ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണിന്റെ ഈ വർഷത്തെ പ്രൈ ഡേ സെയിൽ ഓഗസ്റ്റ് 6,7 തീയതികളിൽ നടക്കുമെന്ന് കമ്പനി അറിയിച്ചു. ഇതാദ്യമായാണ് ആമസോൺ പ്രൈ ഡേ സെയിൽ ഓഗസ്റ്റിൽ നടക്കുന്നത്. ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് മഹാമാരിയാണ് ഇതിന് കാരണം. 2015ലാണ് ആമസോണിന്റെ 20-ാം വാർഷികത്തോട് അനുബന്ധിച്ചാണ് കമ്പനി പ്രൈം ഡേ സെയിൽ ആരംഭിച്ചത്.

ആമസോൺ പ്രൈം മെമ്പർമാർക്ക് ഉൽപ്പന്നങ്ങളിൽ വലിയ വിലക്കുറവ് പ്രൈം ഡേ സെയിലിൽ സ്വന്തമാക്കാൻ സാധിക്കും. സ്മാർട്ഫോൺ, ലാപ്‌ടോപ്, ഗെയിം കൺസോൾ, ക്യാമറ ഉൾപ്പടെയുള്ള ഡിജിറ്റൽ ഗാഡ്ജറ്റ്സ് വാങ്ങാവുന്നതാണ്. സാംസങ്, ഷവോമി, മൈക്രോസോഫ്റ്റ് ഉൾപ്പടെയുള്ള പ്രമുഖ കമ്പനികളുടെ വിവിധ ഉൽപ്പന്നങ്ങളാണ് വിൽപ്പനയ്ക്കെത്തുന്നത്.

കോവിഡിനെ തുടർന്ന് വൻ തിരിച്ചടിയാണ് ആമസോണിലെ ചെറുകിട കച്ചവടക്കാർക്ക് ഉണ്ടായത്. ഈ സാഹചര്യത്തിൽ വിൽപ്പനയ്ക്ക് ഉണർവേകാനും കച്ചവടക്കാരെ സഹായിക്കാനും ആമസോൺ പ്രൈം ഡോ സെയിലിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. സെയിലിൽ 300ലധികം പുതിയ ഉൽപ്പന്നങ്ങൾ കൂടി കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കരിഗർ, സഹേലി, ലോഞ്ച്പാട്, ലോക്കൽ ഷോപ്പ് തുടങ്ങിയവയുടെ ഭാഗമായ ഇന്ത്യൻ ബ്രാന്റുകളും പ്രാദേശിക കച്ചവടക്കാരും ഈ മേളയിൽ പങ്കെടുക്കും. പ്രൈം ഡേയ്ക്ക് മുൻപ് തന്നെ ഉപഭോക്താക്കൾക്ക് ആമസോണിലൂടെ കാഷ് ബാക്ക് ഉൾപ്പടെയുള്ള പല നേട്ടങ്ങളും ഷോപ്പിങിലൂടെ നേടാനാകുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയടക്കം 19 രാജ്യങ്ങളിലായി 150 ദശലക്ഷം ഉപഭോക്താക്കളാണ് ആമസോൺ പ്രൈം പ്രോഗ്രാമിന്റെ ഭാഗമായിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook