ന്യൂഡൽഹി: ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആപ്പിൾ ഐഫോൺ XR. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണെന്ന നേട്ടവും XR ന് സ്വന്തം.
ലോകത്തിലെ എല്ലാ വിപണികളിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഐഫോൺ കൂടിയാണിത്. വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തിൽ, ആഗോള സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ മൂന്ന് ശതമാനവും ഐഫോൺ XR ആണ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഈ ഫോണിന്റെ ആകർഷണ ഘടകങ്ങളിൽ നിരവധി കാരണങ്ങളാണുള്ളത്.
49, 749 രൂപയാണ് ഐഫോൺ XR ന്റെ വിപണി വില. നിരവധി ഫീച്ചറുകളാണ് ഫോണിൽ ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. ശരാശരി ഉപഭോക്താക്കൾക്ക് ഉയർന്ന വിലയും ക്വാഡ് ക്യാമറ സജ്ജീകരണങ്ങളുമുള്ള സ്‌ക്രീനുകളും ശ്രദ്ധിക്കുന്നില്ലെന്ന് ഐഫോൺ XR ന്റെ വിജയം വ്യക്തമാക്കുന്നു. ഐഫോൺ XR 720p ഡിസ്പ്ലേയും പിന്നിൽ സിംഗിൾ ക്യാമറയുമാണ് ഉൾക്കൊള്ളുന്നത്.
Read Also: ആപ്പിളിന്റെ പുതിയ സേവനങ്ങൾ; അറിയേണ്ടതെല്ലാം
മറ്റു പ്രധാന വിപണികളിൽ മാത്രമല്ല ഇന്ത്യൻ വിപണിയിലും XR മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആപ്പിളിന്റെ ഏറ്റവും ദുർബലമായ വിപണിയായാണ് ഇന്ത്യയെ കണക്കാക്കുന്നത്. അതിനാൽ ആഭ്യന്തര വിൽപ്പന കമ്പനിയെയും ആശ്ച്വര്യപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾക്കു ശേഷം 45,000 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാമെങ്കിലും ആപ്പിൾ ഔദ്യോഗികമായി ഐഫോൺ XR 49,990 രൂപയ്ക്കാണ് വിൽപ്പനക്കെത്തിക്കുന്നത്. കമ്പനി സംബന്ധിച്ചിടത്തോളം ഐഫോൺ XR ഒരു ചൂതാട്ടത്തിന് തുല്യമായിരുന്നു. ഇത് പുതിയ ഉപഭോക്താക്കളെ ആപ്പിളിലേക്ക് എത്തിക്കാൻ സഹായിച്ചു എന്ന് മാത്രമല്ല, വിപണിയിൽ കൂടുതൽ ഐഫോണുകൾ വിപണനം നടത്താൻ അമേരിക്കൻ കമ്പനിയെ സഹായിക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളിൽ ഐഫോൺ 11, റെഡ്മി 7A എന്നിവയും
ഐഫോൺ XR കൂടാതെ ഐഫോൺ 11 ഉം മികച്ച വിൽപ്പന നേടുന്ന പത്ത് സ്മാർട്ട്ഫോൺ പട്ടികയിൽ ഇടംനേടി. ആദ്യ പത്തിൽ ഐഫോൺ 11 എത്തിയതിൽ ആശ്ചര്യമൊന്നുമില്ലെന്ന് തന്നെ വേണം പറയാൻ. ആപ്പിൾ ഐഫോൺ XR വിജയകരമാക്കിയ അതേ ഫോർമുല തന്നെ ഐഫോൺ 11 ആവർത്തിച്ചു. 64,900 രൂപയാണ് ഐഫോൺ 11 ന്റെ പ്രാരംഭ മോഡലിന് വില.
2019 മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകൾ ഇവ
1. ആപ്പിൾ ഐഫോൺ XR
2. സാംസങ് ഗാലക്സി A10
3. സാംസങ് ഗാലക്സി A50
4. Oppo A9
5. ആപ്പിൾ ഐഫോൺ 11
6. Oppo A5s
7. സാംസങ് ഗാലക്സി A20
8. Oppo A5
9. ഷവോമി റെഡ്മി 7A
10. ഹുവാവേ P30