ന്യൂഡല്‍ഹി: ആപ്പിളിന്റെ പുത്തന്മോഡലായ ഐഫോണ്‍ 7 വമ്പിച്ച ഡിസ്കൗണ്ടില്‍ ലഭ്യമാക്കി ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍. 17,000 രൂപയുടെ ഇളവോടെയാണ് ഓണ്‍ലൈന്‍ വില്പനക്കാരായ ആമസോണ്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ എത്തിച്ചിരിക്കുന്നത്. അതേസമയം പേടിഎം ഇതേ ഫോണ്‍ 14,040 രൂപയുടെ ഇളവില്‍ 45,960 രൂപയ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ പേടിഎമ്മില്‍ 5,750 രൂപയുടെ കാഷ്ബാക്ക് ഓഫറും ലഭ്യമാണ്. അതായത് 19,790 രൂപ ഇളവിലാണ് പേടിഎം ഐഫോണ്‍ 7 വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 32 ജിബി സ്റ്റോറേജ് കപ്പാസിറ്റി ഉള്ള ഡിവൈസുകളാണ് ഇത്തരത്തില്‍ വമ്പിച്ച ഓഫറില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്.
എത്രകാലം ഈ ഡിസ്കൗണ്ട് ഉണ്ടാകുമെന്ന് വ്യക്തമല്ലാത്തത് കൊണ്ട് തന്നെ ഐഫോണ്‍ പ്രേമികള്‍ എത്രയും പെട്ടെന്ന് തന്നെ ഓര്‍ഡര്‍ കൊടുക്കുന്നത് നഷ്ടമാകില്ല. കാഷ്ബാക്ക് ഓഫര്‍ പ്രകാരം ലഭിക്കുന്ന 5,750 രൂപ 24 മണിക്കൂറിനകം നിങ്ങളുടെ പേടിഎം അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. 4.7 ഇഞ്ച് എച്ചഡി ഡിസ്പ്ലേ ആണ് ഐ ഫോണിന്. 12 മെഗാപിക്സല്‍ ക്യാമറയും 1.8 അപര്‍ച്ചറും ഫോണിന്റെ പ്രത്യേകതയാണ്.
ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന്റെ മുന്നോടിയായി കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ വന്‍ ഓഫറുകളുമായി രംഗത്തു വരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ജൂലൈ 1 മുതല്‍ രാജ്യമാകെ ഒറ്റനികുതിക്ക് കീഴില്‍ വരുന്നതോടെ തങ്ങളുടെ 20,000 കോടി രൂപയുടെ സ്റ്റോക്കുള്ള ഉത്പന്നങ്ങള്‍ക്ക് നഷ്ടം വരുമെന്ന ഭയത്താലാണ് തിരക്കിട്ട് വിറ്റുതീര്‍ക്കാനുള്ള ശ്രമം. ഇതിന്റെ ഭാഗമായാണ് ഐ ഫോണ്‍ വമ്പിച്ച ഇളവില്‍ വില്പനയ്ക്ക് എത്തിക്കുന്നതെന്നാണ് സൂചന.