ഐഫോണ്‍ 8 പുറത്തുവരുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഫോണിന്റെ ഫീച്ചറുകളെ കുറിച്ചുളള സൂചനകളും പുറത്തുവന്നിരുന്നു. ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നത് ഒരു പുതിയ ആശയമാണ്. ആപ്പിള്‍ പുറത്തിറക്കുന്ന ഐഫോണ്‍ 8ല്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തളളിക്കളഞ്ഞാണ് പ്രശസ്ത ആപ്പിള്‍ വിശകലന വിദഗ്ധരായ കെജിഐ സെക്യൂരിറ്റീസിന്റെ മിംഗ് ചി കുവോയുടെ റിപ്പോര്‍ട്ട്.

ഡിസ്‍പ്ലെയ്ക്ക് താഴെയായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടാവില്ലെന്നാണ് പുതിയ പ്രവചനം. ആശയം വികസിപ്പിച്ചെടുക്കാന്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത് കൊണ്ടാണ് പുതിയ ആപ്പിള്‍ മോഡലില്‍ ഇത് ഉള്‍പ്പെടാന്‍ സാധ്യതതയില്ലെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നത്.

ഡിസ്‍പ്ലെയ്ക്ക് താഴെ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഉള്‍പ്പെടുത്താനുളള വഴി ആപ്പിള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തളളിയാണ് പുതിയ വിവരം. കുവോയുടെ പ്രവചനങ്ങള്‍ പ്രകാരം മൂന്ന് ഡിസൈനുകളിലാവും ആപ്പിളിന്റെ മോഡല്‍ പുറത്തുവരിക. 5.2 ഇഞ്ചും 5.8 ഇഞ്ചുമുളള മോഡലുകള്‍ക്ക് ഒഎല്‍ഇഡി ആണ് ഉണ്ടായിരിക്കുക. അതേസമയം 4,7 ഇഞ്ച്, 5.5. ഇഞ്ച് മോഡലുകള്‍ക്ക് എല്‍സിഡി ഡിസ്‍പ്ലെയാണ്.

ഐഫോണ്‍ 8ല്‍ മുഖം തിരിച്ചറിയാനുളള 3ഡി സെന്‍സിംഗും ഉണ്ടായിരിക്കുമെന്നാണ് പ്രവചനം. മികച്ച ക്യാമറയോട് കൂടിയായിരിക്കും മോഡല്‍ വിപണിയിലെത്തുക. 32 ജിബി മോഡലുകള്‍ ഉണ്ടാവില്ലെന്നും 64, 256 ജിബി മോഡലുകള്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്നും കുവോ പറയുന്നു. 2017 സെപ്റ്റംബര്‍ മാസത്തോടെയായിരിക്കും ആപ്പിളിന്റെ പുതിയ മോഡല്‍ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.

ഐഫോണ്‍ 8 പുറത്തിറങ്ങാന്‍ ഇനിയും സമയം ഉണ്ടെന്നിരിക്കെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ സാധ്യത വിവോ തേടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷെ, ലഭിക്കുന്ന വിവരങ്ങളനുസരിച്ച് വിവോ ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ള ഫോണ്‍ ചൈനയില്‍ മാത്രമാണ് അവതരിപ്പിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫോണ്‍ എത്തിപ്പെടാന്‍ സമയമെടുക്കും. ഇതിന് മുമ്പായി ഐഫോണ്‍ 8 അവതരിപ്പിച്ചാല്‍ ഇന്ത്യയിലെത്തുന്ന ആദ്യ ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് ഫോണ്‍ ആപ്പിളിന്റേതായിരിക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ