കൊറോണ വൈറസ് മൂലം ലോകത്ത് പല രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ഏറെ പ്രചാരം നേടിയതും വിമർശനങ്ങൾ ഏറ്റുവാങ്ങിയതും സൂം എന്ന് പറയുന്ന ആപ്ലിക്കേഷനായിരുന്നു. വീഡിയോ കോൺഫറൻസിങ്ങിന് ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ബന്ധപ്പെടാനും വർക്ക് ഫ്രം ഹോമിലുള്ളവർ തങ്ങളുടെ സഹപ്രവർത്തകരുമായി സംവദിക്കാനും സൂം ഉപയോഗിക്കാനും തുടങ്ങി. പത്ത് ദശലക്ഷം പ്രതിദിന ഉപയോക്താക്കളിൽ നിന്ന് 200 ദശലക്ഷം ഉപയോക്താക്കളെ കൂട്ടാൻ സൂമിന് സാധിച്ചു.

എന്നാൽ ഇടക്കാലത്ത് വച്ച് സൂമിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങി. ഗൂഗിൾ ഉൾപ്പടെയുള്ള ഡിജിറ്റൽ വമ്പന്മാരും വിവിധ സ്ഥാപനങ്ങളും സൂമിനെതിരെ രംഗത്ത് വന്നു. ഇന്ത്യൻ സർക്കാർ പോലും ഉദ്യോഗസ്ഥർ സൂം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. 100 മുതൽ 500 പേരെ വരെ ഒരേ സമയം കണക്ട് ചെയ്ത് സംവദിക്കാൻ സൂമിലൂടെ സാധിക്കും. എന്നാൽ സൂമിന്റെ അതേ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ചില ആപ്ലിക്കേഷനുകൾ കൂടി പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

ഗൂഗിൾ ഹാങ്ഔട്ട്സ്

ഗൂഗിളിന്റെ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമാണ് ഗൂഗിൾ ഹാങ്ഔട്ട്സ്. 2013 മേയിലാണ് ഗൂഗിൾ ഹാങ്ഔട്ട്സ് അവതരിപ്പിക്കുന്നത്. എച്ച്ഡി വീഡിയോ കോളിങ്ങിന് പുറമെ ഇൻസ്റ്റന്റ് മെസേജും ഗ്രൂപ്പ് ചാറ്റും ഹാങ്ഔട്ട്സിൽ ചെയ്യാം. സ്വന്തമായി ജി മെയിൽ ഉപയോഗിക്കുന്നവർക്കും ഗൂഗിളിന്റെ ജി സ്യൂട്ട് ഉപയോഗിക്കുന്ന കമ്പനികൾക്കും ഏറെ ഗുണകരമാകുന്നതാണ് ഈ ഹാങ്ഔട്ട്സ്.

സൗജന്യമായി ഉപയോഗിക്കാമെന്ന് മാത്രമല്ല ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദവുമാണ് ഹാങ്ഔട്ട്സ്. വീഡിയോ കോളിങ്ങിൽ തന്നെ സ്ക്രീൻ ഷെയർ ചെയ്യുന്നതിനും ഇതിൽ സാധിക്കും. ജി സ്യൂട്ട് ഉപയോഗിച്ച് 100 ആളുകളുമായി വരെ ഒരേ സമയം ഒത്തുചേരാനും ഗൂഗിൾ ഹാങ്ഔട്ട്സിൽ സാധിക്കും.

സിസ്കോ വെബ്എക്സ്

ബിസിനസ് മേഖലയിൽ സൂമിന്റെ പ്രധാന എതിരാളിയാണ് സിസ്കോ വെബ്എക്സ്. ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും ജോലികൾ ഏകോപിപ്പിക്കാനും സിസ്കോ വെബ്എക്സ് വീഡിയോ കോളിങ്ങിലൂടെ സാധിക്കും. തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും ഉപയോക്താക്കളുമായി സംസാരിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇന്രർനാഷണൽ വോയ്സ് കോളിങ്ങും ഇതിന്റെ പ്രത്യേകതയാണ്.

ഗോ ടൂ മീറ്റിങ്

ലോഗ് മീ ഇൻ എന്ന കമ്പനി നിർമ്മിച്ച് മാർക്കറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയറാണ് ഗോ ടൂ മീറ്റിങ്. ഓൺലൈൻ മീറ്റിങ്, ഡെസ്ക്‌ടോപ് ഷെയറിങ്, വീഡിയോ കോൺഫറൻസിങ് എന്നിങ്ങനെ വിവിധങ്ങളായ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സോഫ്റ്റ്‌വെയർ പാക്കേജാണിത്. ഗോ ടൂ മീറ്റിങ്ങിലൂടെ ഇന്രർനെറ്റ് സംവിധാനം ഉപയോഗിച്ച് ഒരേസമയം സംസാരിക്കാനും കാണാനും സാധിക്കും.

സ്ലാക്ക് ക്ലൗഡ് ബെയ്സ്ഡ്

ആയിട്ടുള്ള ഒരു ടൂളാണ് സ്ലാക്. ബിസിനസ് ഉപയോഗം തന്നെ മുൻനിർത്തിയാണ് സ്ലാക്കും രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം 15 ആളുകളുമായി വീഡിയോ കോളിങ്ങിലൂടെ സംസാരിക്കാൻ സ്ലാക്ക് ഉപയോഗിച്ച് സാധിക്കും.

സ്കൈപ്

വീഡിയോ കോളിങ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ഓടിവരിക സ്കൈപ് എന്നാകും. ഒരു കാലത്ത് വീഡിയോ കോളിങ്ങിന്റെ തന്നെ പര്യായമായി കണ്ടിരുന്ന സ്കൈപ്പിനെയായിരുന്നു. ഒരേ സമയം 50 ആളുകൾ വരെയായി സംവദിക്കാൻ സ്കൈപ്പിലൂടെ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook