ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പുകള്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് നമ്മള്‍. പുതിയ ഫോണുകളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷം സെപ്റ്റംബറിലാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഡിവൈസുകള്‍ പുറത്തിറക്കുകയെന്നാണ് നിഗമനം.

അമേരിക്കന്‍ ടെലികോം സേവനദാതാവായ വെരിസോണില്‍ നിന്നും പുതിയ പതിപ്പുകള്‍ ഇറങ്ങുന്നതിന്റെ തീയതി ചോര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു. സെപ്റ്റംബര്‍ 20ന് പുതിയ ഐഫോണ്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഇക്കാര്യം അടങ്ങുന്ന ഒരു ചിത്രമാണ് ചോര്‍ന്നത്.

എന്നാല്‍ വെരിസോണിന് യഥാർഥ തീയതി സംബന്ധിച്ച വിവരം ഉണ്ടായിരുന്നോ അതോ ഐഫോണ്‍ അവതരണ പരിപാടിയുടെ തീയതി സംബന്ധിച്ച പ്രവചനം മാത്രമായിരുന്നോ അതെന്ന് വ്യക്തമല്ല. കാരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സെപ്റ്റംബര്‍ മാസത്തിലാണ് ആപ്പിള്‍ പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചിരുന്നത്.

ഐഫോണ്‍ എക്സ് അല്ലെങ്കില്‍ ഐഫോണ്‍ XIന് 5.8 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് വിവരം. ഐഫോണ്‍ 11 മാക്സ് ആയിരിക്കും രണ്ടാമത് പ്രതീക്ഷിക്കുന്ന മോഡല്‍. ഇതിന് 6.5 ഇഞ്ച് ആയിരിക്കും ഡിസ്‌പ്ലേ. 6.1 ഇഞ്ച് വലുപ്പമുളള മൂന്നാമത്തെ ഒരു മോഡലും പുറത്തിറങ്ങും. ഇതിനെ ഐഫോണ്‍ 11 R എന്നായിരിക്കും വിളിക്കുക.

Read More: Apple iPhone XR, XS, XS Max Features, Specs & Price: ആപ്പിള്‍ ഐഫോണ്‍ പുതിയ മോഡലുകളുടെ സവിശേഷതകള്‍

മൂന്ന് ക്യാമറകളാണ് ഐഫോണ്‍ 11ലും ഐഫോണ്‍ 11 മാക്സിലും പ്രതീക്ഷിക്കുന്നത്. യുഎസ്ബി ടൈപ്-സി പോര്‍ട്ടും ഈ മോഡലുകള്‍ക്ക് ഉണ്ടായിരിക്കും. പിന്നില്‍ രണ്ട് ക്യാമറകളോടെയായിരിക്കും 11 R വരിക. ആദ്യമായി ഐഒഎസ് 13ല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും ഈ മൂന്ന് മോഡലുകളും.

മികച്ച സോഫ്റ്റ്‍വെയര്‍ അനുഭവം സാധ്യമാക്കുന്ന ഐഒഎസ് 13:

* സിസിറ്റം-വൈഡ് ഡാർക്ക് മോഡ്
* ഫൈന്‍ഡ് മൈ ആപ്പ്
* പുതിയ റിമൈന്‍ഡേഴ്സ് ആപ്
* ആര്‍ത്തവ സമയം തിരിച്ചറിയാനുളള ആരോഗ്യ ആപ്ലിക്കേഷന്‍
* ഫോട്ടോ ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനുളള കൂടുതല്‍ ഓപ്ഷനുകള്‍

എക്കാലത്തേയും മികച്ച ക്യാമറാ ഗുണനിലവാരം ഉണ്ടായിരിക്കും ഈ മൂന്ന് മോഡലുകള്‍ക്കും. ഐഫോണ്‍ 11 മാക്സില്‍ മൂന്ന് ക്യാമറ സെറ്റപ്പുകള്‍ ഉണ്ടായിരിക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഫോണ്‍ 11നും 11 മാക്സിനും പിന്നില്‍ മൂന്ന് ക്യാമറകളുണ്ടാകുമെന്നും വിവരുണ്ട്.

* ഐഫോണ്‍ 11: മുമ്പില്‍ ഒരു ക്യാമറ, പിന്നില്‍ മൂന്ന് ക്യാമറകള്‍
* ഐഫോണ്‍ 11 മാക്സ്: മുമ്പില്‍ ഒരു ക്യാമറ, പിന്നില്‍ മൂന്ന് ക്യാമറ
* ഐഫോണ്‍ 11 ആര്‍: മുന്നില്‍ ഒരു ക്യാമറ, പിന്നില്‍ രണ്ട് ക്യാമറ

മൂന്ന് മോഡലുകളിലും വയര്‍ലെസ് ചാര്‍ജിങ് സംവിധാനം ഉണ്ടായിരിക്കും. സാംസങ് ഗാലക്സി എസ് 10 പ്ലസിനും, ഹുവായി മേറ്റ് 20 പ്രോയ്ക്കും നിലവില്‍ ഈ സംവിധാനം ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook