ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 12 എന്നാണ് അവതരിപ്പിക്കുന്നത്? കഴിഞ്ഞ കുറച്ച് നാളുകളായി ഐഫോൺ പ്രേമികളുടെ ഇടയിലും ടെക്‌നോളജി വിപണിയിലും ഉയർന്നു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. ടെക് ഭീമന്മാരായ ആപ്പിൾ അവരുടെ ഏറ്റവും ഐഫോണുകളുടെ ലോഞ്ചിങ് വൈകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ചടങ്ങ് വൈകുന്നത്. അതേസമയം ഐഫോൺ 12 സെപ്റ്റംബർ അവസാന വാരത്തോടെ ആപ്പിൾ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ അനുസരിച്ച് പരിപാടി ഓക്ടോബർ രണ്ടാം വാരവെ ഉണ്ടാകുവെന്നാണ്.
ജോൺ പ്രോസർ, ആപ്പിൾ ഇൻസൈഡർ, മാക്റൂമേഴ്സ് എന്നീ വെബ്സൈറ്റുകളുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓക്ടോബർ 13നായിരിക്കും കമ്പനി പുതിയ ഫോണുകൾ അവതരിപ്പിക്കുക. ഒക്ടോബർ 16 മുതൽ തന്നെ പ്രീ-ഓർഡറുകൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം ഐഫോൺ 12, ഐഫോൺ 12 മിനി എന്നീ മോഡലുകൾ ഒക്ടോബർ 23ന് വിപണിയിലെത്തുമെന്നും ഐഫോൺ 12പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നീ മോഡലുകൾ നവംബറിലായിരിക്കും എത്തുകയെന്നും പറയപ്പെടുന്നു.
പ്രോ മോഡലുകൾ വൈകാൻ കാരണം അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുവേണ്ടി വരുന്ന അധിക പ്രയാസമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നിർമ്മാണം തടസപ്പെട്ടതും ഇതിന് കാരണമായി പറയപ്പെടുന്നു.
എന്തൊക്കെയായാലും പുതിയ ഐഫോണിനായുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ. ഈ വർഷം ആപ്പിൾ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഇവന്റായിരിക്കും ഇത്. നേരത്തെ ഏപ്രിലിൽ നടത്തിയ ചടങ്ങിൽ പുതിയ ആപ്പിൾ വാച്ച് സീരീസ് 6, ആപ്പിൾ വാച്ച് എസ്ഇ, ഐപാഡ് എയർ 4, ഐപാഡ് എട്ടാം ജെൻ ആപ്പിൾ വൺ സബ്‌സ്‌ക്രിപ്‌ഷനും അവതരിപ്പിച്ചിരുന്നു.
ഐഫോൺ 12 സീരിസിൽ നാല് മോഡലുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഡിസൈനും, ട്രിപ്പിൾ ക്യാമറയും, A14 ബയോണിക് ചിപ്പും 5 ജി കണക്ടിവിറ്റിയുമൊക്കെയാണ് 12-ാം പതിപ്പിലെ പ്രധാന സവിശേഷതകൾ.