ചെന്നൈ: ആപ്പിൾ അടക്കമുള്ള ആഗോള മൊബൈൽ ഫോൺ കമ്പനികൾക്ക് കരാർ അടിസ്ഥാനത്തിൽ മൊബൈൽ ഹാൻഡ് സെറ്റുകൾ നിർമിച്ചു നൽകുന്ന കമ്പനിയായ ഫോക്സ്കോൺ, ഇന്ത്യയിൽ 100 കോടി ഡോളറിന്റെ ( ഏതാണ്ട് 7517 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.
ദക്ഷിണേന്ത്യയിലെ ഒരു ഫാക്ടറി വിപുലീകരിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്കായാണ് ഫോക്സ്കോൺ നിക്ഷേപമിറക്കുന്നതെന്ന് റോയ്റ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഐഫോൺ ഉൽപാദനം ചൈനയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റാനുള്ള ആപ്പിളിന്റെ ആവശ്യപ്രകാരമാണ് ഫോക്സ്കോണിന്റെ പുതിയ നടപടിയെന്നാണ് സൂചന. ഉപഭോക്താക്കളിൽ നിന്ന് സമ്മർദ്ദം ഉയർന്ന സാഹചര്യത്തിലാണ് ഫോൺ നിർമാണം ചൈനയിൽ നിന്ന് പുറത്തേക്ക് മാറ്റാൻ ആപ്പിൾ ആവശ്യപ്പെട്ടത്.
Read More: 2025-ല് ഇന്ത്യയിലെ ഓരോ സ്മാര്ട്ട്ഫോണിലും പ്രതിമാസ ഡാറ്റാ ഉപയോഗം 25 ജിബി ആകും
ഐ ഫോണുകൾ ചൈനയ്ക്ക് പുറത്ത് നിർമിക്കണമെന്ന ആപ്പിളിന്റെ ആവശ്യത്തെത്തുടർന്നാണ് ഇന്ത്യയിൽ കമ്പനി നിക്ഷേപം വർധിപ്പിക്കാനൊരുങ്ങുന്നതെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ആപ്പിൾ ഐഫോണുകൾ ചൈനയിലുള്ള ഫാക്റ്ററികളിലൂടെയാണ് ഫോക്സ്കോൺ നിർമിച്ചു നൽകിയിരുന്നത്. ഐഫോണുകൾ ചൈനക്ക് പുറത്ത് നിർമിക്കുന്നതിനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിരുന്നു.
ചെന്നൈക്ക് സമീപം ശ്രീ പെരുമ്പുത്തൂരിലെ പ്ലാന്റ് വിപുലീകരിക്കാനാണ് ഫോക്സ്കോണിന്റെ പദ്ധതിയെന്നാണ് സൂചന. ചെന്നൈക്ക് സമീപം സമീപം ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയിലും ഫോക്സ്കോണിന്റെ പ്ലാന്റ് ആരംഭിച്ചിരുന്നു. ഷവോമിയുടെ ഫോണികളാണ് ശ്രീസിറ്റിയിൽ നിർമിക്കുന്നത്. നോക്കിയ അടക്കമുള്ള മറ്റ് കമ്പനികൾക്കും തായ്പെയ് ആസ്ഥാനമായ ഫോക്സ്കോൺ മൊബൈൽ ഫോണുകൾ നിർമിച്ചു നൽകുന്നുണ്ട്.
Read More: അണിയറയിൽ ആപ്പിൾ ഐഫോൺ 12; ഇതുവരെ നമുക്കറിയാവുന്നതെല്ലാം
ശ്രീ പെരുമ്പത്തൂർ പ്ലാന്റിൽ ആപ്പിളിന്റെ ഐഫോൺ എക്സ്ആർ മോഡൽ ഉൽപാദിപ്പിച്ചിരുന്നു. നിലവിൽ ചൈനയിൽ നിർമിക്കുന്ന മറ്റ് ചില ഐഫോൺ മോഡലുകൾ കൂടി ശ്രീ പെരുമ്പുത്തൂരിലെ ഫാക്ടറിയിലേക്ക് മാറ്റാനാണ് സാധ്യത.
വികസനത്തിന്റെ ഭാഗമായി പ്ലാന്റിൽ 6000 പേർക്ക് അധിക തൊഴിൽ നൽകാൻ കമ്പനിക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഐഫോൺ ഉൽപാദനം കൂടുതലായി ഇന്ത്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഫോക്സ്കോണിന്റെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കാനാവില്ലെന്നാണ് ഫോക്സ്കോണിന്റെ മറുപടിയെന്ന് റോയ്റ്റേഴ്സ് റിപോർട്ട് ചെയ്യുന്നു.
ആപ്പിളിന്റെ ഭാഗത്തു നിന്നും ഇത്തരം സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാൽ ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുമെന്ന് ഫോക്സ്കോൺ ചെയർമാൻ ലിയു യോങ്ങ് വേ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.