ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിള്‍ കമ്പനിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ അടുത്ത ആഴ്ച്ചയോടെ തന്നെ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. എണ്ണത്തില്‍ കുറച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ യൂണിറ്റ് നിര്‍മ്മിച്ചതെന്നാണ് വിവരം.

തായ്‌വാനിലെ മാനുഫാക്ച്വറിംഗ് പങ്കാളിയായ വിസ്ട്രണ്‍ കോര്‍പുമായി ചേര്‍ന്ന് ബംഗളൂരുവില്‍ ഐ ഫോണ്‍ എസ്ഇയുടെ നിര്‍മ്മാണം തുടങ്ങിയതായി വാള്‍സ്ട്രീറ്റ് ജേണലും സ്ഥിരീകരിച്ചിട്ടുണ്ട്. ഐഫോണ്‍ നിര്‍മ്മാണത്തിന്റെ ആദ്യപടി പൂര്‍ത്തിയായെന്നും ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ഷിപ്പിംഗ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആപ്പിള്‍ വക്താവ് ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന മൊബൈല്‍ ഫോണ്‍ വിപണിയായ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആപ്പിളിന്റെ നീക്കം. മറ്റൊരു വലിയ വിപണിയായ ചൈനയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ ഉല്‍പ്പാദന ചിലവ് കുറവായത് ഏറെ ഗുണം ചെയ്യുമെന്നാണ് ആപ്പിളിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണിന് വില കുറവായിരിക്കുമെന്ന് പ്രതീക്ഷയിലുമാണ് ഉപഭോക്താക്കള്‍. എന്നാല്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വില സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ആപ്പിളിന്റെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയില്‍ തന്നെ നിര്‍മ്മാണ യൂണിറ്റ് കൊണ്ടു വരുന്നത് ആപ്പിളിന് ഏറെ ഗുണം ചെയ്യും. രാജ്യത്തിന്റെ സാങ്കേതിക രംഗത്തിന്റെ വളർച്ചയ്‌ക്കും വികാസത്തിനും ഏറെ സഹായകരമാകുന്നതാണ് പദ്ധതി.

ആപ്പിള്‍ നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നത് തന്നെയാണ് ആപ്പിള്‍ ഇന്ത്യയില്‍ വരുന്നത് കൊണ്ടുള്ള പ്രധാന നേട്ടം. ഉദാഹരണത്തിന് ആപ്പിള്‍ ഉത്പന്നമായ ഐ- ഫോണ്‍ എസ്ഇ മോഡലിന് 39,000 രൂപയ്ക്കാണ് നിലവില്‍ ഇന്ത്യയില്‍ ലഭിക്കുക. എന്നാല്‍ ഇതേ മോഡല്‍ ഫോണ്‍ 30,000 രൂപയ്ക്ക് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വഴി പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കും. അതായത് ഇന്ത്യയെ അപേക്ഷിച്ച് അമേരിക്കയില്‍ എസ്ഇ മോഡലിന് 10 ശതമാനത്തോളം വിലക്കുറവിലാണ് ലഭിക്കുന്നത്. നിര്‍മ്മാണ യൂണിറ്റ് വരുന്നതോടെ ഇന്ത്യയിലും ആപ്പിള്‍ ഉത്പന്നങ്ങള്‍ മികച്ച വിലയ്ക്ക് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ