മൊബൈൽ ഫോൺ മാർക്കറ്റിലെ വമ്പന്മാരായ ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ വിൽപന വിപുലമാക്കാൻ ഒരുങ്ങുന്നതായി സൂചന. പ്രമുഖ തൊഴിൽ അധിഷ്ഠിത വെബ്സൈറ്റായ ലിങ്ക്ഡ് ഇന്നിൽ കമ്പനി നൽകിയിരിക്കുന്ന ഒരു തൊഴിൽ പരസ്യമാണ് സൂചനകൾ ശക്തമാക്കുന്നത്. ബിസിനസ് ഡവലപ്മെന്റ് മാനേജറെ ആവശ്യമുണ്ടെന്ന് കാട്ടിയാണ് ആപ്പിൾ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.

ജോലിയുടെ സ്വഭാത്തെക്കുറിച്ചും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്താകമാനം ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന കൂട്ടാനുള്ള ഉത്തരവാദിത്വമാണ് പ്രധാനം. സാമ്പത്തിക സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ക്രെഡിറ്റ് ബ്യൂറോകൾ, അംഗീകൃത വിൽപ്പനക്കാർ എന്നിവരുമായി ചേർന്നായിരിക്കും പ്രവർത്തിക്കേണ്ടതെന്നും കമ്പനി പറയുന്നു. വിൽപ്പന കൂട്ടുന്നതിന് ആവശ്യമായ പദ്ധതി തയ്യാറാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യണം.

ലോകത്തെ സഹസ്രകോടി ഡോളർ വരുമാനമുള്ള ആദ്യ കമ്പനിയാണ് ആപ്പിൾ എങ്കിലും ഇന്ത്യൻ മാർക്കറ്റിൽ സ്ഥാനമുണ്ടാക്കാൻ കമ്പനിക്കായിട്ടില്ല. ചുരുക്കം ഉപയോക്താക്കൾ മാത്രമേ ഇന്ത്യയിൽ ആപ്പിളിനുള്ളൂ. പ്രീമിയം വിഭാഗത്തിൽ ആപ്പിളിനും സാംസങ്ങിനും പുറമേ വൺ പ്ലസിന്റെ കടന്നുവരവും കമ്പനിക്ക് വെല്ലുവിളിയായതോടെയാണ് വ്യാപാരം വ്യാപിപ്പിക്കാൻ ആപ്പിൾ തയ്യാറെടുക്കുന്നത്.

ഇറക്കുമതി സ്മാർട്ട് ഫോണുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി സർക്കാർ കൂട്ടിയതും കമ്പനിക്ക് സ്വന്തമായി രാജ്യത്ത് വിൽപനശാലകൾ ഇല്ലാത്തതും ആപ്പിളിന് ഇന്ത്യൻ വിപണിയിൽ നേട്ടമുണ്ടാക്കുന്നതിന് വിലങ്ങുതടിയാണ്. ഇതേതുടർന്ന് ആപ്പിൾ വിവിധ പദ്ധതികളാണ് ഇന്ത്യയിൽ ആസൂത്രണം ചെയ്യുന്നത്. നേരത്തെ കമ്പനി ഇന്ത്യൻ തലപ്പത്തും മാറ്റങ്ങൾ വരുത്തിയിരുന്നു. പുതിയ തസ്തികകളും പദ്ധതികളും കമ്പനി ആസൂത്രണം ചെയ്യുന്നതോടെ വിലയിലും കാര്യമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook