ യൂണിറ്റ് കൊണ്ടു വരുന്നത് ആപ്പിളിന് ഏറെ ഗുണം ചെയ്യും. രാജ്യത്തിന്റെ സാങ്കേതിക രംഗത്തിന്റെ വളർച്ചയ്‌ക്കും വികാസത്തിനും ഏറെ സഹായകരമാകുന്നതാണ് പദ്ധതി.

ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഘടകങ്ങളില്‍ 30 ശതമാനം രാജ്യത്തിനകത്ത് നിന്നും മാത്രമേ വാങ്ങാവു എന്നത് നിര്‍ണായകമാണ്. ഈ നയത്തില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആപ്പിള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ തടസ്സം കമ്പനി എങ്ങനെ മറികടക്കും എന്നതും കൗതുകകരമാണ്.

സ്മാർട്ഫോണുകളുടെ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ 15 വർഷത്തേക്ക് നീക്കുന്നത് അടക്കം സുപ്രധാന നികുതിയിളവുകൾക്കാണ് ആപ്പിൾ കന്പനി അപേക്ഷിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ മേയ്‌ക്ക് ഇൻ ഇന്ത്യ കാംപെയ്നിന്റെ ഭാഗമായാണ് ആപ്പിൾ കന്പനി ഇന്ത്യയിൽ സ്മാർട്ഫോൺ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതെന്നത് മോദിക്കൊരു പൊന്‍തൂവലാകം. ബെംഗലൂരുവിൽ നിന്നും വിതരണ ശൃംഖല വികസിപ്പിക്കാനും രാജ്യത്തെന്പാടും കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ എത്തിക്കാനുമാണ് ആപ്പിളിന്റെ വരവ് സഹായകമാകും.

ആപ്പിളിന്റെ ഇന്ത്യയിലെ നിര്‍മ്മാണം നിങ്ങള്‍ക്കെന്ത് ഗുണം ചെയ്യും:

ആപ്പിള്‍ നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നത് തന്നെയാണ് ആപ്പിള്‍ ഇന്ത്യയില്‍ വരുന്നത് കൊണ്ടുള്ള പ്രധാന നേട്ടം. ഉദാഹരണത്തിന് ആപ്പിള്‍ ഉത്പന്നമായ ഐ- ഫോണ്‍ എസ്ഇ മോഡലിന് 39,000 രൂപയ്ക്കാണ് നിലവില്‍ ഇന്ത്യയില്‍ ലഭിക്കുക. എന്നാല്‍ ഇതേ മോഡല്‍ ഫോണ്‍ 30,000 രൂപയ്ക്ക് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വഴി പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കും. അതായത് ഇന്ത്യയെ അപേക്ഷിച്ച് അമേരിക്കയില്‍ എസ്ഇ മോഡലിന് 10 ശതമാനത്തോളം വിലക്കുറവിലാണ് ലഭിക്കുന്നത്. നിര്‍മ്മാണ യൂണിറ്റ് വരുന്നതോടെ ഇന്ത്യയിലും ആപ്പിള്‍ ഉത്പന്നങ്ങള്‍ മികച്ച വിലയ്ക്ക് ലഭിക്കും.

ടെക്നോളജി രംഗത്ത് വലിയ മാറ്റങ്ങളാവും ആപ്പിളിന്റെ കടന്നുവരവോടെ രാജ്യത്ത് ഉണ്ടാവുക. ആപ്പിളിന്റെ കൂടി കടന്നുവരവോടെ ബെംഗളൂരു വിദേശ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ഇന്ത്യൻ നഗരമായി കൂടി മാറും.

ഇന്ത്യയില്‍ നിര്‍മ്മാണം നടത്തിയാല്‍ ആപ്പിളിന് എന്ത് ഗുണം:

ഐഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അധിക നികുതി നല്‍കേണ്ടിവരുന്നത് ഒഴിവാക്കാന്‍, തദ്ദേശീയമായി ഫോണ്‍ നിര്‍മിക്കുക വഴി സാധിക്കും. വിദ്യാഭ്യാസ മേഖലയില്‍ അടക്കം സര്‍ക്കാരുമായി കൈകോര്‍ത്ത് തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ ആപ്പിളിന് കഴിഞ്ഞേക്കുമെന്നതും കമ്പനിക്ക് നേട്ടമാണ്.

2015ല്‍ മാത്രം 100 കോടി ഡോളറിന്റെ വില്‍പനയാണ് ഇന്ത്യയില്‍ ആപ്പിളിന്റെ വില്‍പന നടന്നതെന്ന് ലൈവ് മിന്റ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 56 ശതമാനം വര്‍ധനയാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഇതുകൊണ്ടൊക്കെ തന്നെയാണ് സ്വന്തം യൂണിറ്റ് ഇന്ത്യയില്‍ തുടങ്ങാന്‍ ആപ്പിള്‍ കളമൊരുക്കിയത്.

ചൈനീസ് ഫോണുകള്‍ അടക്കം കളം വാഴുന്ന ഇന്ത്യന്‍ വിപണിയില്‍ ഉത്പാദനത്തില്‍ മികവു കാട്ടി മുന്നേറാമെന്ന കണക്കുകൂട്ടലും ആപ്പിളിനുണ്ട്. സാധാരണക്കാരനും താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള വിലയ്ക്ക് ഒരു ഇന്ത്യന്‍ വേര്‍ഷന്‍ ഉത്പന്നം ആപ്പിള്‍ നിര്‍മ്മിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ