ആപ്പിളിന്റെ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. സെപ്തംബര്‍ 12ന് കാലിഫോര്‍ണിയന്‍ സമയം രാവിലെ 10 മണിക്കായിരിക്കും ചടങ്ങ് ആരംഭിക്കുക. അതായത് ഇന്ത്യന്‍ സമയം രാത്രി 09.30ന്. ആപ്പിളിന്റെ ഐഫോണ്‍ എക്സ് തന്നെയാണ് ശ്രദ്ധാകേന്ദ്രം. ഇത് കൂടാതെ ഐഫോണ്‍ 7ന്റെ പരിഷ്കരിച്ച പതിപ്പുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയും ചൊവ്വാഴ്ച്ച അവതരിപ്പിക്കും.

കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടക്കുന്ന പരിപാടി ലൈവായി തന്നെ ലോകത്തിന് കാണാന്‍ കഴിയും. കമ്പനിയുടെ തന്നെ എച്ച്ടിടിപി ലൈവ് സ്ട്രീമിംഗ് ഉപയോഗിച്ചാകും ലൈവ് നടത്തുക. കൂടാതെ ഐഇ മലയാളം പ്രതിനിധിയും തത്സമയം വായനക്കാരില്‍ വിവരങ്ങളെത്തിക്കും.

Read More: ആപ്പിൾ ഐഫോൺ എക്സ് വിലയെത്ര? ലോകം കാത്തിരിക്കുന്ന ബിഗ് ലോഞ്ച് ഇന്ന്

4.7 ഇഞ്ച് വലുപ്പമുളള ഡിസ്‍പ്ലെയോട് കൂടിയാണ് ഐഫോണ്‍ 8 വരുന്നതെന്നാണ് വിവരം. ഐഫോണ്‍ 7പ്ലസിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും ഐഫോണ്‍ 8 പ്ലസ്. ഇതിന് 5.5 ഇഞ്ച് ആയിരിക്കും ഡിസ്‍പ്ലെ. വേഗത്തില്‍ ചാര്‍ജ് ആകുന്ന സാങ്കേതികവിദ്യയും വയര്‍ലെസ് ചാര്‍ജിംഗും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.

ഫോണില്‍ നല്‍കിയിരിക്കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ ഏറെ മികവ് പുലര്‍ത്തുന്നതായിരിക്കും ഐഫോണ്‍ എക്‌സ് എന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 3 ഡി ഫെയ്‌സ് സ്‌കാനിംഗ് ക്യാമറ, എഡ്ജ് ടു എഡ്ജ് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിംങ്, 4കെ റെസലൂഷന്‍ ആപ്പിള്‍ ടിവി എന്നിവയാണ് ഐഫോണ്‍ പുതുമയായി അവതരിപ്പിക്കുന്നത്. എന്നാല്‍, 1000 ഡോളറിന് മുകളിലായിരിക്കും ഇതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.

ഐഫോണ്‍ എക്സ് മാത്രമല്ല ചടങ്ങില്‍ ആപ്പിള്‍ അവതരിപ്പിക്കുന്ന പുതിയ ഉപകരണം. എല്‍ടിഇ സപ്പോര്‍ട്ടുളള ആപ്പിള്‍ വാച്ച് 3യും ചടങ്ങില്‍ കമ്പനി അവതരിപ്പിക്കും. വാട്ടര്‍പ്രൂഫ് സംവിധാനത്തോടെയായിരുന്നു ആപ്പിള്‍ വാച്ച് 2 അവതരിപ്പിച്ചിരുന്നത്. 4കെ റെസല്യൂഷനോടെയുളള ആപ്പിള്‍ ടിവിയും ചടങ്ങില്‍ അവതരിപ്പിച്ചേക്കും.

Read More: ‘ഐഫോണ്‍ 8, 8 പ്ലസ്, പിന്നെ ഐഫോണ്‍ എക്സും’: ആപ്പിളിന്റെ പുതിയ മോഡലുകളുടെ പേര് ചോര്‍ന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ