വാഷിങ്ടൺ: ജീവനക്കാരിൽ 18000 ലധികം പേരെ പിരിച്ചുവിടുമെന്ന് ആമസോൺ. അനിശ്ചിത സമ്പദ്‌വ്യവസ്ഥ കണക്കിലെടുത്താണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു. ജനുവരി 18 മുതൽ എല്ലാവർക്കും അറിയിപ്പ് നൽകി തുടങ്ങും.
ആഗോളതലത്തിൽ കമ്പനിക്ക് താൽക്കാലിക ജീവനക്കാരെ കൂടാതെ 15.4 ലക്ഷം ജീവനക്കാരുണ്ട്. കോവിഡ് കാലത്ത് ഡെലിവറികൾക്കായുള്ള ഡിമാൻഡ് വർധിച്ചതോടെ കമ്പനി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കിയിരുന്നു. എന്നാൽ, ഇന്നത്തെ സമ്പദ് വ്യവസ്ഥയിലുണ്ടായ ഇടിവാണ് കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചതെന്നാണ് സൂചന.
ഡിസംബറിൽ കമ്പനി 20,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ പിരിച്ചുവിടുന്ന ജീവനക്കാർക്ക് പണവും, ആരോഗ്യ ഇന്‍ഷുറന്‍സ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉള്‍പ്പടെ കമ്പനി വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും ആൻഡി ജാസി വ്യക്തമാക്കി.