ഡിസംബർ 11 വരെയുള്ള ഒരാഴ്ചത്തെ കണക്കുകൾ ഗൂഗിൾ പുറത്തുവിട്ടപ്പോൾ ആൻഡ്രോയ്ഡ് ഒറിയോക്ക് ആവശ്യക്കാർ തീരെയില്ല. ആകെയുള്ള മൊബൈൽ ഉപഭോക്താക്കളിൽ വെറും അര ശതമാനം(0.5) പേർ മാത്രമാണ് ആൻഡ്രോയ്ഡിന്റെ പുതിയ വേർഷൻ ഉപയോഗിച്ചത്.

കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം വെറും 0.3 ശതമാനം സ്മാർട്ട്ഫോണുകളിലാണ് ഈ ആൻഡ്രോയ്ഡ് വേർഷൻ ഉപയോഗിച്ചിരുന്നത്. വെറും അരശതമാനത്തിന്റെ വർദ്ധനവ് മാത്രമേ ഉണ്ടാക്കാനായുള്ളൂ എന്നത് ആൻഡ്രോയ്‌ഡ് ഒറിയോയുമായി ബന്ധപ്പെട്ട് സാങ്കേതിക ലോകത്തിന് വലിയ ഞെട്ടലുണ്ടാക്കിയത്.

ഡിസംബർ മാസത്തിലുണ്ടായിരിക്കുന്ന മാറ്റം പോലും പുതിയ ഫോണുകളുടെ വിൽപ്പനയിലൂടെ നേടിയതാണ്. നോക്കിയ 8, എച്ച്ടിസി യു 11, സോണി എക്സ്പീരിയ XZ പ്രീമിയം എന്നിവ വിപണിയിലിറക്കിയതോടെയാണ് 0.2 ശതമാനം വളർച്ച നേടിയത്.

ഗ്യാലക്സി എസ് 8 ഉം നോട്ട് 8 ഉം പുറത്തുവരുന്നതോടെ നില മെച്ചപ്പെട്ടേക്കുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടൽ. അതേസമയം ഇതിന് തൊട്ടുമുൻപത്തെ വേർഷനായ ആൻഡ്രോയ്‌ഡ് നൊഗട്ട് ഇപ്പോഴും വളർച്ചയുടെ ഘട്ടത്തിലാണ്. 20 ശതമാനത്തിൽ നിന്ന് 23.3 ശതമാനത്തിലേക്ക് ഈ വേർഷൻ വളർന്നു.

ആൻഡ്രോയ്ഡ് 6.0 മാർഷ്‌മാലോ ഒരു ശതമാനം താഴ്ന്ന് 29.7 ൽ എത്തി. ലോലിപോപ്പിന് 26.3 ഉം കിറ്റ്കാറ്റിന് 13.4 ഉം ഉപയോക്താക്കളാണ് ഉള്ളത്. ഫോൺ നിർമ്മാതാക്കളുടെ ആൻഡ്രോയ്ഡിന്റെ പുതിയ വേർഷന് പ്രചാരം വർദ്ധിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതായാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ