വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ് സറാഹ മലയാളികളുടെ സ്വന്തം സാറാമ്മയായത്. എന്നാല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ടതും, പലരും ശ്രദ്ധിക്കാതെ പോയതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതുവരെ 7.2 മില്യണ്‍ ജനങ്ങളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ ഇന്‍ ചെയ്തിട്ടുള്ളത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ക്കും സ്വന്തം ഐഡന്റിറ്റി വെളിപ്പെടാതെ സന്ദേശങ്ങള്‍ അയയ്ക്കാമെന്നതാണ് ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. മെസേജിന് നേരിട്ട് റിപ്ലേ നല്‍കാന്‍ കഴിയില്ലെങ്കിലും മെസേജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാനും അവിടെ തന്നെ മറുപടി നല്‍കാനുമുള്ള സംവിധാനം ആപ്പിലുണ്ട്. ഉപയോക്താവിനെ ബ്ലോക്ക് ചെയ്യാനും ഫേവറൈറ്റ് ആയി മാര്‍ക്ക് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.
സ്‌നാപ്പ് ചാറ്റ് പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നതിന് സംവിധാനമുള്ള ആപ്പ് ജൂലൈ മാസത്തില്‍ ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളിലാണ് പുറത്തിറക്കിയത്. മൂന്ന് കോടിയിലധികം പേര്‍ ആപ്പ് ഉപയോഗിക്കുന്നതായി നേരത്തെ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാട്‌സആപ്പിന് പോലും വിലക്കുള്ള സൗദിയിലും ഈജിപ്തിലും സറാഹ ആപ്പിന് ആരാധകരേറെയുണ്ടാണ് റിപ്പോര്‍ട്ട്.
ജനനം
സൈന്‍ അലാബ്ദീന്‍ തൗഫീഖ് എന്ന സൗദി പൗരനാണ് സറാഹ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. അറബിയില്‍ സത്യസന്ധത എന്നാണ് സറാഹയുടെ അര്‍ത്ഥം.2017 ഫെബ്രുവരിയില്‍ വെബ് പതിപ്പായാണ് സറാഹ ആരംഭിച്ചത്. പിന്നീട് ജൂണിലാണ് സറാഹ മൊബൈല്‍ ആപ്പിലേയ്ക്ക് കൂടി വേഷപ്പകര്‍ച്ച നടത്തുന്നത്. ഈജിപ്തിലും ലെബനോനിലും ടുനീഷ്യയിലുമാണ് ഏറ്റവും കൂടുതല്‍ സറാഹാ ഉപയോക്താക്കള്‍ ഉള്ളത്.
സഹാറ എന്തിന് ?
പറയാന്‍ മടിക്കണ്ട, പേടിക്കണ്ട. ധൈര്യമായി പറഞ്ഞോളൂ. ഐഡന്റിറ്റി വെളിപ്പെടുത്താതെ ആരോടും മനസിലുള്ളത് തുറന്നു പറയാം എന്നതാണ് സറാഹയുടെ ഏറ്റവും വലിയ സൗകര്യം. സറാഹ വഴി സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ല. എന്നാല്‍ മെസ്സേജ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യാം. അജ്ഞാതരായി നിന്ന് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും മെസേജ് അയയ്ക്കുന്നതിനും കഴിയുന്ന സറാഹ ആപ്പില്‍ മെസേജുകളെല്ലാം വരുന്നത് ഒരൊറ്റ ഇന്‍ ബോക്‌സിലായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
മലയാളികളുടെ ഹരമായി
ഇന്ത്യയില്‍ ആപ്പ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് സറാഹ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞത്. മുഖവും പേരുമില്ലാതെ ആരോടും എന്തും വിളിച്ച് പറയുകയും പ്രകടിപ്പിക്കുകയും ചെയ്യാവുന്ന പ്ലാറ്റ്‌ഫോമെന്ന പ്രത്യേകത തന്നെയാണ് മലയാളികള്‍ക്ക് ആപ്പിന് പ്രചാരം നല്‍കിയത്.
സൈബര്‍ ബുള്ളിംഗിന് വഴിയൊരുക്കും
ഐഡന്റിറ്റി മറച്ചുവെച്ച് എന്തും ഏതും തുറന്നു പറയാന്‍ അവസരമൊരുക്കുന്ന ആപ്പ് സൈബര്‍ ബുള്ളിംഗിന് വേണ്ടി ഉപയോഗിച്ചേക്കാമെന്ന് ചില ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഉപയോഗിക്കുന്ന വ്യക്തികളില്‍ ഈ ആപ്പ് സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും വ്യക്തിബന്ധങ്ങളെ ഇതുവഴി വ്യക്തിബന്ധങ്ങള്‍ തകരാറിലായേക്കാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. പല അഭിപ്രായ പ്രകടനങ്ങളും ജോലിയിലെ പ്രകടനത്തെ ബാധിക്കുമെന്നും കൗമാരക്കാര്‍ സൈബര്‍ ബുള്ളിംഗിന് ഇരയാകാനുള്ള സാധ്യത ഉയരുമെന്നുള്ള നിരീക്ഷണങ്ങളും ആപ്പിനെക്കുറിച്ചുണ്ട്.
വേണ്ടെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം
സറാഹയില്‍ രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ഒരാള്‍ക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് ആപ്പില്‍ സൗകര്യമുണ്ട്. ആപ്പിന്റെ സെറ്റിംഗ്‌സില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാന്‍ മാത്രമേ സാധിക്കൂ, എന്നാല്‍ വെബ്‌സൈറ്റിലെ സെറ്റിംഗ്‌സില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. റിമൂവ് അക്കൗണ്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പഴ്‌സണല്‍ ഇന്‍ഫര്‍മേഷനും പാസ് വേര്‍ഡും നീക്കിയ ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഡിലീറ്റ് ചെയ്യുക തന്നെയാണോ ഉപയോക്താവിന്റെ ഉദ്ദേശ്യമെന്ന് ആപ്പ് ആവര്‍ത്തിച്ച് ചോദിച്ച് ഉറപ്പുവരുത്തും.
ഫേസ്ബുക്കില്‍ സറാഹ തരംഗം
സറാഹ രജിസ്റ്റര്‍ ചെയ്തവരെല്ലാം തങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഫേസ്ബുക്ക് വാളുകളില്‍ സറാഹാ സന്ദേശങ്ങള്‍ നിറഞ്ഞു. ആപ്പില്‍ നേരിട്ട് മറുപടി നല്‍കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഇവിടെയും ഇര ഫേസ്ബുക്കാണ്. ഫേസ്ബുക്ക് വഴിയാണ് മെസേജുകള്‍ക്ക് മിക്കവരും മറുപടി നല്‍കുന്നത്. ഫേസ്ബുക്ക് പ്രൊഫൈലിലുള്ളവര്‍ക്ക് ഇത് പരസ്യമായി കാണാനും സാധിക്കും.
വാട്‌സ് ആപ്പിനേയും പിന്നിലാക്കി സറാഹ?
മൊബൈല്‍ മെസേജിംഗ് ആപ്പുകളായ വാട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക് മെസ്സഞ്ചര്‍ തുടങ്ങിയവയ്ക്ക് സറാഹയുടെ വരവ് ഭീഷണിയായെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂലൈ മാസത്തെ കണക്ക് അനുസരിച്ച് പ്ലേ സ്റ്റോറില്‍ മറ്റെല്ലാ ആപ്പുകളെയും പിന്നിലാക്കി സറാഹ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.