ആപ്പിൾ ഐഫോൺ 8 ഉം ഐഫോൺ 8 പ്ലസും സെപ്തംബർ 29 ന് ഇന്ത്യൻ വിപണിയിൽ എത്തും. ലോകത്ത് ഈ ഫോണുകൾ രണ്ടാം ഘട്ടത്തിൽ പുറത്തിറക്കുന്ന രാജ്യങ്ങളിലാണ് ഇന്ത്യയും ഉൾപ്പെട്ടത്. ആദ്യ ഘട്ട വിൽപ്പന ആരംഭിക്കുന്നത് സെപ്റ്റംബർ 22 നാണ്.

ആപ്പിൾ ഐഫോൺ 8 ന്റെ ഇന്ത്യയിലെ വില 64,000 രൂപയിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. 64 ജിബി സ്റ്റോറേജുള്ള വിഭാഗത്തിനാണ് ഈ വില നൽകേണ്ടി വരിക. 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഐഫോൺ 8 നായി 77,000 രൂപ നൽകേണ്ടി വരും.

അതേസമയം 64 ജിബി സ്റ്റോറേജ് ഉള്ള ആപ്പിളിന്റെ ഐഫോൺ 8 പ്ലസിന് 73000 രൂപയാണ് വില. ഇതേ ഫോണിന്റെ 256 ജിബി ശേഷിയുള്ള വിഭാഗത്തിന് 86,000 രൂപയാണ് നൽകേണ്ടി വരിക. മുൻവർഷങ്ങളിലെ പോലെ 32 ജിബി സ്റ്റോറേജ് ഉള്ള ഫോണുകൾ ഇത്തവണ പുറത്തിറക്കിയിട്ടില്ല.

അതേസമയം ആപ്പിൾ ഐഫോൺ X (പത്ത്) ന്റെ 64 ജിബി ഫോണിന് 89,000 രൂപയാണ് ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില. 256 ജിബി ഫോണിന് അതേസമയം 1,02,000 രൂപ നൽകണം. ആപ്പിൾ ഐഫോൺ പത്തിന്റെ ഔദ്യോഗിക വിപണനം ഈ വർഷം നവംബർ മൂന്നിനാണ് ആരംഭിക്കുക.

ലെതറിലും സിലിക്കണിലും നിർമ്മിച്ച ഈ ഫോണുകൾക്കായുള്ള ആപ്പിളിന്റെ തന്നെ കവറുകൾക്ക് 3100 മുതലാണ് വില.

ഐഫോൺ 8 സീരീസിന്റെ പുറംചട്ട ഗ്ലാസിലും അലുമിനിയത്തിലുമാണ് തയാറാക്കിയിരിക്കുന്നത്. സിൽവർ, സ്പേസ് ഗ്രേ എന്നിവയ്ക്ക് പുറമേ ന്യൂ ഗോൾഡ് ഫിനിഷ് നിറങ്ങളിലാണ് ഫോണുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതേ നിറത്തിലുള്ള പുറംകവറുകളും ആപ്പിൾ തയാറാക്കിയിട്ടുണ്ട്. അവയ്ക്ക് 4700 രൂപ മുതലാണ് വില.

ഐഫോണ്‍ 8 പ്ലസില്‍ മാത്രമാണ് ഡ്യൂവല്‍ ക്യാമറയുളളത്. ഐഫോണ്‍ 8ന് 12 എംപി റിയര്‍ ക്യാമറയാണുളളത്. പോര്‍ട്രയിറ്റ് ലൈറ്റിംഗ് മോഡിന്റെ ബീറ്റ പതിപ്പിലാണ് ഡ്യുവല്‍ ക്യാമറ വരുന്നത്. പോര്‍ട്രയിറ്റ് മോഡില്‍ മികച്ച അനുഭവമായിരിക്കും ഇതെന്ന് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു. എഫക്ടുകള്‍ തെരഞ്ഞെടുക്കാന്‍ പുതിയ ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഫില്‍ട്ടറുകള്‍ അല്ലാതെ പ്രസ്തുത സമയത്ത് വെളിച്ചതെ അടിസ്ഥാനപ്പെടുത്തിയാണ് എഫക്ട് സാധ്യമാവുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ