വര്‍ഷാവര്‍ഷം നടത്താറുളള ആമസോണിന്‍റെ പ്രൈംഡേ സെയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനിച്ചത്. ജൂലൈ 15ന് തുടങ്ങിയ പ്രൈം ഡേ വില്‍പ്പന 16ന് രാത്രി 12 മണി വരെയാണ് നീണ്ടുനിന്നത്. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പുളള ഉപഭോക്താക്കള്‍ക്കു മാത്രമെ പ്രൈം ഡേ സെയിലില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നുളളു. 5000 ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുണ്ടായി.

വമ്പന്‍ ഓഫറുകളും ഡിസ്കൗണ്ടുകളുമായി രണ്ട് ദിവസം നീണ്ടുനിന്ന വില്‍പ്പനയില്‍ നിരവധി പേര്‍ക്കാണ് സാധനങ്ങള്‍ വാങ്ങിയതിലൂടെ ലാഭമുണ്ടായത്. അതില്‍ 99 ശതമാനം ഡിസ്കൗണ്ട് ചില ക്യാമറാ ഉപകരണങ്ങള്‍ക്ക് ലഭിച്ചതായാണ് ചില ഉപഭോക്താക്കള്‍ അവകാശപ്പെടുന്നത്. പെറ്റാ പിക്സലാണ് ഇത് സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷക്കണക്കിന് രൂപ വിലയുളള ക്യാമറകളും ലെന്‍സുകളും കുറഞ്ഞ വിലയ്ക്കാണ് ലഭിച്ചത്.

സോണി, ഫ്യുജി ഫിലിം, കനോണ്‍ എന്നിവരുടെ ഉപകരണങ്ങളൊക്കെ ആമസോണില്‍ വന്‍ വിലക്കുറവില്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ ഏറെ ആകര്‍ഷകമായ ഇടപാട് കനോണ്‍ ഇ.എഫ് 800 എം.എം f/5.6L ഐഎസ് ടെലിഫോട്ടോ ലെന്‍സിന്റെ വില്‍പ്പനയായിരുന്നു. 800mm വരുന്ന ഈ ടെലിഫോട്ടോ ലെന്‍സിന് യഥാര്‍ത്ഥത്തില്‍ ഏകദേശം 13,000 ഡോളറാണ് വില. അതായത് ഏകദേശം 8,95,000 രൂപ. എന്നാല്‍ ആമസോണ്‍ പ്രൈംഡേ സെയിലില്‍ ഈ ലെന്‍സ് വെറും 94.48 ഡോളറിനാണ് വില്‍പ്പനയ്ക്ക് വെച്ചത്. അതായത് വെറും 6,400 രൂപ മാത്രം. ഇത്തരത്തില്‍ നിരവധി ഉപകരണങ്ങലാണ് അത്ഭുതപ്പെടുത്തുന്ന ഡിസ്കൗണ്ടില്‍ വില്‍പ്പനയ്ക്ക് എത്തിയത്.

പലരും ഇത് ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കുകയും ചെയ്തു. എന്നാല് പിന്നീട് ചിലര്‍ നോക്കിയപ്പോള്‍ ഈ ഓഫര്‍ കാണാനായില്ല. ആമസോണിന് വിലയിട്ടപ്പോള്‍ തെറ്റിയതാണോ എന്ന സംശയത്തിലാണ് ഉപയോക്താക്കള്‍. ഇത് സംബന്ധിച്ച പ്രതികരണം തേടിയെങ്കിലും ആമസോണ്‍ പ്രതികരിച്ചിട്ടില്ല.

Read More: ആമസോൺ പ്രൈം ഡേ സെയ്ൽ; വമ്പൻ ഓഫറും, പുത്തൻ ഉൽപ്പന്നങ്ങളും

സ്മാര്‍ട്ട്ഫോണ്‍ മേഖലയാണ് വിലക്കുറവിന്‍റെ പൊടിപൂരം നടന്ന മറ്റൊരിടം. സാംസങ് ഗാലക്സി എം30(13,990), ഷവോമി എംഐ എ2 (9,999) വണ്‍ പ്ലസ് 6ടി(27,999) നോക്കിയ 8.1 (18,499) എന്നിങ്ങനെ പോകുന്നു വിലക്കുറവിന്‍റെ മഹാമേള. ഇതോടൊപ്പം ഫോണുകള്‍ക്ക് മികച്ച എക്സ്ചേഞ്ച് ഓഫറുമുണ്ടായിരുന്നു.

ടെലിവിഷനുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും മികച്ച വിലക്കുറവുണ്ട്. ഇതില്‍ എടുത്തുപറയേണ്ടത് 4K ടെലിവിഷനുകളാണ് .ഈ ടെലിവിഷനുകൾക്ക് ഒപ്പം No Cost EMI,ആമസോൺ ബോണസ് ,HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിച്ചു വിവിധ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകളും ഓഫര്‍ വിലയില്‍ ആമസോണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വില്‍പ്പനയ്ക്ക് പുറമെ അഞ്ഞൂറിലധികം പുതിയ ഉല്‍പ്പന്നങ്ങളും ആമസോണ്‍ ഒരുക്കിയിരുന്നു. ആമസോണില്‍ ഇത്തവണ രാജ്യത്തെ ചെറുകിട സംരംഭകരുടെയും പരമ്പരാഗത കരകൗശല നിര്‍മ്മാണ തൊഴിലാളികളുടെയും ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook