2020ൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തത് ടിക്ടോക്, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ ആപ്പുകൾ. ആപ്പ്ആനി എന്ന അനലിറ്റിക്സ് കമ്പനി പുറത്തിറക്കിയ ”സ്റ്റേറ്റ്സ് ഓഫ് മൊബൈൽ 2021” എന്ന റിപ്പോർട്ടിലാണ് ഈ വിവരം. ഏറ്റവും കൂടുതൽ നേരം വീഡിയോ സ്ട്രീമിങ്ങിനായി ഉപയോഗിച്ചത് യൂട്യൂബ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കാണ്. അതിനു താഴെ വാട്സ്ആപ്പ്, സ്നാക്ക് വീഡിയോ, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകളാണ്. ഇന്ത്യയിൽ ജൂണിൽ നിരോധിച്ച ടിക്ടോക് ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്. നവംബറിൽ സ്നാക്ക് വീഡിയോയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.
2020ൽ ആഗോളതലത്തില്‍ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ഗെയിം ‘സബ്‌വേ സർഫേഴ്സ്’ ആണ്. ‘ഫ്രീ ഫയർ നു അമേരിക്കയിൽ കൂടുതൽ ഡൗൺലോഡുകൾ ഉണ്ടായപ്പോൾ ഇന്ത്യയിൽ കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തത് ലുഡോ കിംഗ് ആണ്. അതിനു താഴെ രണ്ടും മൂന്നും സ്ഥാനങ്ങളിലായി ക്യാരം പൂളും, ഹണ്ടർ അസ്സാസ്സിനുമുണ്ട്. ഒരോ മാസത്തെ ഡൗൺലോഡുകളുടെ കണക്കെടുത്താൽ അതിലും ലുഡോ കിംഗ് ആണ് മുൻപന്തിയില്‍. രണ്ടാം സ്ഥാനത്ത് പബ്ജി മൊബൈലും, മൂന്നാം സ്ഥാനത്ത് ഫ്രീ ഫയറുമുണ്ട്.
Read Also: നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാമോ? ഇല്ലെങ്കിൽ ഗൂഗിൾ മാപ്പിൽ വഴിയുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ നടന്ന ഗെയിമുകളിൽ നാലാമതാണ് ഫ്രീ ഫയർ. ലോക്ക്ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത് കളിച്ച ലുഡോ കിംഗ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഡൗൺലോഡുള്ള ഗെയിമിങ് ആപ്പ് ആയതിൽ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഗെയ്മിംഗ് ആരാധകര്‍ക്ക് പ്രിയപ്പെട്ട പബ്ജി സെപ്റ്റംബറിൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
വീഡിയോ സ്ട്രീമിംഗ് ആപ്പുകളിൽ ഗൂഗിൾ സർവീസുകൾ ലഭ്യമല്ലാത്ത ചൈന ഒഴികെയുള്ള എല്ലാ മാർക്കറ്റുകളിലും ഒന്നാമത് യൂട്യൂബ് തന്നെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ, ഒരു മാസം ശരാശരി 26.5 മണിക്കൂർ എന്ന കണക്കിൽ വീഡിയോ സ്ട്രീമിംഗ് ആപ്പുകളിൽ ഒന്നാമത് യൂട്യൂബ് ആണ്. പുറകെ അടുത്തടുത്ത സ്ഥാനങ്ങളിലായി എംഎക്സ് പ്ലെയർ, ഹോട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ ആപ്പുകളും വരുന്നു. വാർത്തകളും കായിക മത്സരങ്ങളും സ്ട്രീം ചെയ്യുന്ന ആപ്പുകളെ ഒഴിവാക്കിയുള്ള കണക്കാണിത്. ലോകത്തിൽ മൊത്തത്തിലുള്ള കണക്കെടുത്താല്‍ രണ്ടാമത് നിൽക്കുന്ന വീഡിയോ സ്ട്രീമിംഗ് ആപ്പിന്റെ ആറിരട്ടി വർദ്ധനവ് യൂട്യൂബ് സ്ട്രീമിങ്ങിൽ ഉണ്ടായിട്ടുണ്ട്. ഒരു മാസം ശരാശരി 38 മണിക്കൂറിലധികം സമയം ഒരാൾ യൂട്യൂബ് കാണുന്നുണ്ട്.
ടിക്ടോക്കിനു എതിരാളികൾ കൂടിയതും, ഇന്ത്യയിൽ നിരോധിക്കപ്പെട്ടതും മറ്റ് വീഡിയോ സ്ട്രീമിംഗ് ആപ്പുകൾ ടിക്ടോക്കിന്റെ സ്ഥാനം അപഹരിക്കാൻ ഇടയായെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 ൽ ഇന്ത്യയിൽ പെട്ടെന്ന് പൊങ്ങി വന്ന ഒരു വീഡിയോ സ്ട്രീമിംഗ് ആപ്പ് എംഎക്സ് പ്ലെയറാണ്.
ആഗോളതലത്തിൽ പിന്ററെസ്റ്റിലൂടെയും ഇന്സ്റ്റഗ്രാമിലൂടെയുമുള്ള വില്പനകൾ 50, 20 ശതമാനം ഓരോ വർഷങ്ങളിലും വർദ്ധിച്ചതായും റിപ്പോർട്ടിലുണ്ട്.
ബിസിനസ്സ് ആപ്പുകളായ സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീംസ് തുടങ്ങിയ ആപ്പുകളിൽ ഇന്ത്യക്കാർ കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. 3 ബില്യൺ മണിക്കൂറുകളാണ് 2020 പകുതി കഴിഞ്ഞപ്പോഴേക്കും ഇന്ത്യക്കാര്‍ ഈ ബിസിനസ്സ് അപ്പുകളിൽ ചിലവഴിച്ച സമയം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമയം ഉപയോക്താക്കൾ ചിലവഴിച്ച ആപ്പുകൾ ടിൻഡർ, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, ഗൂഗിൾ വൺ, ട്രൂകോളർ, നെറ്റ്ഫ്ലിക്സ്, ഉദെമി എന്നിവയാണ്. ഓരോ മാസവും കൂടുതൽ ആളുകൾ ഉപയോഗിച്ച ആപ്പുകൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്രൂകോളർ, ഫേസ്ബുക്ക് മെസ്സഞ്ചർ, ആമസോൺ, ഇൻസ്റ്റഗ്രാം എന്നിവയാണ്.