Apple iPhone XS, iPhone XR, iPhone XS Max Specs & Price in India: കാത്തിരിപ്പിനൊടുവില്‍ ലോക ടെക് ഭീമന്മാരായ ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിരിക്കുകയാണ്. ആപ്പിള്‍ ഐഫോണ്‍ എക്‌സ്, ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ് മാക്‌സ്, ഐഫോണ്‍ എക്‌സ് ആര്‍ എന്നിവയാണ് ആപ്പിളിന്റെ പുതു മോഡലുകള്‍. ഈ മോഡലുകളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും അറിയേണ്ട കാര്യങ്ങള്‍.

Apple iPhone XS, iPhone XS Max and iPhone XR first impression: More power, better cameras

ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍

മൂന്നു മോഡലുകളില്‍ ഏറ്റവും പുതിയ ഐഫോണ്‍. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ. ഐഫോണ്‍ എക്‌സിന്റെ മുന്‍ഭാഗവും ഐഫോണ്‍ 8ന്റെ പുറകുവശവും ചേര്‍ന്ന തരത്തിലുള്ളതാണ് പുതിയ മോഡല്‍. വലിയ ഫോണുകള്‍ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടുകൊണ്ടുകൂടിയാണിത്.

ഐഫോണ്‍ എക്‌സ് എസ് സീരീസുകളില്‍ നിന്നും വ്യത്യസ്തമായ അലൂമിനിയം കോട്ടിങ്ങാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ ആകര്‍ഷകമായ വിവിധ നിറങ്ങളിലും ലഭ്യമാണ്. കടും മഞ്ഞനിറം തൊട്ട് ഇളം പീച്ച് നിറം വരെ ഈ നിരയില്‍ ലഭിക്കും. ഗോള്‍ഡ്, വെളുപ്പ്, കറുപ്പ്, നീല, കോറല്‍, മഞ്ഞ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഐഫോണ്‍ എക്സ് ആര്‍ അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ ഇതിന് കൂടുതല്‍ സ്വീകാര്യത നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അലൂമിനിയത്തില്‍ നിന്നാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ എഡ്ജ് ടു എഡ്ജ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്. സ്വൈപ് ചെയ്യുന്ന ആംഗ്യം കാണിച്ചാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാം. 3ഡി ടച്ചിന് പകരം ഹാപ്റ്റിക് ടച്ചാണ് ഫോണിനുളളത്. ഐഫോണ്‍ എക്സ് എസ് സീരീസിലേതിന് സമാനമായ ഫെയ്സ് ഐഡി സംവിധാനമാണ് ഫോണിന്.

സ്‌ക്രീന്‍ ക്വാളിറ്റി, മെറ്റീരിയലില്‍ വരുത്തിയ വ്യത്യാസം എന്നിവ മൂലം കൂടുതല്‍ അഫോര്‍ഡബിളാണ് ഈ ഐഫോണ്‍. വിലക്കുറവിന്റെ മറ്റൊരു കാരണം പിന്‍വശത്ത് ഒരു ക്യാമറ മാത്രമേ ഉള്ളൂ എന്നതാണ്. 12 മെഗാപിക്‌സല്‍ ക്യാമറയാണ് ഐഫോണ്‍ എക്‌സ് ആര്‍ പ്രദാനം ചെയ്യുന്നത്. A12 ബയോനിക് പ്രൊസസര്‍ ഉപയോഗിച്ച് ഏതവസരത്തിലും പോര്‍ട്രെയ്റ്റ് ഷോട്ടുകള്‍ എടുക്കാന്‍ ഈ ക്യാമറ സഹായിക്കും.

പവര്‍ ബാക്കപ്പില്‍ കോംപ്രമൈസ് ചെയ്യാതെയാണ് ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍ വില കുറച്ചിരിക്കുന്നത് എന്നത് വളരെ ആശ്വാസകരമായൊരു കാര്യമാണ്. ഇന്ത്യയില്‍ 76,900 രൂപയാണ് ഇതിന്റെ വില. അതേസമയം യുഎസില്‍ കാര്യമായ വിലക്കുറവ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ആപ്പിള്‍ എക്‌സ് എസ് സവിശേഷതകള്‍

ഐഫോണ്‍ എക്‌സിന്റെ നൂതന മോഡലാണ് ഐഫോണ്‍ എക്‌സ് എസ്. കാഴ്ചയിലും ഐഫോണ്‍ എക്‌സിനോട് അത്രമേല്‍ സാമ്യമുണ്ട് എക്‌സ് എസിന്. ഡിസൈനില്‍ പോലും പറയത്തക്ക മാറ്റങ്ങള്‍ വരുത്താത്ത എസ് സീരീസ് ഫോണ്‍ തന്നെയാണിത്. റെറ്റിനാ ഡിസ്‌പ്ലേയിലും സ്പീക്കറിന്റെ ക്വാളിറ്റിയിലും കൂടുതല്‍ മികച്ച മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Read More: ആപ്പിളിന് ‘പുതുരുചികള്‍’; ഐഫോണ്‍ എക്സ് എസ്, എക്‌സ്എസ് മാക്‌സ്, എക്സ് ആര്‍ എന്നിവയുടെ വിവരങ്ങള്‍

A12 ബയോനിക് ചിപ്‌സെറ്റ് തന്നെയാണ് ഏറ്റവും വലിയ വ്യത്യസ്തത. ആപ്പിള്‍ ഫോണിലെ ആദ്യ 7 നാനോ മീറ്റര്‍ പ്രൊസസറാണിത്. മെഷീന്‍ ലേണിങ് ടാസ്‌ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതു സഹായിക്കും. ഗെയ്മുകളേയും കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്കു സാധിച്ചിട്ടുണ്ട്.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 12 മെഗാപിക്‌സല്‍ ഡുവല്‍ ക്യാമറയാണ് മറ്റൊരു വലിയ പ്രത്യേകത. ന്യൂട്രല്‍ എഞ്ചിനുമായി ചേര്‍ന്ന് ചിത്രങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട തലത്തിലേക്ക് ഉയര്‍ത്താന്‍ ഇതിന് സാധിക്കും. പോര്‍ട്രെയ്റ്റ് മോഡിലെടുത്ത ചിത്രത്തിനെ അസാധ്യമാം തരത്തില്‍ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇതിലുണ്ട്.

ഐഫോണ്‍ എക്‌സ് എസ് മാക്‌സ്

ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ ഐഫോണാണിത്. 6.5 ഇഞ്ച് സ്‌ക്രീനാണിതിന്. 208 ഗ്രാം ഭാരമുണ്ട്. അതായത് ഐഫോണ്‍ എക്‌സ്എസിനെക്കാള്‍ 31 ഗ്രാം കൂടുതല്‍. വലുപ്പക്കൂടുതലുണ്ടെങ്കിലും ഉപയോഗിക്കാന്‍ പ്രയാസം അനുഭവപ്പെടില്ല.

ഐഫോണ്‍ എക്‌സ് എസിന്റെ എക്‌സ്‌റ്റേണല്‍ ഫീച്ചേഴ്‌സ് തന്നെയാണ് എക്‌സ് എസ് മാക്‌സിനുമുള്ളത്. എന്നാല്‍ വീഡിയോ കാണുമ്പോഴോ വെബ്‌സൈറ്റുകള്‍ തുറന്നു വായിക്കുമ്പോഴോ ഇതിന്റെ ക്വാളിറ്റിയിലും സ്‌ക്രീനിന്റെ വലുപ്പത്തിലുമുള്ള വ്യത്യാസം അനുഭവപ്പെടും. ഗെയിമുകളില്‍ പോലും അത് മനസിലാകും. സ്‌ക്രീനിന്റെ ക്വാളിറ്റിക്കനുസരിച്ച് ഓഡിയോ ക്വാളിറ്റിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഐഫോണിന്റെ എക്കാലത്തേയും മികച്ച ഓഡിയോ ക്വാളിറ്റിയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാത്രമല്ല, മറ്റ് ഐഫോണുകളെ അപേക്ഷിച്ച് ബാറ്ററി ക്വാളിറ്റിയും ഒരുപാട് കൂടുതലാണ്. ഐഫോണ്‍ എക്‌സിനെക്കാള്‍ 90 മിനിറ്റ് കൂടുതലാണ് ബാറ്ററി ടൈം എന്നാണ് കമ്പനിയുടെ അവകാശവാദം.

ആപ്പിളിന്റെ ക്ഷണപ്രകാരം ലേഖകൻ കാലിഫോർണിയയിൽ നിന്ന് തയ്യാറാക്കിയ റിപ്പോർട്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook