ന്യുഡല്‍ഹി: ടെക്ക് ലോകത്തെ ഞെട്ടിച്ച് ആപ്പിള്‍ കമ്പനി ഐഫോണ്‍ 7നും സെവന്‍ പ്ലസും ചുവപ്പ് നിറത്തില്‍ പുറത്തിറക്കി. 32 ജിബി, 128 ജിബി സംഭരണസേഷിയുള്ള പുതിയ ഐപാഡിനും ഐഫോണ്‍ എസ്ഇക്കും ഒപ്പമാണ് ചുവപ്പ് നിറത്തിലുള്ള ഐഫോണുകളും കന്പനി പുറത്തിറക്കിയത്.

ഐഫോണ്‍ 7, സെവണ്‍ പ്ലസ് എന്നിവയുടെ 128 ജിബി, 256 ജിബി മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. 82,000 രൂപയായിരിക്കും ഫോണിന്റെ വില. പുതുതായി പുറത്തിറക്കുന്ന ആപ്പിള്‍ 7ന്റെ ജെറ്റ് ബ്ലാക്ക്, ബ്ലാക്ക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളുള്ള മോഡലുകളോടൊപ്പമായിരിക്കും പുതിയ നിറത്തിലുള്ള പതിപ്പ് വില്‍പനയ്ക്കെത്തുക. പത്രക്കുറിപ്പിലൂടെയാണ് ടെക്ക് ഭീമനായ ആപ്പിള്‍ ഇക്കാര്യം അറിയിച്ചത്.

ആഗോളതലത്തില്‍ എയ്ഡ്സിനെതിരെ പോരാടുന്ന റെഡ് എന്ന സംഘടനയോടൊപ്പം കൈകോര്‍ത്താണ് പുതിയ ഉത്പന്നം ആപ്പിള്‍ പുറത്തിറക്കുന്നത്. ചുവന്ന ആപ്പിള്‍ ഫോണുകള്‍ വാങ്ങുന്നതിലൂടെ എയ്ഡ്സിനെതിരായ ആഗോള ഫണ്ടിലേക്ക് ഉപഭോക്താക്കള്‍ക്ക് സംഭാവന നല്‍കുന്നത് സാധ്യമാകുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് ആപ്പിള്‍ പുറത്തിറക്കിയ ചുവന്ന ഐ പാഡ് നാനോ പതിപ്പ് അടക്കം വാങ്ങി എയ്ഡ്സിനെതിരെ രംഗത്ത് വന്നതായി ടിം കുക്ക് സൂചിപ്പിച്ചു. മാര്‍ച്ച് 24 മുതല്‍ ലോകത്തുടനീളം ഓണ്‍ലൈനിലൂടെയും അല്ലാതെയും പുതിയ പതിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയും. റെഡിനൊപ്പം കൈകോര്‍ത്ത് എയ്ഡ്സിനെതിരായ പോരാട്ടത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് ആപ്പിള്‍ കമ്പനിയാണ്.

ഐഫോണ്‍ 7 പ്ലസിന്റെ അതേ രീതിയിലുള്ള ഇരട്ട ക്യാമറാ ഫീച്ചറുകള്‍ തന്നെയാവും ഇതിലും ഉള്‍പ്പെടുത്തുക. ചില രീതിയിലെങ്കിലും പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാരെ പോലു തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ഐഫോണ്‍ 7 പ്ലസിന്റെ ക്യാമറയെന്നാണ് കമ്പനി പറയുന്നത്. ഇതുകൊണ്ടു തന്നെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി കൂടുതല്‍ ജനപ്രിയമാകാനുള്ള സാധ്യത വര്‍ധിക്കുന്നു.

അതുപോലെ ഐഓഎസ് 10ല്‍ റോ (RAW) ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്നതും പ്രധാന സവിശേഷതയാണ്. 7MP ആണ് രണ്ടു ഫോണുകളുടെയും മുന്‍ ക്യാമറ. അതുകൊണ്ട് തന്നെ സെല്‍ഫീ പ്രേമികള്‍ക്കുള്ള ഒരു മുതല്‍ക്കൂട്ടു തന്നെയാണ് ഐഫോണ്‍ 7നും സെവന്‍ പ്ലസും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook