ആപ്പിളിന്റെ ഐഒഎസ് 11.3 ഐഫോണ്‍ ഒഎസ് വേര്‍ഷന്‍ പുറത്തിറക്കി. പുതിയ അപ്ഡേഷനില്‍ ബാറ്ററിയും പവര്‍ മാനേജ്മെന്റും അടക്കം നിരവധി മികച്ച ഫീച്ചറുകളാണ് അടങ്ങിയിട്ടുളളത്. അനിമോജികള്‍, പരിഷ്കരിച്ച എആര്‍ ഫീച്ചര്‍ എന്നിവയുമുണ്ട്.

ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നീ ഡിവൈസുകളില്‍ പുതിയ അപ്ഡേഷന്‍ ലഭ്യമാകും. ഫോണിന്റെ ബാറ്ററിയുടെ നില അറിയാന്‍ സാധ്യമാകുന്നുണ്ട് പുതിയ അപ്ഡേഷനില്‍. ബാറ്ററി പ്രകടനം ഫോണിനെ ബാധിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാം. ബാറ്ററി ഫോണിന്റെ പ്രകടനത്തെ ബാധിക്കുന്നെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. നിങ്ങളുടെ ബാറ്ററി‍ സര്‍വീസ് ചെയ്യാനായെങ്കില്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിക്കും.

സെറ്റിങ്സ്> ബാറ്ററിയില്‍ പോയാല്‍ ഈ ഫീച്ചര്‍ കാണാനാവും. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍7 പ്ലസ് എന്നീ ഡിവൈസുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

ഡാറ്റ സ്വകാര്യത സുരക്ഷിതമാക്കുന്ന സംവിധാനവും ഐഒഎസ് 11.3 അപ്ഡേഷനിലുണ്ട്. അനിമോജി കാരക്ടറുകള്‍, ബിസിനസ് ചാറ്റ് എന്ന പേരില്‍ പുതിയ മെസേജിങ് ആപ്, മികച്ച ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) അനുഭവം നല്‍കുന്ന പരിഷ്കരിച്ച കിറ്റ് എന്നിവയും പ്രത്യേകതയാണ്. ഐഒഎസ് സെറ്റിങ്സിലെ സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് സെക്ഷനില്‍ പോയാല്‍ പുതിയ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ