മൊബൈല്‍ വിപണിയില്‍ വിപ്ലവം തീര്‍ത്ത ഐഫോണിന്റെ പത്താം വാര്‍ഷികത്തിലാണ് ആപ്പിള്‍ ഐഫോണ്‍ എക്സ് പുറത്തിറക്കിയത്. ആപ്പിള്‍ പുറത്തിറക്കിയ ഫോണുകളില്‍ ഏറ്റവും വിലയേറിയതാണ് 999 ഡോളര്‍ വിലയുളള ഐഫോണ്‍ എക്സ്. ഹോം ബട്ടണില്ലാത്ത ഫോണിന് ഡിസ്‍പ്ലേയുടെ താഴെ നിന്നും മുകളിലോട്ട് സ്‍‍വൈപ് ചെയ്താല്‍ ഹോം സ്ക്രീന്‍ ലഭ്യമാകും. 1,0,2000 രൂപയാണ് 256 ജിബി മോഡലിന് ഇന്ത്യയിലെ വില.

എന്നാല്‍ ഫോണിന്റെ ഡിസ്‍പ്ലെ മാറ്റണമെങ്കില്‍ വലിയ ഒരു തുക തന്നെ ആകുമെന്നാണ് പുതിയ വിവരം. 41,600 രൂപയാണ് ഐഫോണ്‍ എക്സിന്റെ ഡിസ്‍പ്ലെ മാറ്റാന്‍ മാത്രം ചെലവാകുക. അത്കൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ആദ്യമേ കണക്കൂകൂട്ടി മാത്രം ഫോണ്‍ വാങ്ങിയാല്‍ മതിയെന്ന് ചുരുക്കം. കൂടാതെ ഇന്‍ഷുറന്‍സ് ഉറപ്പാക്കാനും ശ്രമിക്കണം.

ഡിസ്‍പ്ലെയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ട്രൂ ഡെപ്ത് ക്യാമറ സംവിധാനത്തോടെ ഫെയ്സ് ഐഡിയിലാണ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ പറ്റുക. ഇതും ഡിസ്‍പ്ലെയുടെ വില കൂട്ടുന്നതിന് കാരണമാകും. മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് എക്സിന്റെ പ്രത്യേകതകളില്‍ ഒന്ന്.
ഫോണില്‍ നല്‍കിയിരിക്കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ ഏറെ മികവ് പുലര്‍ത്തുന്നതാണ് ഐഫോണ്‍ എക്‌സ് എന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു.

5.8 എഡ്ജ്-ടു- എഡ്ജ് ഡിസ്‍പ്ലേയാണ് ഫോണിന്. 12 എംപി + 12 എംപി റിയര്‍ ക്യാമറയാണ് ഐഫോണ്‍ എക്സ് (ടെന്‍) മോഡലിനുളളത്. സാംസംങ് ഗാലക്സി നോട്ട് 8 പോലെ ഡ്യൂവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബലൈസേഷനാണ് ഫോണിനുളളത്. ക്വാഡ് എല്‍ഇഡി ടൂ ടണ്‍ ഫ്ലാഷും ഉപയോഗിച്ചിട്ടുണ്ട്. ഐഫോണ്‍ 7നേക്കാള്‍ രണ്ട് മണിക്കൂര്‍ കൂടുതല്‍ നേരം എക്സിന്റെ ബാറ്ററി ലൈഫ് നീണ്ടു നില്‍ക്കും. എയര്‍പവര്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ സംവിധാനങ്ങളും ഫോണിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ