വാഷിങ്ടണ്‍: തിരക്കുകള്‍ക്കിടയില്‍ വൃത്തിയായി വീടു നോക്കുവാന്‍ പറ്റാത്തത് നിങ്ങളെ അലട്ടാറുണ്ടോ? ആനന്ദകരമാക്കേണ്ട അവധി നാളുകള്‍ പ്ലംബര്‍ക്കും ഇലക്ട്രീഷ്യനും പിന്നാലെ നടന്നു നഷ്ടപ്പെടുത്തേണ്ടി വരാറുണ്ടോ ? കൊറിയര്‍ വരുന്ന സാധനങ്ങള്‍ കൈപറ്റാന്‍ ആളില്ലാതെ ബുദ്ധിമുട്ടാറുണ്ടോ ? നിങ്ങൾ എവിടെയാണോ അവിടെ ഈ സേവനങ്ങളൊക്കെ എത്തുമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിക്കാത്തതായ ആളുകളുണ്ടോ ?

എങ്കില്‍ ഇതിനൊക്കെയുള്ള ഉത്തരവുമായി വരുകയാണ് ഇ കൊമേഴ്സ്‌ സൈറ്റായ ആമസോണ്‍. ആമസോണ്‍ പുതുതായി അവതരിപ്പിക്കുന്ന ആമസോണ്‍ കീ എന്ന സേവനമാണ് ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരം തുറക്കുന്നത്. ആമസോണ്‍ വഴി വാങ്ങുന്ന വസ്തുക്കളുടെ ഡെലിവറിക്കായി ഇനി നിങ്ങളുടെ സമയത്തിനായി കാത്തിരിക്കേണ്ടതില്ല എന്നാണു ആമസോണ്‍ പറയുന്നത്. നിങ്ങളുടെ വീടിനകം വരെയെത്തുന്ന ഡെലിവറി സംവിധാനമാണ് ആമസോണ്‍ ഒരുക്കുന്ന ആമസോണ്‍ കീ.

via GIPHY

ആമസോണ്‍ കീ സേവനം വഴി ആമസോണ്‍ ജീവനക്കാര്‍ നിങ്ങളുടെ വീട്ടിലേക്ക് അനുമതിയോടെ പ്രവേശിക്കുകയും വീടിനകത്ത് വരെ സാധനങ്ങള്‍ എത്തിക്കുകയും ചെയ്യും. ആമസോണിന്‍റെ സുരക്ഷാ ക്യാമറയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ സേവനം എന്നതിനാല്‍ ഇത് ആരെങ്കിലും ദുരുപയോഗപ്പെടുത്തുമെന്ന ഭയവും വേണ്ട.

ആമസോണ്‍ കീ ഇന്റര്‍നെറ്റ് വ്യവഹാരത്തെ എളുപ്പമാക്കും എന്നു പറയാന്‍ വേറെയും കാരണങ്ങളുണ്ട്. വിശ്വസ്തരായവര്‍ക്കൊക്കെ ആമസോണ്‍ കീയിലൂടെ താത്കാലിക പ്രവേശനാനുമതി നല്‍കുവാനും സാധിക്കും. ആമസോണ്‍ കീയിലൂടെ അനുമതി ലഭിച്ചവര്‍ക്ക് നിങ്ങളുടെ വീടുകളില്‍ കയറി ആവശ്യപ്പെട്ട സേവനങ്ങള്‍ ചെയ്യുവാനും സാധിക്കും. ഇത്തരത്തില്‍ നിങ്ങളുടെ പ്ലംബര്‍ക്കോ ഇലക്ട്രീഷ്യനോ മറ്റു സേവനദാതാക്കൾക്കോ എന്തിനും നിങ്ങളെ അനുമതിക്കായി കാത്തിരിക്കാതെ തന്നെ അവരുടെ ജോലികള്‍ ചെയ്തു തീര്‍ക്കാം. അവധി ദിനങ്ങള്‍ ഇനി അതിനായി മാറ്റി വയ്ക്കേണ്ടതില്ല.

അമേരിക്കയിലെ 37 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുക. വാതിലുകള്‍ക്കുള്ള ആമസോണ്‍ സെക്യൂരിറ്റി ലോക്ക്, ആമസോണ്‍ കീ, ആമസോണ്‍ ക്യാമറ എന്നീ മൂന്നു ആമസോണ്‍ സേവനങ്ങളാണ് ഇതിനായി നിങ്ങള്‍ സ്വന്തമാക്കേണ്ടത്.

ആമസോണ്‍ പുറത്തുവിട്ട കീയുടെ പരസ്യത്തിനു താഴെ ധാരാളം എതിര്‍പ്പുകളും കമന്റായി വന്നിട്ടുണ്ട്. സുരക്ഷയും സ്വകാര്യതയും പണയം വയ്ക്കുന്നതാണ് ഇതെന്ന വിമര്‍ശനവും ശക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ