കോവിഡ്-19നെ നിയന്ത്രിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് പല ലോകരാജ്യങ്ങളും. ഇതിനോടകം തന്നെ എഴുപതിനായിരത്തോട് അടുക്കുന്ന മരണനിരക്ക് ആശങ്കയിലാക്കുന്നത് ഭാവിയെ തന്നെയാണ്. ഫലപ്രദമായി വൈറസിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നതാണ് വാസ്തവം. രോഗികളെ ശുശ്രൂഷിച്ച പല ഡോക്ടർമാരും നഴ്സുമാർക്കും വൈറസ് ബാധയേറ്റു. ഈ സാഹചര്യത്തിൽ ഇവർക്കായി പ്രത്യേക മുഖാവരണം നിർമ്മിച്ചിരിക്കുകയാണ് ഡിജിറ്റൽ ഇന്നൊവേഷൻ ഭീമന്മാരായ ആപ്പിൾ.

ആപ്പിൾ സിഇഒ ടിം കുക്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ നടത്തിയത്. ആപ്പിളിന്റെ ഡിസൈൻ, എൻജിനീയറിങ്, പാക്കേജിങ്, ഓപ്പറേഷൻ ടീമുകളെല്ലാം ചേർന്ന് പ്രവർത്തിക്കുന്ന ഒരു വലിയ പ്രൊജക്ടാണ് ഇതെന്ന് കുക്ക് പറഞ്ഞു. ഇത്തരത്തിൽ ആപ്പിൾ രൂപകൽപ്പന ചെയ്ത് നിർമിച്ച മുഖാവരണങ്ങൾ കാലിഫോർണിയയിലെ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്നുണ്ടെന്നും ഡോക്ടർമാരിൽ നിന്നുള്ള ആദ്യ പ്രതികരണം പോസിറ്റീവാണെന്നും കുക്ക് വ്യക്തമാക്കി.

Also Read: കോവിഡ്-19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുണ്ടോ? കണ്ടെത്താൻ മൊബെെൽ ആപ്പ്

ഈ ആഴ്ച അവസാനത്തോടെ ഒരു ദശലക്ഷം ഫെയ്സ് ഷീൽഡുകൾ കയറ്റി അയയ്ക്കാനാണ് ആപ്പിൾ ഉദ്ദേശിക്കുന്നത്. അതിനുശേഷം ആഴ്ചയിൽ ഒരു ദശലക്ഷം വീതവും മുഖാവരണങ്ങൾ കയറ്റിയയ്ക്കും. ചൈനയിലും അമേരിക്കയിലുമുള്ള നിർമാണ യൂണിറ്റുകളിലാണ് നിലവിൽ നിർമാണം നടക്കുന്നതെന്നും കുക്ക് വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ആപ്പിൾ ആരോഗ്യ സംഘടനകളെയും സർക്കാരുകളെയും സഹായിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. കോവിഡ് ഭാഗികമായാണെങ്കിലും ലോകത്തിന്റെ പല ഭാഗത്തും ആപ്പിളിനെയും ബാധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണും തിരിച്ചടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook