അനാവശ്യമായ എല്ലാ കോളുകളും സന്ദേശങ്ങളും നിരസിക്കാൻ സാധിക്കുന്ന ഫീച്ചർ ആപ്പിൾ ഐഫോണിലും. ആപ്പിൾ ഐഒസ് 12 ലാണ് പുതിയ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ഫോണുകളിൽ നേരത്തെ ലഭ്യമായ ഫീച്ചർ പ്രത്യേക സോഫ്റ്റുവെയർ ഉപയോഗിച്ചാലേ ഐഫോണിൽ സാധിക്കുമായിരുന്നുളളൂ.
ട്രായ്-യുടെ ഡി.എന്‍.ഡി. ആപ്പ് ആറു മാസത്തിനുള്ളില്‍ ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഇന്ത്യയില്‍ ഐഫോണ്‍ നിരോധിക്കുമെന്ന് ആപ്പിളിന് ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) മുന്നറിയിപ്പ് നൽകിയിരുന്നു. സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തടയുന്നതിനായുള്ള ഈ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നിരീക്ഷിക്കാനാകും. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന കാരണം കാട്ടിയാണ് ആപ്പ് ലഭ്യമാക്കാന്‍ ആപ്പിള്‍ തയ്യാറാവത്തത്.
9to5mac.com എന്ന ആപ്പിളിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മുൻകൂട്ടി നിശ്ചയിക്കാവുന്ന ഒന്നല്ല ഈ സൗകര്യം. ഉപഭോക്താവിന് അനവാശ്യമെന്ന് തോന്നുന്ന കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യാനുളള സൗകര്യം ഇവ ആദ്യം റദ്ദാക്കുന്ന ഘട്ടത്തിൽ ലഭിക്കും വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വെബ്സൈറ്റിലെ പോസ്റ്റിൽ പറയുന്നത് ഇങ്ങിനെ, “ആവശ്യമില്ലാത്ത സന്ദേശങ്ങളും കോളുകളും റദ്ദാക്കാൻ സെറ്റിംഗ്സ് ആപ്ലിക്കേഷനിൽ അൺവാണ്ടഡ് കമ്യൂണിക്കേഷൻ എക്സ്റ്റെൻഷൻ ആദ്യം തന്നെ ഓൺ ചെയ്തിരിക്കണം. ഈ സൗകര്യം ഒരു സമയം ഒരു നമ്പറിലേക്കേ സാധിക്കൂ.”
അനാവശ്യമായ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത് തടയാൻ കൃത്യമായ സംവിധാനം ഒരുക്കണമെന്നും, മൊബൈൽ സേവന ദാതാക്കൾ എല്ലാ ഉത്തരവാദിത്തങ്ങളും സ്വയം ഏൽക്കുമെന്ന് കരുതുന്നില്ലെന്നും ആപ്പിളിനെ ഉന്നമിട്ട് തന്നെ കഴിഞ്ഞ വ്യാഴാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു.
ആൻഡ്രോയ്ഡ് ഫോണുകളിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഡിഎൻഡി 2.0 (DnD 2.0) എന്ന ആപ്പ് ഉൾപ്പെടുത്തിയിട്ടും ആപ്പിൾ ഇതിന് തയ്യാറായിരുന്നില്ല. നിരോധനം മുന്നിൽ കണ്ടാണ് ഉപഭോക്താക്കൾക്ക് അനാവശ്യ കോളോ സന്ദേശമോ സ്ഥിരമായി വേണ്ടെന്ന് വയ്ക്കാനുളള സൗകര്യം ഏർപ്പെടുത്താൻ ആപ്പിൾ ഐഫോൺ തയ്യാറായിരിക്കുന്നത്.