സച്ചിനെ പോലെ ക്രിക്കറ്റ് കളിക്കുക എന്ന് ഏതൊരു ക്രിക്കറ്റ് പ്രേമിയും ഒരിക്കലെങ്കിലും സ്വപ്നം കണ്ട സംഗതിയാണ്. എന്നാല്‍ സച്ചിൻ ഷോട്ടുകളടിക്കാൻ ആരാധകർക്ക് അവസരം ഒരുക്കുകയാണ് പുനെയിലുള്ള വിനോദ സ്റ്റാർട്ടപ്പായ ‘ജെറ്റ്സിൻതിസീസ്’.
സച്ചിൻ സാഗാ ഓഫ് ക്രിക്കറ്റ് ചാംപ്യൻസ് എന്ന പേരിലുള്ള ആൻഡ്രോയ്ഡ് ഗെയിമിലൂടെ മാസ്റ്റർ ബ്ലാസ്റ്ററുടെ രണ്ട് പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് ചരിത്രം നിങ്ങൾക്ക് പുനസൃഷ്ടിക്കാം. ‘ക്രിക്കറ്റ് ആരാധകർക്ക് താൻ കളിച്ച ക്രിക്കറ്റ് അനുഭവിച്ചറിയാനുള്ള ഒരു ‘പ്ലാറ്റ്ഫോം’എന്ന നിലക്കാണ് ഗെയിം ഒരുക്കിയതെന്ന് ബംഗളൂരുവിൽ ഗെയിം അവതരിപ്പിച്ച് കൊണ്ട് സച്ചിൻ പറഞ്ഞു.
സച്ചിൻ കളിച്ച 108 ഓളം മികച്ച മാച്ചുകളും അതിൽ താരം അടിച്ച മികച്ച ഷോട്ടുകളും സാങ്കല്‍പ്പികമായി നിങ്ങൾക്കും സ്മാർട് ഫോണിൽ കളിക്കാനാവുന്ന വിധത്തിലാണ് പുതിയ ഗെയിം തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വർഷമെടുത്ത് മികച്ച ഗ്രാഫിക്സ് ഉപയോഗിച്ചാണ് ഗെയിം നിർമിച്ചിരിക്കുന്നത്. ഗെയിമിന് വേണ്ടി സച്ചിന്റെ ബാറ്റിങ് ചിത്രീകരിച്ചത് ജെയിംസ് ബോണ്ട് ചിത്രങ്ങൾ അടക്കം ചിത്രീകരിക്കുന്ന ലണ്ടനിലെ ഹൈ ടെക് സ്റ്റുഡിയോവിലാണ്. ഗെയിം ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സോറ്റോറില്‍ ലഭ്യമാണ്.