പഴയ ഫോണുകളുടെ പ്രവര്‍ത്തനത്തില്‍ തിരിമറി നടത്തിയതിന് ടെക് വമ്പന്മാരായ ആപ്പിളിനും സാംസങ്ങിനും പിഴ വിധിച്ചു. പഴയ ഫോണുകളുടെ വേഗം മനഃപൂര്‍വ്വം ഇരു കമ്പനികളും മന്ദഗതിയിലാക്കിയതായി ഇറ്റലിയിലെ വിപണി അതോറിറ്റി കണ്ടെത്തി. ‘തന്ത്രപരമായ കാലഹരണപ്പെടുത്തല്‍’ എന്നാണ് ഇറ്റലിയിലെ വിപണന അതോറിറ്റി ഇതിനെ വിശേഷിപ്പിച്ചത്. പുതിയ ഫോണുകള്‍ വാങ്ങാനായി ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കാന്‍ വേണ്ടിയാണ് പഴയ ഫോണുകളുടെ വേഗത കമ്പനികള്‍ മനഃപൂര്‍വ്വം കുറച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് പരാതികളെ തുടര്‍ന്ന് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. ഫോണുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ തിരിമറികളാണ് കമ്പനികള്‍ നടത്തിയത്. പഴയ ഫോണുകളില്‍ പുതിയ സോഫ്റ്റ്‍വെയര്‍ അപ്ഡേഷനുകള്‍ നല്‍കിയാണ് കമ്പനി വേഗത കുറച്ചത്. ഇത് ആദ്യമായാണ് കമ്പനികള്‍ക്കെതിരെ ഇത്തരത്തിലുളള ആരോപണത്തിന് പിഴ വിധിക്കുന്നത്. സോഫ്‍റ്റ്‍വെയര്‍ അപ്ഡേഷനിലൂടെ ഫോണിന്റെ വേഗതയില്‍ കാര്യമായ കുറവുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി.
‘ആപ്പിളും സാംസങ്ങും വഞ്ചനാപരമായ വിപണന തന്ത്രമാണ് കാണിച്ചത്. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്ഡേഷനിലൂടെ ഗുരുതരമായ ക്രമക്കേട് നടത്തി ഫോണിന്റെ പ്രവര്‍ത്തനത്തെ ദുഷ്കരമായി ബാധിച്ചു. ഇത് പുതിയ ഫോണുകള്‍ വാങ്ങുന്നതിന് ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കി,’ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ എന്തൊക്കെ മാറ്റം ഉണ്ടാകുമെന്ന വിവരം ഇരു കമ്പനികളും നല്‍കിയില്ലെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു. കൂടാതെ ഒരു തവണ അപ്ഡേറ്റ് ചെയ്താല്‍ പഴയ നിലയിലേക്ക് പോവാനുളള നിർദ്ദേശങ്ങളും നല്‍കുന്നില്ല.
സാംസങ്ങിന്റെ നോട്ട് 4 ഉപയോക്താക്കളോട് കമ്പനി ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഒഎസിന്റെ പുതിയ അപ്ഡേഷനിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു.. എന്നാല്‍ ഈ സോഫ്റ്റ്‍വെയര്‍ അപ്ഡേഷൻ ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കി. ഗ്യാലക്സി നോട്ട് 7 ഉപയോക്താക്കളെ കൊണ്ട് വാങ്ങിക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അതുപോലെ തന്നെ ആപ്പിള്‍ 6 ഉപയോക്താക്കളോട് ആപ്പിള്‍ 7ന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇത് ഫോണിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിച്ചെന്നും കണ്ടെത്തി. ഇരു കമ്പനികള്‍ക്കും 5 മില്യണ്‍ ഡോളര്‍ (ഏകദേശം 37 കോടി രൂപ വീതം) വീതമാണ് പിഴ വിധിച്ചത്. കൂടാതെ ലിഥിയം ബാറ്ററിയെ കുറിച്ച് ഉപയോക്താക്കള്‍ക്ക് ആവശ്യമായ വിവരം നല്‍കാത്തതിന് ആപ്പിളിന് 5 മില്യണ്‍ ഡോളര്‍ കൂടി പിഴ വിധിച്ചിട്ടുണ്ട്. കൂടാതെ ഇറ്റാലിയന്‍ വെബ്സൈറ്റില്‍ പിഴ ലഭിച്ച കാര്യം പരസ്യപ്പെടുത്തി നോട്ടീസ് ഇടണമെന്നും നിർദ്ദേശിച്ചു. ഇരു കമ്പനികളും അതോറിറ്റിയുടെ കണ്ടെത്തല്‍ നിഷേധിച്ചിരുന്നെങ്കിലും പിഴ വിധിക്കുകയായിരുന്നു.