ഓൺലൈൻ വിപണന രംഗത്തെ വമ്പന്മാരായ ആമസോണും ഫ്ലിപ്കാർട്ടും മറ്റൊരു ഫെസ്റ്റിവൽ സെയ്‌ലിന് തയ്യാറായി കഴിഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് രണ്ട് കമ്പനികളും സ്‌പെഷ്യൽ സെയ്ൽ നടത്തുന്നത്. വിവിധ ഉൽപ്പനങ്ങൾക്ക് വമ്പൻ വിലക്കുറവും സ്‌പെഷ്യൽ ഓഫറുകളും വാഗ്ദാനം ചെയ്യുന്നതാണ് സെയ്ൽ. പതിവ് പോലെ തന്നെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേകിച്ച് സ്മാർട്ഫോണുകൾക്ക് ഇത്തവണയും രണ്ട് കമ്പനികളും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.

എന്നാൽ ഈ ഓഫറുകളുടെ യാഥാർഥ്യം എത്രത്തോളമാണെന്ന് മനസിലാക്കി വേണം ഫോണുകൾ വാങ്ങുവാൻ എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അത്തരത്തിൽ ഒരു സാധനം വാങ്ങുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഡിസ്ക്കൗണ്ടുകൾ വാസ്തവമാണോയെന്ന് ഉറപ്പ് വരുത്തുക

സ്‌പെഷ്യൽ സെയ്‌ലുകളിൽ പലപ്പോഴും വമ്പൻ ഓഫറുകൾ കമ്പനികൾ സ്മാർട്ഫോണുകളിൽ നൽകാറുണ്ട്. വമ്പിച്ച വിലക്കുറവായിരിക്കും ഫോണുകൾക്ക് ലഭിക്കുന്നത്. എന്നാൽ ആ വിലക്കുറവ് യാഥാർഥ്യമാണോയെന്ന് വീണ്ടും പരിശോധിക്കണം. അതിന് നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന ഫോൺ ലോഞ്ച് ചെയ്തപ്പോഴുള്ള വാർത്തകൾ വായിച്ചാൽ മതിയാകും. അത്തരത്തിൽ വായിക്കുന്നതിലൂടെ ഫോണിന്റെ യഥാർത്ഥ വിലയും ഡിസ്ക്കൗണ്ട് വിലയും താരതമ്യം ചെയ്യാൻ സാധിക്കും. പല വെബ്‌സൈറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും വില പരിശോധിക്കാവുന്നതാണ്.

എക്സ്‌ചേഞ്ച് ഓഫറുകളുടെ വിശ്വാസ്യത

സ്‌പെഷ്യൽ സെയ്‌ലിന്റെ സമയത്ത് കമ്പനി അവതരിപ്പിക്കുന്ന എല്ലാ ഫോണുകൾക്കും എക്സ്‌ചേഞ്ച് ഓഫറുകൾ ഉണ്ടാകാറുണ്ട്. 13000 രൂപ വരെ എക്സ്‌ചേഞ്ച് വില ഉറപ്പ് തരുന്നതായിരിക്കും ഈ ഓഫറുകൾ. എന്നാൽ വാസ്തവം എന്തെന്നാൽ ഇത്രയും തുക തികച്ച് ഒരിക്കലും നിങ്ങൾക്ക് ലഭിക്കില്ല. ഫോണിന്റെ നിലവിലെ അവസ്ഥയനുസരിച്ചാണ് എക്സ്‌ചേഞ്ച് വാല്യു നിശ്ചയിക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ വലിയ തുകയൊന്നും എക്സ്‌ചേഞ്ചിൽ പ്രതീക്ഷിക്കരുത്. നിങ്ങൾ 10000 രൂപ മുടക്കി വാങ്ങിച്ച ഫോണിന് എക്സ്‌ചേഞ്ചിൽ ലഭിക്കുക കേവലം 500 രൂപ മാത്രമായിരിക്കും. ആപ്പിളിന്റെ ഐഫോണിന് മാത്രമാണ് പലപ്പോഴും 10000ന് മുകളിൽ എക്സ്‌ചേഞ്ച് വാല്യു ഉള്ളത്.

പ്രധാനമായും വാല്യു ചെക്ക് നടത്തുകയെന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ടത്. ഇതിനുള്ള അവസരം ആമസോണും ഫ്ലിപ്കാർട്ടും തന്നെ നിങ്ങൾക്ക് നൽകും. നിങ്ങൾ എക്സ്‌ചേഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ഫോണിന്റെ വിവരങ്ങൾ കൈമാറുമ്പോൾ അതിന് ലഭിക്കുന്ന തുക എത്രയാണെന്ന് അറിയാൻ സാധിക്കും.

ഫോണിന്റെ സ്‌പെസിഫിക്കേഷൻസ്

സ്മാർട്ഫോൺ വാങ്ങുമ്പോൾ അടിസ്ഥാനപരമായി പരിശോധിക്കേണ്ടത് ഫോണിന്റെ സ്‌പെസിക്കേഷൻസാണ്. ക്യാമറ, പ്രൊസസർ, ബാറ്ററി, മെമ്മറി ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് വേണം ഫോൺ തിരഞ്ഞെടുക്കുവാൻ.

മെമ്മറിയാണ് ഇതിൽ ഏറ്റവും പ്രധാനം. മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന വ്യക്തിയുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും അനുസരിച്ചാണ്. മെമ്മറി കുറഞ്ഞത് 32 ജിബി ഇന്റേണൽ സ്റ്റോറേജും 16 ജിബി റോമും ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook